സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശം: തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസ്

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലെ പ്രസംഗങ്ങള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതായിരുന്നെന്ന് പരാതിയില്‍ പറയുന്നു

dot image

ചെന്നൈ: സാമുദായിക ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ്. അടുത്തിടെ മധുരയില്‍ നടന്ന മുരുകന്‍ ഭക്ത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചിനാഥന്‍ എന്ന അഭിഭാഷകന്റെ പരാതിയിലാണ് നടപടി. ജൂണ്‍ 22-ന് നടന്ന മുരുകന്‍ ഭക്തജന സമ്മേളനത്തില്‍ നിരവധി നേതാക്കള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അണ്ണാമലൈ, ഹിന്ദു മുന്നണി സംസ്ഥാന നേതാവ് കടേശ്വര സുബ്രമണ്യം, മുന്നണി ഭാരവാഹി സെല്‍വകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമുള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലെ പ്രസംഗങ്ങള്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്നതായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഇതാദ്യമായല്ല അണ്ണാമലൈയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2024 ഡിസംബറില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കരിദിനം ആചരിച്ചുകൊണ്ട് ഘോഷയാത്ര നടത്തിയതിന് അണ്ണാമലൈയ്ക്കും 900 ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അനുവദനീയമായ സമയത്തിനപ്പുറം പ്രചാരണം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും അണ്ണാമലൈക്കെതിരെ കേസെടുത്തിരുന്നു.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശക്തിപ്രകടന വേദിയായി മാറിയിരുന്നു കഴിഞ്ഞ മാസം മധുരയില്‍ നടന്ന മുരുക ഭക്ത സമ്മേളനം. കാവടിയും പാല്‍ക്കുടവുമേന്തിയുളള പദയാത്ര ഉള്‍പ്പെടെ ഭക്തിനിര്‍ഭരമായ ചടങ്ങുകളും ആത്മീയ പ്രഭാഷണവും പരിപാടിയിലുണ്ടായിരുന്നു. മുരുകനെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ് എന്ന് ഡിഎംകെ ആരോപിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനം ലക്ഷ്യമിട്ടുളള ബിജെപിയുടെ കരുനീക്കമാണ് മുരുക ഭക്ത സമ്മേളനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Content Highlights: case filed against k annamalai and 2 hindu munnani leaders for communal hostility speech in madhurai

dot image
To advertise here,contact us
dot image