മെഡിക്കല്‍ കോളേജില്‍ തൈറോയ്ഡ് ചികിത്സയ്ക്ക് പോയ രോഗിയെക്കൊണ്ട് സര്‍ജറി ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്ന് പരാതി

ഏതെങ്കിലും ഉപകരണങ്ങള്‍ കിട്ടിയില്ലെങ്കില്‍ സര്‍ജറി നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും യുവതി ആരോപിക്കുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ തന്നെ സര്‍ജറിക്കുളള ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുവെന്ന് പരാതി. തൈറോയ്ഡുമായി ബന്ധപ്പെട്ട സര്‍ജറിക്കു പോയ യുവതിയെക്കൊണ്ട് ഉപകരണങ്ങള്‍ വാങ്ങിപ്പിച്ചുവെന്നാണ് പരാതി. സ്‌കിന്‍ സ്റ്റേപ്ലര്‍ ഉള്‍പ്പെടെ ഏഴോളം ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗിയോട് പറയുകയായിരുന്നു. ഏതെങ്കിലും ഉപകരണങ്ങള്‍ കിട്ടിയില്ലെങ്കില്‍ സര്‍ജറി നടക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും യുവതി ആരോപിക്കുന്നു.

ആശുപത്രിയില്‍ മതിയായ ഉപകരണങ്ങളില്ലെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നുവെന്ന ആരോപണവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. മെയ് 29-ാം തിയതിയാണ് യുവതി തൈറോയ്ഡുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോകുന്നത്. സര്‍ജറി ആവശ്യമാണെന്ന് കാണിച്ച് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ സര്‍ജറി ഡേറ്റടക്കം തീരുമാനിച്ചതിനു ശേഷമാണ് ഉപകരണങ്ങള്‍ വാങ്ങണമെന്ന് രോഗിയോട് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു ഉപകരണം വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ജറി നിശ്ചയിച്ച ദിവസം നടത്താന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ നിന്ന് അറിയിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കൽ  മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറക്കൽ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: patient went for thyroid treatment at the Medical College was forced to purchase surgical equipment

dot image
To advertise here,contact us
dot image