സൗദി ടൂറിസ്റ്റ് ഇ-വിസ പട്ടികയിൽ നാല് രാജ്യങ്ങൾ കൂടി; അർഹതയുള്ള ആകെ രാജ്യങ്ങൾ 72 ആയി

ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാം

സൗദി ടൂറിസ്റ്റ് ഇ-വിസ പട്ടികയിൽ നാല് രാജ്യങ്ങൾ കൂടി; അർഹതയുള്ള ആകെ രാജ്യങ്ങൾ 72 ആയി
dot image

സൗദി അറേബ്യയുടെ ടൂറിസ്റ്റ് ഇ-വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാല് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി. ഇതോടെ ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം 72 ആയി. മെക്സിക്കോ, ബോസ്നിയ ആൻഡ് ഹെർസഗോവിന, സെർബിയ, നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് പുതിയതായി വിസാ സൗകര്യം അനുവദിച്ചത്. ഇവർക്ക് ഓൺലൈനായോ സൗദിയിലെ പ്രവേശന കവാടങ്ങളിൽ എത്തിയ ശേഷമോ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.

ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയാണ് അനുവദിക്കുന്നത്. ഇതുപയോഗിച്ച് ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാം. വിനോദസഞ്ചാരികൾക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനും ഉംറ നിർവഹിക്കാനും പ്രദർശനങ്ങൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കാനും ബന്ധുക്കളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ഈ വിസ പ്രയോജനപ്പെടുത്താം. വിസയിൽ അനുവദിച്ചിട്ടുള്ള താമസകാലാവധി കൃത്യമായി പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Iconic image
പ്രതീകാത്മക ചിത്രം

കാലാവധി ലംഘിച്ചാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. വിസയുടെ കാലാവധി അവസാനിക്കുന്നതുവരെ പുതുക്കലിന് അപേക്ഷിക്കാനും കഴിയില്ല. ഒന്നിലധികം തവണ പ്രവേശിക്കാവുന്ന വിസയാണെങ്കിലും ഓരോ സന്ദർശനത്തിലും താമസിക്കുന്ന ദിവസങ്ങൾ ആകെ അനുവദിച്ച കാലാവധിയിൽനിന്ന് കുറയും. ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ശമ്പളത്തോടെയുള്ള ജോലികളിൽ ഏർപ്പെടാൻ അനുമതിയില്ല. ഹജ്ജ് സീസണിലും ഈ വിസ ഉപയോഗിച്ച് ഉംറ നിർവഹിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബഹാമാസ്, ബാർബഡോസ്, കാനഡ, ഗ്രനേഡ, പനാമ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, അമേരിക്ക, മെക്സിക്കോ, ഗയാന,അൽബേനിയ, അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, നെതർലൻഡ്സ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ഇറ്റലി, കൊസോവോ, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, മോണ്ടെനെഗ്രോ, നോർവേ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, റഷ്യ, സാൻ മറിനോ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം, ബോസ്നിയ ആൻഡ് ഹെർസഗോവിന, സെർബിയ, നോർത്ത് മാസിഡോണിയ, അസർബൈജാൻ, ബ്രൂണൈ, ചൈന (ഹോങ്കോങ്, മക്കാവു ഉൾപ്പെടെ), ജപ്പാൻ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, താജിക്കിസ്ഥാൻ, തായ്‌ലൻഡ്, തുർക്കി, ഉസ്ബെക്കിസ്ഥാൻ, മൗറീഷ്യസ്, സീഷെൽസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് സൗദി ടൂറിസ്റ്റ് ഇ-വിസയ്ക്ക് അർഹതയുള്ള 72 രാജ്യങ്ങൾ.

Also Read:

ഇതിനിടെ വിനോദസഞ്ചാരികൾക്ക് യാത്രാ ആസൂത്രണം എളുപ്പമാക്കുന്നതിനായി പുതിയ ടൂറിസ്റ്റ് വിസാ പാക്കേജും സൗദി നേരത്തെ ആരംഭിച്ചിരുന്നു. വിമാന ടിക്കറ്റ്, അംഗീകൃത ടൂറിസ്റ്റ് താമസസൗകര്യം, ഇലക്ട്രോണിക് വിസ നടപടികൾ എന്നിവ ഒരുമിച്ച് ഉൾപ്പെടുത്തിയ പാക്കേജുകൾ ഇതിലൂടെ ബുക്ക് ചെയ്യാം. യാത്രാനുഭവങ്ങൾ, വിനോദ പരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയും അധികമായി ഉൾപ്പെടുത്താനുള്ള സൗകര്യമുണ്ട്. അതേസമയം 365 ദിവസത്തെ കാലാവധിയിൽ ഒന്നിലധികം തവണ സൗദിയിലെത്തി ഉംറ നിർവഹിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി ഉംറ വിസയും ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഓരോ തവണയും രാജ്യം വിട്ടുപോകുമ്പോൾ വിസ താൽക്കാലികമായി പ്രവർത്തനരഹിതമാകും. തുടർന്നുള്ള സന്ദർശനത്തിനായി ആവശ്യമായ നിബന്ധനകൾ പാലിക്കുമ്പോൾ വീണ്ടും സജീവമാക്കും. എന്നാൽ ഹജ്ജ് സീസണിൽ ദുൽ ഖിദാ (Dhul Qidah) ഒന്ന് മുതൽ ദുൽഹിജ്ജ (Dhul Hijjah) 13 വരെ ഈ വിസയിൽ സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ല.

Content Highlights: Saudi Arabia has added four more countries to its tourist e-visa programme, increasing the number of eligible countries to 72.

dot image
To advertise here,contact us
dot image