

ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളോടെ വർണാഭമായി സംഘടിപ്പിച്ചു. സെഗയ്യയിലെ ബിഎംസി ഹാളിൽ നടന്ന ആഘോഷപരിപാടികൾ കോന്നി എംഎൽഎ. അഡ്വ. കെയു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അണിനിരന്ന സംഗീതശിൽപം, ഫ്യൂഷൻ ഡാൻസ്, മൈക്രോ ഡ്രാമ, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോങ് തുടങ്ങിയ കലാവിഷ്കാരങ്ങൾ സദസ്സിന്റെ വലിയ കൈയടി നേടി.
മലയാള ഭാഷയുടെ പ്രചാരണത്തിനും പരിപോഷണത്തിനും ബഹ്റൈൻ പ്രവാസലോകത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സംഘടനയാണ് ബഹ്റൈൻ പ്രതിഭയെന്ന് അഡ്വ. കെയു ജനീഷ് കുമാർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാതൃഭാഷയെയും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിൽ മലയാളം പാഠശാല നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞ് അഭിനന്ദിച്ചു.
മലയാളം പാഠശാല പ്രിൻസിപ്പൽ സുരേന്ദ്രൻ വികെ സദസ്സിന് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാഠശാല കൺവീനർ ജയേഷ് വി.കെ. സ്വാഗതവും സംഘാടക സമിതി ചെയർപേഴ്സൺ ഷീജ വീരമണി അധ്യക്ഷതയും വഹിച്ചു. ബഹ്റൈൻ പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വികെ, വൈസ് പ്രസിഡന്റ് ജയകുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ വിജിന ജയൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രവാസികളെ ചടങ്ങിൽ ആദരിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ നേടിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയും മലയാളം പാഠശാല പഠിതാവുമായ ദക്ഷ ശ്രീഷ വിജേഷ്, കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026-ലെ ഓടപ്പഴം പുരസ്കാരം നേടിയ നാടൻപാട്ട് കലാകാരനും പ്രതിഭ മനാമ സൂഖ് യൂണിറ്റ് സെക്രട്ടറിയുമായ ലിനീഷ് കാനായി, കേരള ഫോക്ലോർ അക്കാദമിയുടെ 2024-ലെ യുവപ്രതിഭ പുരസ്കാരം നേടിയ പ്രതിഭ വനിതാവേദി പ്രസിഡന്റ് ദീപ്തി ആർ അറ്റാച്ചേരി എന്നിവരെ അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ അനുമോദിച്ചു. മലയാളഭാഷയോടും കേരളീയ സംസ്കാരത്തോടുമുള്ള സ്നേഹവും ഐക്യവും പങ്കുവെച്ച് വൻ ജനാവലി പങ്കെടുത്ത ആഘോഷം മികച്ച സാംസ്കാരിക സംഗമമായി മാറി.
Content Highlights: Bahrain Prathibha celebrates Kerala Piravi with vibrant cultural performances, highlighting Kerala’s language, heritage and traditions among expatriates.