
ഡല്‍ഹി വിമാനത്താവളത്തില്‍ അടുത്തിടെ ഒരു സംഘം ദേശസ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി മുദ്രാവാക്യം വിളിച്ചതിനെതിരെ പോസ്റ്റുമായി യുവതി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് യാത്ര ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യുവതിയാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തിക്കെതിരെ പോസ്റ്റിട്ടിരിക്കുന്നത്. ദേശ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും അത് റീലാക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ചില ഇന്ത്യക്കാരുടെ പ്രവര്‍ത്തി നിരാശജനകമാണെന്നാണ് യുവതി പോസ്റ്റില്‍ പറയുന്നത്.
ഇത്തരത്തില്‍ ദേശസ്‌നേഹം പ്രകടിപ്പിക്കണമെങ്കില്‍ അതിന് തെരഞ്ഞെടുക്കേണ്ടത് എയര്‍പോര്‍ട്ട് പോലുള്ള പൊതു ഇടങ്ങളല്ലെന്നും ഇത്തരത്തില്‍
ഇത്രയും ദേശസ്‌നേഹം ഉള്ളവര്‍ എന്തിന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നുമാണ് യുവതി പോസ്റ്റില്‍ ചോദിക്കുന്നത്. റീലുകള്‍ നിര്‍മിക്കണമെങ്കില്‍ മറ്റുള്ളവരെ ശല്യപ്പെടുത്താതെ ആയിക്കൂടെ എന്നും യുവതി പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് യുവതിയെ പിന്തുണച്ചും മുദ്രാവാക്യം വിളിച്ചവരെ വിമര്‍ശിച്ചും രംഗത്തെത്തിയത്. ഇന്ത്യ വിടുന്നതിന് തൊട്ടുമുമ്പ് 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്നതിലെ വിരോധാഭാസം മനസിലാകുന്നില്ലെന്ന് ഒരു യാത്രക്കാരന്‍ അഭിപ്രായപ്പെട്ടു. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനമുണ്ടെങ്കില്‍, ചുറ്റുമുള്ള മറ്റുള്ളവരെയും ബഹുമാനിക്കണമെന്ന് ചിലര്‍ പോസ്റ്റിന് താഴെ കമന്റിട്ടു. ഇതൊക്കെ വീഡിയോ എടുക്കാന്‍ വേണ്ടിയാണെന്നും ഇത്തരത്തിലുള്ളവര്‍ സ്വന്തം രാജ്യത്തെ പൊതുമുതലുകള്‍ നശിപ്പിക്കാന്‍ മുന്‍പന്തിയിലാണെന്നും പോസ്റ്റിന് താഴെ മറ്റൊരാള്‍ കമന്‍റ് ചെയ്തു.
Content Highlights: woman at delhi airport slams passengers for noisy reels