Top

'പൊട്ടിക്കല്‍' ഹെറോയിന്‍ കടത്തല്‍; കേരളത്തിലെത്തിയത് അന്താരാഷ്ട ലോബിയെ വെട്ടിച്ച്, പ്രതികള്‍ പിടിയില്‍

സിംബാബ്‌വേയില്‍ നിന്ന് മുംബൈയിലേക്ക് കടത്തിയ ഹെറോയിന്‍ മലയാളി സംഘം നെയ്യാറ്റിന്‍ കരയില്‍ ഒളിപ്പിക്കുകയായിരുന്നു

7 Oct 2022 6:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊട്ടിക്കല്‍ ഹെറോയിന്‍ കടത്തല്‍; കേരളത്തിലെത്തിയത് അന്താരാഷ്ട ലോബിയെ വെട്ടിച്ച്, പ്രതികള്‍ പിടിയില്‍
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിന്ന് പിടിച്ചെടുത്ത പൊട്ടിക്കല്‍ ഹെറോയിന്‍ പ്രധാന കണ്ണികളില്‍ നിന്ന് വെട്ടിച്ച് കടത്തിയതെന്ന് ഡിആര്‍ഐ. സിംബാബ്‌വേയില്‍ നിന്ന് മുംബൈയിലേക്ക് കടത്തിയ ഹെറോയിന്‍ മലയാളി സംഘം നെയ്യാറ്റിന്‍ കരയില്‍ ഒളിപ്പിക്കുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ 150 കോടി വിലവരുന്ന ഹെറോയിന്‍ കഴിഞ്ഞ മാസം 20നാണ് നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടിലുള്ള ലോഡ്ജില്‍ നിന്ന് പിടികൂടിയത്. 22 കിലോ ഹെറോയിനാണ് ഡിആര്‍ഐ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, രമേശ്, ബിനുക്കുട്ടന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി ഷാജി നടരാജന്‍ ഒളിവിലാണ്.

സിംബാബ്‌വേയില്‍ നിന്ന് വിമാന മാര്‍ഗമാണ് ഹെറോയിന്‍ മുംബൈയിലെത്തിച്ചത്. അവിടെ നിന്ന് പ്രധാന കണ്ണികള്‍ക്കു കൈമാറാതെ നെയ്യാറ്റിന്‍ കരയില്‍ എത്തിക്കുകയായിരുന്നു. മറ്റു മയക്കു മരുന്നു സംഘങ്ങള്‍ക്ക് ഹെറോയിന്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച വിവരം ഡിആര്‍ഐക്ക് ലഭിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രമേശിനെയും സന്തോഷിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ഹെറോയിന്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തിയത്.

അന്തരാഷ്ട്ര മയക്കുമരുന്ന് കണ്ണികളുടെ ഭാഗമായിട്ടാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യിലില്‍ വ്യക്തമായി. മുംബൈയില്‍ അടുത്തിടെ നടന്ന വലിയ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി പിടിയിലായ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനകളും ഡിആര്‍ഐക്ക് ലഭിച്ചിരുന്നു. കൂടാതെ അന്തരാഷ്ട്ര മയക്കുമരുന്ന് ലോബിയെ വെട്ടിച്ചുകൊണ്ടാണ് പ്രതികള്‍ ഹെറോയിന്‍ നെയ്യാറ്റിന്‍ കരയില്‍ എത്തിച്ചത്. നേരത്തെ രണ്ടു തവണയും അന്തരാഷ്ട്ര മയക്കുമരുന്ന് ലോബിക്ക് വേണ്ടി ഹെറോയിന്‍ ഇന്ത്യയിലേക്ക് കടത്തിയിരുന്നു. ഇതിന് ലക്ഷങ്ങള്‍ പ്രതിഫലവും ലഭിച്ചു. ഇത്തരത്തില്‍ മൂന്നാം തവണ കടത്തിയപ്പോഴാണ് സംഘം ഹെറോയിന്‍ വെട്ടിച്ച് കടത്തിയത്.

STORY HIGHLIGHTS: Neyyattinkara heroin seized

Next Story