
രാജ്യത്തെ ഏറ്റവും വലിയ ഗതാഗത മാർഗം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ നമുക്കൂള്ളൂ, ഇന്ത്യൻ റെയിൽവേ. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 13,000 ത്തിലധികം പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തുന്ന, ഏറ്റവും കൂടുതൽ ആളുകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സംവിധാനവും ഇന്ത്യയുടേത് തന്നെ.
അതേസമയം വസ്തുതകൾ ഇതൊക്കെയാണെങ്കിലും പലവിധ പ്രശ്നങ്ങളാണ് ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്നത്. ടിക്കറ്റ് ബുക്കിങ് മുതൽ ഭക്ഷണതിന് വരെ പല ആപ്പുകൾ ആശ്രയിക്കേണ്ടി വരുന്നതും അതിലൊന്നാണ്. ഇപ്പോഴിതാ യാത്രക്കാരുടെ ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്.
വിവിധ പ്ലാറ്റ്‌ഫോമുകളിലായി ലഭിച്ചിരുന്ന സേവനങ്ങളെല്ലാം ഇതോടെ യാത്രക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിൻ ഉപയോഗിച്ച് തന്നെ ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ഇതിൽ ലഭ്യമാണ്.
മുമ്പ് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളായിരുന്നു ഉണ്ടായിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയില്‍ കണക്റ്റ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി UTS, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം തുടങ്ങിയവ ഉദാഹരണങ്ങൾ. എന്നാൽ ഈ ആപ്പ് വന്നതോടെ എല്ലാ സേവനങ്ങളും ഇതില്‍ ലഭ്യമാകും.
Content Highlights: RailOne App launched : One-stop solution for all passenger services