

ന്യൂഡൽഹി: ആഗോള വിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ നിന്ന് 24 ശതമാനത്തോളം ഇടിഞ്ഞപ്പോൾ ഇന്ത്യയില്‍ കുറഞ്ഞത് 20 ശതമാനം മാത്രം. ആഗോളതലത്തിൽ ഉണ്ടായ വലിയ തകർച്ചയുടെ പൂർണ്ണമായ ആശ്വാസം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ലഭിക്കാത്തതിന് പിന്നിൽ ഇറക്കുമതി തീരുവ വർധനയും രൂപയുടെ മൂല്യത്തകർച്ചയുമാണെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ജനുവരി 29-ന് ഔൺസിന് 5,379 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലെത്തിയ ആഗോള സ്പോട്ട് സ്വർണവില നവംബർ ആദ്യവാരത്തോടെ 4,068.71 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഏകദേശം 24 ശതമാനത്തിന്റെ കുറവാണ് ആഗോളതലത്തിൽ ഉണ്ടായത്. എന്നാൽ ഡൽഹി വിപണിയിൽ ജനുവരി 29-ന് 10 ഗ്രാമിന് 1,83,000 രൂപയായിരുന്ന 99.9% പരിശുദ്ധിയുള്ള സ്വർണത്തിന് ധൻതേരസ് ദിനത്തിൽ 1,46,300 രൂപയായിരുന്നു വില. അതായത്, ഇന്ത്യയിലെ വിലയിടിവ് 20 ശതമാനത്തിൽ മാത്രമായി ചുരുങ്ങി.
ഇറക്കുമതി തീരുവയിലെ വർധന
ജനുവരിയിൽ സ്വർണം റെക്കോർഡ് നിരക്കിലെത്തിയപ്പോൾ ഇന്ത്യയിലെ ഇറക്കുമതി തീരുവ 6 ശതമാനമായിരുന്നു. എന്നാൽ ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ സമ്മർദ്ദവും കുറയ്ക്കുന്നതിനായി മെയ് 13-ന് കേന്ദ്ര സർക്കാർ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും സെസ്സും ഉൾപ്പെടെ ഫലപ്രദമായ തീരുവ 15 ശതമാനമായി ഉയർത്തി. തീരുവയിലെ ഈ 8.5% വർധനവ് ആഗോളതലത്തിലെ വിലയിടിവിന്റെ വലിയൊരു പങ്കും ആഭ്യന്തര വിപണിയിൽ ഇല്ലാതാക്കി.
രൂപയുടെ മൂല്യത്തകർച്ച
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഡോളറിലാണ് വ്യാപാരം നടക്കുന്നത് എന്നതിനാൽ രൂപയുടെ മൂല്യത്തകർച്ച ആഭ്യന്തര വിലയെ സ്വാധീനിക്കുന്നു. ജനുവരി അവസാനം ഡോളറിനെതിരെ 92 എന്ന നിലവാരത്തിലായിരുന്ന രൂപ, നവംബറോടെ 93.90 നിലവാരത്തിലേക്ക് താഴ്ന്നു (ഏകദേശം 2% ഇടിവ്). രൂപ ദുർബലമായത് പ്രാദേശിക വില കൂടുതൽ താഴാതെ പിടിച്ചുനിർത്താൻ കാരണമായി.
ജനുവരിയിലെ വിപണി
തീരുവ വർധനവും രൂപയുടെ ഇടിവും മാത്രം കണക്കിലെടുത്താൽ ഇന്ത്യയിൽ സ്വർണവില 16% മാത്രമേ താഴേണ്ടിയിരുന്നുള്ളൂ. എന്നാൽ വില 20% കുറയാൻ കാരണം ജനുവരിയിൽ വ്യാപാരികൾ ഈടാക്കിയിരുന്ന അധിക പ്രീമിയം പിൻവലിച്ചതാണ്. കേന്ദ്ര ബജറ്റിൽ നികുതി കൂടുമെന്ന പ്രതീക്ഷയിൽ ജനുവരിയിൽ ഔൺസിന് 112 ഡോളർ വരെ വ്യാപാരികൾ പ്രീമിയം ഈടാക്കിയിരുന്നു. എന്നാൽ ബജറ്റിൽ മാറ്റമില്ലാതിരുന്നതും പിന്നീട് മെയ് മാസത്തിൽ തീരുവ കൂട്ടിയപ്പോൾ വിപണി സാധാരണ നിലയിലായതും ആഭ്യന്തര വിലയിലെ ഈ അധിക ഭാരം നീക്കാൻ സഹായിച്ചു
ആഭ്യന്തര ആവശ്യകത
ഇറക്കുമതി തീരുവ ഉയർന്നത് ഇന്ത്യയിലെ സ്വർണ ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. ഈ വർഷം ഇന്ത്യയിലെ സ്വർണ ആവശ്യകത 650 ടണ്ണായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഇത് 2020-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. വിലയില്‍ ഇടിവ് വന്നിട്ടും കഴിഞ്ഞ വർഷത്തെ ധൻതേരസ് വിലയേക്കാൾ (10 ഗ്രാമിന് 1,32,400 രൂപ) 10 ശതമാനം ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഡൽഹിയിൽ സ്വർണവില നിൽക്കുന്നത്. അതിനാൽ ഉത്സവ സീസണിൽ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കച്ചവടം ഉയർന്നാലും അളവിൽ കാര്യമായ വർധനയുണ്ടാകില്ലെന്ന് ജ്വല്ലറി വ്യാപാരികൾ വ്യക്തമാക്കുന്നു.
വെള്ളി വിപണിയിലും സമാനമായ പ്രവണതയാണ് ദൃശ്യമാകുന്നത്. ആഗോളതലത്തിൽ വെള്ളി വിലയിൽ 57 ശതമാനത്തോളം ഇടിവുണ്ടായപ്പോൾ, ഡൽഹിയിൽ കിലോഗ്രാമിന് 4,04,500 രൂപയിൽ നിന്ന് 1,92,500 രൂപയായി (52% ഇടിവ്) മാത്രമാണ് കുറഞ്ഞത്. വെള്ളിയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതും ബാറുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് ഇതിന് പ്രധാന കാരണമായത്.
Content Highlights: Global gold prices have fallen around 24% from their January 2026 peak, while domestic prices in Delhi have declined approximately 20%. The smaller correction in India is attributed to higher gold import duties, a weaker rupee and unusually high domestic premiums in January. These factors have cushioned the impact of falling international prices on Indian buyers