ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടാൻ ശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷിച്ച് പൊലീസ്

ദീപക്കിനെ കൗണ്‍സലിംഗിന് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു

dot image

ആഗ്ര: ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയതാണ് ദീപക്. എന്നാല്‍ ദീപക്കിനൊപ്പം വരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്‌ളൈ ഓവറിന്റെ മേല്‍ യുവാവ് ഇരിക്കുന്നതും താഴെ ഒരുകൂട്ടം ആളുകള്‍ ഇത് വീഡിയോ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിനെ പിന്നിലൂടെ ചെന്ന് പിടിച്ച് താഴെയിറക്കുകയായിരുന്നു പൊലീസുകാരന്‍. യുവാവ് പാലത്തിനുമേല്‍ ഇരിക്കുന്നു എന്ന വിവരം ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ദീപക്കിനെ കൗണ്‍സലിംഗിന് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.സമയോചിതമായി ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് പൊലീസ് അഭിനന്ദിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Police bravely rescue man who attempted suicide by jumping off bridge after arguing with wife

dot image
To advertise here,contact us
dot image