'കടം കൊടുത്ത 18 ലക്ഷം തിരിച്ചു ചോദിച്ചപ്പോള്‍ വിരോധം, വൈരാഗ്യം'; അനിതയ്‌ക്കെതിരെ മോന്‍സണിന്റെ വെളിപ്പെടുത്തല്‍
അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണെന്നും സ്വര്‍ണ്ണവും വസ്ത്രങ്ങളും വാങ്ങാനായി 18 ലക്ഷം രൂപ അനിതയ്ക്ക് നല്‍കിയെന്നും മോന്‍സണ്‍ പറഞ്ഞു.
21 Oct 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദേശ മലയാളി അനിത പുല്ലയിലിനെതിരെ ആരോപണവുമായി പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്റെ പണം ഉപയോഗിച്ചാണെന്നും സ്വര്‍ണ്ണവും വസ്ത്രങ്ങളും വാങ്ങാനായി 18 ലക്ഷം രൂപ അനിതയ്ക്ക് നല്‍കിയിട്ടുണ്ടെന്നും മോന്‍സണ്‍ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് അനിതയ്ക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും മോന്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മോണ്‍സന്റെ ശബ്ദരേഖ പുറത്തു വന്നു.
കടം വാങ്ങിയ 18 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ യൂറോ ആയി തിരികെ നല്‍കാം എന്നാണ് അനിത പറഞ്ഞിരുന്നത്. പണം പെട്ടെന്ന് തിരികെ ചോദിച്ചതിനാലാണ് അനിതയുടെ വൈരാഗ്യത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ 10 ലക്ഷം രൂപ അനിതയോട് തിരികെ ചോദിച്ചും ഇതാണ് അകലാന്‍ കാരണമെന്ന് മോന്‍സണ്‍ പറയുന്ന ശബ്ദ സന്ദേശം ഇതിനോടകം പുറത്തുവന്നു. പരാതിക്കാരനുമായുള്ള മോന്‍സന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
'അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകള്‍ അതിമനോഹരമായി നടത്തി. അനൂപ് എന്നയാളുടെ സഹോദരന്റെ വിവാഹവും അന്നേ ദിവസമായിരുന്നുവെന്നും അതിന്‍റെ ചിലവും താനാണ് വഹിച്ചത്', എന്നും മോന്‍സണ്‍ ശബ്ദരേഖയില്‍ പറയുന്നുണ്ട്. അനിതയുടെ കൈയില്‍ പണമുണ്ടായിരുന്നത് കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ പണം തിരികെ ചോദിച്ചത്. 18 ലക്ഷത്തില്‍ 10 ലക്ഷം മാത്രമാണ് തിരികെ ചോദിച്ചത്. എന്നാല്‍ പണം ചോദിച്ചപ്പോള്‍ 114- 115 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ പണം തിരികെ ചോദിക്കാതെ തനിക്ക് തന്ന പണം മാത്രമെന്തിനാണ് തിരികെ ചോദിക്കുന്നത് എന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന് അനാഥാലയങ്ങളിലെ പെണ്‍കുട്ടികളുടെ കല്യാണം നടത്തിയ പണം എങ്ങനെയാണ് തിരികെ ചോദിക്കുകയെന്ന് താന്‍ തിരികെ ചോദിച്ചതെന്നും അയാള്‍ ശബ്ദരേഖയില്‍ പറഞ്ഞു.
മോണ്‍സന്റെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അനിത പുല്ലയിലിന്റെ മോഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിനെ പ്രാഥമിക മൊഴിയായി കണ്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷമണയെ അറിയിച്ചത് അനിതയാണ് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനിതയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോണ്‍സനെക്കുറിച്ച് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടെ വാട്‌സ്ആപ്പ് സന്ദേശത്തില്‍ നിന്നും വ്യക്കമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് ബെഹ്റ ഇയാളുടെ ഇടപാടുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുളളവരെ അനിതയാണ് മോന്‍സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും മോന്‍സനുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നുമായിരുന്നു അനിതയുടെ വാദം. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു.