
ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് 'പ്രോത്സാഹന സമ്മാന'വുമായി സർക്കാർ. ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ നൽകുന്ന തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. അടുത്ത രണ്ട് വർഷത്തിനിടയിൽ രാജ്യത്ത് 3.5 കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി 99,446 കോടി രൂപ ഈ പദ്ധതിയിലൂടെ ചെലവാക്കും.
വ്യത്യസ്ത മേഖലകളിൽ അധികമായി ജോലി സൃഷ്ടിക്കുന്ന തൊഴിൽദാതാവിനും ആനുകൂല്യം നൽകും. അധികമായി റിക്രൂട്ട് ചെയ്യുന്ന ഒരോ ജീവനക്കാരനും പരമാവധി 3,000 രൂപ വരെയെന്ന കണക്കിൽ രണ്ട് വർഷത്തേക്കാണിത്. 2024-25 ബജറ്റ് പ്രഖ്യാപനത്തിൽ ഈ പദ്ധതിയും പരാമർശിച്ചിരുന്നു. അടുത്ത മാസം ഒന്നാം തീയതി മുതൽ പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.92 കോടി ആളുകൾ ആദ്യമായി ജോലിയിൽ പ്രവേശിക്കും എന്നാണ് നിലവിലെ വിലയിരുത്തൽ. 2027 ജൂലൈ 31 വരെ വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ വിശദമായ മാർഗരേഖ പിന്നീട് പ്രസിദ്ധീകരിക്കും.
മാസം ഒരു ലക്ഷം രൂപ ശമ്പളമുളളവർക്കാണ് ആദ്യ ജോലിക്കുളള ആനുകൂല്യം ലഭിക്കുക. രണ്ട് ഗഡുക്കളായിട്ടായിരിക്കും തുക ലഭിക്കുക. ബാങ്ക് അക്കൗണ്ട് വഴിയായിരിക്കും തുക കൈമാറുക. ഇപിഎഫ്ഒ രജിസ്ട്രേഷൻ അടിസ്ഥാനത്തിലാകുമിത്. ആദ്യ ഗഡു ജോലിക്ക് കയറി ആറ് മാസം കഴിഞ്ഞും രണ്ടാമത്തെ ഗഡു 12 മാസം കഴിഞ്ഞു നൽകും. തുകയുടെ ഒരു ഭാഗം നിശ്ചിത കാലത്തേക്ക് നിക്ഷേപമായി സൂക്ഷിക്കണം. രണ്ടാം ഗഡു ലഭിക്കുന്നതിന് മുൻപ് ജീവനക്കാർ സാമ്പത്തിക സാക്ഷരതാ കോഴ്സ് പൂർത്തിയാക്കണം.
ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാരുടെ റിക്രൂട്മെന്റ് ആനുകൂല്യത്തിനാണ് തൊഴിലുടമകളെ പരിഗണിക്കുന്നത്. 50 ജീവനക്കാരിൽ താഴെയുള്ള സ്‌ഥാപനങ്ങൾ കുറഞ്ഞത് രണ്ട് പേരെയും അതിനു മുകളിലുള്ളവർ അഞ്ച് പേരെയും അധികമായി എടുക്കണം. 2.6 കോടി തൊഴിലുകൾ ഇതുവഴി സൃഷ്ടിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 10,000 രൂപ വരെ ശമ്പളത്തിന് പരമാവധി 1,000 രൂപയും 20,000 രൂപ വരെ ശമ്പളത്തിന് 2,000 രൂപയും 20,000നു മു കളിൽ 3,000 രൂപയുമായിരിക്കും ആനുകൂല്യം. ഉൽപാദനമേഖലയിലുള്ളവർക്ക് ഇത് നാല് വർഷം വരെ ലഭിക്കും. തുടർച്ചയായി ആറ് മാസമെങ്കിലും ജീവനക്കാരൻ ജോലിയിലുണ്ടാകണം.
Content Highlights: The Government has Given Incentives to Those Entering the First Job in the Private Sector