'എന്റെ കോഴിക്ക് നീതി വേണം'; അയൽക്കാരൻ കാലുകൾ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍

തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താൽ മാത്രം മതിയെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം

dot image

ഹൈദരാബാദ്: സ്വന്തം കോഴിക്ക് നീതി തേടി പൊലീസ് സ്റ്റേഷനിലെത്തി വൃദ്ധയായ ഒരമ്മ. തെലങ്കാനയിലെ നൽഗൊണ്ടയിലാണ് സംഭവം. അയൽവാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. അയൽക്കാരനെതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം. പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. അയൽക്കാരനായ രാകേഷിനെതിരെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഗൊല്ലഗുഡെമിൽ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്റെ കോഴികളോട് വലിയ അടുപ്പമുള്ള ഗംഗമ്മയ്ക്ക് അവയുടെ കാലുകൾ അയൽക്കാരൻ തല്ലിയൊടിച്ചത് വളരെയധികം വിഷമമുണ്ടാക്കി. തുടർന്നാണ് തനിക്കും തന്റെ കോഴിക്കും നീതി വേണമെന്ന ആവശ്യവുമായി ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.

പകൽ പരിസരപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞതിനുശേഷം വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നതാണ് തന്റെ കോഴികളുടെ പതിവെന്ന് ഇവർ വീഡിയോയിൽ പറയുന്നു. അത്തരത്തിൽ അയൽവാസിയായ രാകേഷിന്റെ പുരയിടത്തിൽ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോൽ കൂനയിലെ ധാന്യങ്ങൾ കൊത്തി തിന്നിരുന്നു. ഇതിൽ പ്രകോപിതനായ രാകേഷ് കോഴിയുടെ കാലുകളൊടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താൽ മാത്രം മതിയെന്നും ഗംഗമ്മ പറയുന്നു.

Content Highlights: elderly woman in police station after neighbour attacks her pet hen

dot image
To advertise here,contact us
dot image