പകര്‍ച്ചവ്യാധികളോട് പൊരുതാം ആഹാര ശീലത്തിലൂടെ

പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിനുളള പ്രധാന കാരണങ്ങളിലൊന്ന് സമീകൃത ആഹാരത്തിന്റെ കുറവാണ്

dot image

വീണ്ടും കൊവിഡും മറ്റ് പകര്‍ച്ചവ്യാധികളും ശക്തി പ്രാപിക്കുകയാണ്. കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ചെറിയ അസ്വസ്ഥതകളില്‍ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതരമായ ലക്ഷണങ്ങളില്‍ നമ്മളില്‍ പലരും വലഞ്ഞിട്ടുണ്ടാവും. രോഗബാധിതനായ ഒരാളുടെ ശരീരത്തില്‍ വൈറസിന്റെ പ്രഭാവം ദീര്‍ഘകാലത്തേക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. കൊവിഡിന്റെ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍കരുതലുകള്‍ നമ്മളില്‍ പലരും മറന്നുതുടങ്ങിയിരിക്കുന്നു.

കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും മറ്റ് പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരിലും ആഹാരക്രമം വളരെ പ്രധാനമാണ്. പ്രതിരോധ ശക്തി നല്‍കുന്ന ആഹാരം തിരഞ്ഞെടുക്കുന്നതിലൂടെ കൊവിഡിനോടും മറ്റ് അസുഖങ്ങളോടും ചെറുത്തുനില്‍ക്കാന്‍ നാം പ്രാപ്തരാകുന്നു. ഏത് പ്രായക്കാരിലും ആരോഗ്യക്രമം വളരെ പ്രധാനപ്പെട്ടതാണ്. മണവും രുചിയും വിശപ്പും ഇല്ലാതാക്കുന്ന അവസ്ഥ എല്ലാ കൊവിഡ് ബാധിതരിലും കാണുന്നതാണ്.

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആരോഗ്യക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍

പ്രോട്ടീനുകളും മാംസ്യവും അടങ്ങിയ ഭക്ഷണം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പേശികളും കലകളും നിര്‍മ്മിക്കുന്നതിനും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പ്രോട്ടീനുകള്‍ നമ്മളെ സഹായിക്കുന്നു. കൊവിഡും മറ്റ് പനികളും മറ്റും ഉണ്ടാകുന്ന സമയത്തും അതിന് ശേഷവും ശരീര കോശങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങള്‍ അകറ്റാന്‍ മാംസ്യം ആവശ്യമാണ്. മാംസ്യം , മുട്ടയുടെ വെള്ള, കോഴി ഇറച്ചി, പയര്‍, പരിപ്പ് വര്‍ഗ്ഗങ്ങള്‍, പാലും പാല്‍ ഉല്‍പ്പന്നങ്ങളും സോയ എന്നിവയെല്ലാം മാംസ്യ സ്രോതസുകളാണ്. കൊവിഡ് മുക്തരായ ശേഷവും ഭക്ഷണത്തില്‍ പ്രോട്ടീന്‍ സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ഉദര ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും വളരെ പ്രയോജനം ചെയ്യും.

കാലറി നല്‍കുന്ന ഊര്‍ജ്ജം

പനി വന്നവരും കൊവിഡ് വന്നവരും ശരീരത്തിലെ കാലറി ശ്രദ്ധിക്കേണ്ടവരാണ്. അവര്‍ ഭക്ഷണത്തിലെ ഊര്‍ജ്ജം കുറയാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും തലച്ചോറിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുക. നിശ്ചിത കലോറി ലഭിക്കുന്നതിന് ആരോഗ്യത്തിന് അനുയോജ്യമായ ആഹാരങ്ങള്‍ ഉള്‍പ്പെടുത്താം. ഗോതമ്പ്, ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ തവിട് നീക്കം ചെയ്യാത്ത അരി, മറ്റ് ധാന്യങ്ങള്‍, നട്ട്‌സ്, ധാന്യ വര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ നിശ്ചിത അളവില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. കഴിവതും ചെറിയ അളവില്‍ പല തവണകളായുളള ആരോഗ്യക്രമം ശീലമാക്കാം.

ജീവകങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ക്കൊപ്പം വൈറ്റമിനുകള്‍ കൊവിഡിനോട് ചെറുത്തുനില്‍ക്കാന്‍ വളരെ അത്യാവശ്യമാണ്. അവയില്‍ ഏറ്റവും പ്രധാനമാണ് വൈറ്റമിന്‍ സി. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയുമാണ് വൈറ്റമിന്‍ സി. ദിവസവും ഇവ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ സി ലഭിക്കുകയുളളൂ. കാരണം മറ്റ് പോഷകങ്ങളെപോലെ ഇവ ശരീരത്തില്‍ സംഭരിച്ച് വയ്ക്കാന്‍ സാധിക്കില്ല.

ഓറഞ്ച് , മാങ്ങ, പൈനാപ്പിള്‍,പേരയ്ക്ക, കിവി, നെല്ലിക്ക, നാരങ്ങ, പപ്പായ എന്നിവയിലെല്ലാം ജീവകം സി യാല്‍ സമ്പന്നമാണ്. മറ്റൊന്ന് വൈറ്റമിന്‍ ഡി ആണ്. നമ്മുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍ ജീവകം-ഡി അത്യാവശ്യമാണ്. ഇവയുടെ കുറവ് രോഗബാധക്കുള്ള അവസരം കൂട്ടുന്നു.

മീന്‍ പ്രത്യേകിച്ച് മത്തി, അയല,പാല്‍, ഓറഞ്ച് , ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വൈറ്റമിന്‍ ഡി ലഭിക്കും. വൈറ്റമിന്‍ ഡി കുറവുളളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സപ്ലിമെന്റുകള്‍ ഉപയോഗിക്കാം. മറ്റൊരു പ്രധാന ഘടകമാണ് വെളളം. ദിവസേനെ രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വെള്ളം വരെ കുടിക്കേണ്ടതും വളരെ അത്യാവശ്യമാണ്. മാത്രമല്ല ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും കൃത്യമായ സമയക്രമം പാലിക്കുകയും വേണം.

Content Highlights :One of the main reasons for the spread of infectious diseases is the lack of a balanced diet

dot image
To advertise here,contact us
dot image