ഇസ്രയേലിൽ സ്പീക്കറെ മാറ്റാൻ ഗാഡി ഐസന്‍കോട്ടിന്റെ നീക്കം; പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

സ്പീക്കറെ മാറ്റാനുള്ള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് യുണൈറ്റഡ് തോറ ജൂഡായിസം വ്യക്തമാക്കി

ഇസ്രയേലിൽ സ്പീക്കറെ മാറ്റാൻ ഗാഡി ഐസന്‍കോട്ടിന്റെ നീക്കം; പാർലമെന്റ് അംഗങ്ങളുടെ  സത്യപ്രതിജ്ഞ നാളെ
dot image

ടെല്‍ അവീവ്: ഇസ്രയേലില്‍ നെസറ്റ് സ്പീക്കര്‍ അമീര്‍ ഒഹാനയെ മാറ്റാനുള്ള നീക്കവുമായി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷര്‍ പാര്‍ട്ടി. 26-ാം നെസറ്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ സ്പീക്കറെ മാറ്റാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തിന് യാഷര്‍ പാര്‍ട്ടി പിന്തുണ തേടി. ഐസന്‍കോട്ടിന്റെ യാഷര്‍ പാര്‍ട്ടി അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളായ ഷാസിന്റെയും യുണൈറ്റഡ് തോറ ജൂഡായിസത്തിന്റെയും പിന്തുണയാണ് തേടിയത്. ഇസ്രയേലില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെയാണ് നീക്കം.

എന്നാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് സ്പീക്കറെ മാറ്റാനുള്ള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് യുണൈറ്റഡ് തോറ ജൂഡായിസം വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനൊപ്പം സ്പീക്കറെയും മാറ്റണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് മുമ്പ് സ്പീക്കറെ മാറ്റുന്നത് അനുചിതമായ സാഹചര്യം സൃഷ്ടിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

നെസറ്റ് സ്പീക്കറെ മാറ്റുന്നതിന് കുറഞ്ഞത് 61 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്നുള്ള അംഗമാണ് നിലവിലെ സ്പീക്കര്‍ അമീര്‍ ഒഹാന. ഒഹാനയെ മാറ്റാനായാല്‍ വോട്ടെടുപ്പ്, നിയമനിര്‍മാണം, പാര്‍ലമെന്ററി സമിതികളിലെ നിയമനം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന് കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമായ പിന്തുണയോടെ ഔദ്യോഗിക അപേക്ഷ ലഭിച്ചാല്‍ സ്പീക്കറെ മാറ്റുന്നതിനുള്ള വോട്ടെടുപ്പ് അടുത്ത ആഴ്ച നടത്താമെന്നാണ് ഒഹാന അറിയിച്ചിരിക്കുന്നത്.

gadi eisenkot
ഗാദി ഐസന്‍കോട്ട്

യാഷര്‍ പാര്‍ലമെന്ററി വിഭാഗം മേധാവി റോയ് ഫോക്മാന്‍, ഹരേദി പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പിന്തുണ തേടി കത്തയച്ചിട്ടുണ്ട്. സ്പീക്കറെ മാറ്റുന്നതിനുള്ള ഔദ്യോഗിക അപേക്ഷ സമര്‍പ്പിക്കാനുള്ള ഒപ്പുശേഖരണവും ആരംഭിച്ചതായി യാഷര്‍ പാര്‍ട്ടി അറിയിച്ചു.

Content Highlights: Israel's opposition Yashar party seeks support from ultra-Orthodox parties to replace Knesset Speaker Amir Ohana, but United Torah Judaism refuses to back the move before a new government is formed

dot image
To advertise here,contact us
dot image