
തിരുവനന്തപുരം:യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഗവര്‍ണറെ വീണ്ടും കണ്ടു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കണ്ടത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവര്‍ണര്‍ വീഡിയോ കോളില്‍ സംസാരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവര്‍ണര്‍ നിമിഷപ്രിയയുടെ അമ്മയോട് പറഞ്ഞു. ഇന്നലെ അമ്മയും ഉമ്മന്‍ചാണ്ടിയുടെ ഭാര്യയുമായ മറിയാമ്മ ഉമ്മനോടൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കണ്ടത്.
അതേ സമയം നിമിഷപ്രിയ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 'നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍' ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളാണ് രംഗത്തെത്തിയത്. നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദു മഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേര്‍ന്ന് യെമനിലേക്ക് പോയത്. നാട്ടില്‍ നഴ്‌സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവര്‍ തലാല്‍ അബ്ദുള്‍ മഹ്ദി എന്ന യെമന്‍ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തതില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ തീരുമാനിക്കുന്നതും. യെമനില്‍ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാന്‍ നിര്‍വ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.
ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാല്‍ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തില്‍ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാല്‍ സ്വന്തമാക്കാന്‍ തുടങ്ങി. പാസ്‌പോര്‍ട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. സഹിക്കാന്‍ വയ്യെന്ന ഘട്ടത്തില്‍ നിമിഷപ്രിയ അധികൃതര്‍ക്ക് പരാതി നല്‍കി, ഇതോടെ തലാല്‍ ശാരീരിക ഉപദ്രവങ്ങള്‍ ആരംഭിച്ചു. ജീവന്‍ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താന്‍ തലാലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: Chandy Oommen meets the Governor again with Nimisha Priya's husband