ബിടിഎസ് ഗ്യാങ് ഇന്ത്യയിലേക്ക്? അടുത്ത കൊല്ലം പുത്തൻ ആൽബം എത്തും

ബി ടി എസിന്റെ ഒരു ഷോ ഇന്ത്യയിൽ സംഘടിപ്പിക്കുകയാണെങ്കിൽ ഒരു സീറ്റ് പോലും ഒഴിവില്ലാതെ ടിക്കറ്റുകൾ വിറ്റുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

dot image

കെ-പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് പര്‍പ്പിള്‍ മാജിക് തിരിച്ചെത്തുന്നു. സൗത്ത് കൊറിയയിലെ ബോയ് ബാന്‍ഡ് ഗ്രൂപ്പായ ബിടിഎസിന്റെ തിരിച്ചു വരവിനായി ഇനി അധികം നാള്‍ ആര്‍മിക്ക് കാത്തിരിക്കേണ്ടി വരില്ല. ട്രൂപ്പിലെ അംഗങ്ങൾ എല്ലാം തന്നെ നിർബന്ധിത രാജ്യ സേവനം കഴിഞ്ഞു തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ 2026-ൽ പുതിയ ആൽബം പുറത്തിറക്കുമെന്നും വേൾഡ് ടൂർ നടത്തുമെന്നും ബിടിഎസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ബാൻഡിലെ ഏഴംഗങ്ങളും ജൂലായിൽ അമേരിക്കയിൽ ഒത്തുചേർന്ന് പുതിയ ആൽബത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്ന് സംഘം അറിയിച്ചു.

അതേസമയം വേൾഡ് ടൂറിന്റെ ഭാഗമായി ബിടിഎസ് ഇന്ത്യ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. മുംബൈയിൽ ഹൈബിന്റെ ഒരു ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബി ടി എസ് ഇന്ത്യയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പരക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാൻ കഴിയുന്നതല്ല.

എങ്കിലും ഇന്ത്യയെ നേരത്തെ മ്യൂസിക് ഷോസിനുള്ള വേദിയായി തിരഞ്ഞെടുക്കുന്നതില്‍ കെ - പോപ് ബാന്‍ഡുകള്‍ക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ വിപണികളില്‍ കെ-പോപ്പ് വന്‍ വിജയമായിരുന്നെങ്കിലും, അടുത്തിടെയാണ് ഇന്ത്യയില്‍ ഇവ വലിയ പ്രചാരം നേടാന്‍ തുടങ്ങിയത്. ഇത് കെ-പോപ്പിന്റെ വിപണിയില്‍ വലിയ സ്വാധീനവും ചെലുത്തിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യ പരിമിതികളും കുറഞ്ഞ ആല്‍ബം വില്‍പ്പനയുമാണ് ബിടിഎസ്, ബ്ലാക്ക് പിങ്ക് പോലുള്ള പ്രധാന കെ-പോപ്പ് ഗ്രൂപ്പുകളെ രാജ്യത്ത് പര്യടനം നടത്തുന്നതില്‍ നിന്നും തടഞ്ഞിരുന്നത്.

എന്നാല്‍ എഡ് ഷീരന്‍, കോള്‍ഡ്പ്ലേ, ദുവ ലിപ, ജസ്റ്റിന്‍ ബീബര്‍, ട്രാവിസ് സ്‌കോട്ട് തുടങ്ങിയ അന്താരാഷ്ട്ര കലാകാരന്മാര്‍ക്ക് ഇന്ത്യ ഇതിനകം തന്നെ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ചില കെ പോപ്പ് ബാന്‍ഡുകളും ഇന്ത്യയിലെ മ്യൂസിക് ഷോസിലെത്തിയിരുന്നു. മെഗാ-സ്‌കെയില്‍ സംഗീത പരിപാടികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രേക്ഷക ശേഷിയും രാജ്യത്തിനുണ്ടെന്നാണ് ഇവ തെളിയിക്കുന്നത്. അതുകൊണ്ട് ഇനി ബിടിഎസും ഇന്ത്യയിലേക്ക് എത്താന്‍ അധികസമയമെടുക്കില്ലെന്ന് തന്നെ കരുതാം.

ജങ് കുക്ക്, വി, ജിമിന്‍, ഷുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളുള്ള ബിടിഎസ് ബാന്‍ഡ് ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും ആരാധകരുള്ള ബാന്‍ഡ് ഗ്രൂപ്പാണ്. സ്‌പോടി ഫൈയില്‍ മാസത്തില്‍ 25.6 മില്യണ്‍ കേള്‍വിക്കാരാണ് ബിടിഎസിനുള്ളത്. ഡയനമൈറ്റ്, ബട്ടര്‍, മൈ യൂണിവേഴ്‌സ് തുടങ്ങി ബിടിഎസിന്റെ പാട്ടുകള്‍ ഗ്ലോബല്‍ ഹിറ്റ് ലിസ്റ്റിലുണ്ട്.

ബിടിഎസ് ഗ്യാങ് സൈനിക സേവനത്തിന് പ്രവേശിക്കുന്നതിന് മുന്‍പ് വരെ, ഇന്ത്യയിലും ഇങ്ങ് കേരളത്തിലും വരെ ബിടിഎസ് ആവേശം അലതല്ലിയിരുന്നു. ഇപ്പോഴും അതിന് കുറവൊന്നും വന്നിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരല്‍പം തളര്‍ന്നിരിക്കുകയായിരുന്ന ബിടിഎസ് ആര്‍മിയുടെ ഉയര്‍ത്തെഴുനേല്‍പ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ് ആണ്. ഇക്കാലയളവില്‍ ഗായകരില്‍ പലരുടെയും സോളോ ഹിറ്റുകള്‍ വന്നെങ്കിലും ബിടിഎസ് ഒന്നിച്ചെത്തുന്ന ഗാനങ്ങള്‍ക്കായാണ് ആര്‍മി കാത്തിരിക്കുന്നത്. അപ്പോള്‍, ആ പുതിയ ആല്‍ബവുമായി ബിടിഎസ് ഒരു ഷോ ഇന്ത്യയില്‍ സംഘടിപ്പിക്കുകയാണെങ്കില്‍ ഒരു സീറ്റ് പോലും ഒഴിവില്ലാതെ ടിക്കറ്റുകള്‍ വിറ്റുപോകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Content Highlights: BTS' new album will be released next year

dot image
To advertise here,contact us
dot image