മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ലെന്ന് കേൾക്കുന്നു, പക്ഷെ ഈ റീയൂണിയൻ കാണാൻ പ്രേക്ഷകരുണ്ടാവും; ദേവദത്ത് ഷാജി

'ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണ്'

dot image

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ സിനിമ ജൂലൈ 4 ന് പുറത്തിറങ്ങും. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയ ഈ ഫാമിലി ഫൺ എൻ്റർടെയ്നർ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ഭീഷ്മപർവം എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ്.

ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണെന്ന് പറയുകയാണ് ദേവദത്ത് ഷാജി. സിനിമ റിലീസ് ചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ സംവിധായകൻ എഴുതിയ ഫേസ്ബുക്കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും പറയണമെന്നും സിനിമ തിയേറ്ററിൽ പോയി കാണണമെന്നും ദേവദത്ത് പറഞ്ഞു. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണെന്നും അദ്ദേഹം കുറിച്ചു.

'പന്ത്രണ്ട് വർഷങ്ങളാണ് സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിയുന്നത്. 2013-ൽ ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുമ്പോൾ ആഗ്രഹിച്ചത് എന്തായിരുന്നോ, അത് റിയാലിറ്റിയാവാൻ ഇനി മണിക്കൂറുകളേ ഉള്ളൂ. ഒരു കളങ്കവുമില്ലാതെ ആത്മാർത്ഥമായി ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേയൊരു കാര്യം സിനിമയാണ്. ക്രിഞ്ചെന്നോ, ക്ലീഷെയെന്നോ വിളിക്കാവുന്ന ഈ പോസ്റ്റിടുന്നത് പോലും ഇത്രയും കാലമെടുത്ത എഫർട്ട് ആളുകളിലേക്ക് എത്താൻ മാത്രമാണ്. 'ധീരനിൽ' മാർക്കറ്റ് വാല്യൂ ഉള്ള താരങ്ങളില്ല എന്ന അഭിപ്രായം നാലു ദിക്കിൽ നിന്നും കേൾക്കാറുണ്ട്.

അപ്പോഴെല്ലാം എന്റെയും, ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെയും കോൺഫിഡൻസ് ഒരേയൊരു കാര്യത്തിലായിരുന്നു. പല തലമുറകളുടെ നായകന്മാർ!! മനോജ്‌ കെ ജയൻ, വിനീത്, ജഗദീഷ്, അശോകൻ, സുധീഷ്!! ഇവരുടെ റീ യൂണിയൻ കാണാൻ പ്രേക്ഷകരുണ്ടാവും എന്ന വിശ്വാസം. രാജേഷ് മാധവനും ശബരീഷ് വർമ്മയും സിദ്ധാർഥ് ഭരതനും, അഭിറാമും, അരുൺ ചെറുകാവിലും അശ്വതിയുമെല്ലാം ഇവരുടെയൊപ്പം മത്സരിച്ച് അഭിനയിച്ചപ്പോൾ, മുന്നേ പറഞ്ഞ റിയാലിറ്റിയ്ക്കിപ്പോൾ ഇരട്ടി മധുരമാണ്…!

'ധീരൻ' ഞങ്ങളുടെ പരിശ്രമമാണ്, സന്തോഷമാണ്, സ്വപ്നമാണ്, വിയർപ്പാണ്. നല്ലതെങ്കിൽ നല്ലതെന്നും, മോശമെങ്കിൽ മോശമെന്നും പറയണം. പക്ഷെ ഇത് രണ്ടിനാണെങ്കിലും തിയറ്ററിൽ വന്ന് പടം കാണണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ജൂലൈ നാലിന് ധീരനെത്തും,' ദേവദത്ത് ഷാജി കുറിച്ചു.

Content Highlights: Director Devadatt Shaji talks about the movie Dheeran

dot image
To advertise here,contact us
dot image