
നടന്‍ ധനുഷില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് അവതാരകനും ഇന്‍ഫ്‌ളുവന്‍സറുമായ നയന്‍ദീപ് രക്ഷിത്. വിഐപി2 എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെയും വളരെ രൂക്ഷമായ ചില പ്രതികരണങ്ങള്‍ നടത്തിയും ധനുഷ് ബുദ്ധിമുട്ടിച്ചതെന്ന് നയന്‍ദീപ് പറഞ്ഞു.
ധനുഷ് മറ്റേതെങ്കിലും കാരണം കൊണ്ട് അസ്വസ്ഥനായി ഇരിക്കുകയായിരുന്നോ എന്ന് അറിയില്ലെന്നും എന്നാല്‍ അദ്ദേഹം അന്ന് തന്നോടും അവിടെയുണ്ടായിരുന്ന മറ്റ് സ്റ്റാഫുകളോടും പെരുമാറിയ രീതി ഒരിക്കലും മറക്കാനാകില്ലെന്നും നയന്‍ദീപ് പറഞ്ഞു. സുചിലീക്ക്‌സ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തോട് മാത്രമാണ് ധനുഷ് വ്യക്തതയോടെ പ്രതികരിച്ചതെന്നും നയന്‍ദീപ് കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍സ്റ്റാറാണെന്ന് സ്വയം വിചാരിച്ചിട്ട് കാര്യമില്ലെന്നും തന്നേക്കാള്‍ ഒരല്‍പം താഴേത്തട്ടിലുള്ള മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരാളുടെ സൂപ്പര്‍സ്റ്റാര്‍ ക്വാളിറ്റി ഇരിക്കുന്നതെന്നും നയന്‍ദീപ് പറഞ്ഞു. ദ മോട്ടര്‍ മൗത്ത് എന്ന പോഡ്കാസ്റ്റിലാണ് നയന്‍ദീപ് ഇക്കാര്യം പറഞ്ഞത്.
'വിഐപി 2 സിനിമയുടെ സമയത്ത് ധനുഷുമായി എനിക്ക് ഒരു ഇന്റര്‍വ്യു ചെയ്യാനുണ്ടായിരുന്നു. ഞാന്‍ അക്കാലത്ത് പത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ 15 മിനിറ്റിന്റെ ചെറിയ ഇന്റര്‍വ്യു എടുക്കാനുണ്ടായിരുന്നത്. അന്ന് ധനുഷ് എന്നോട് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു. ഒരുതരം വിചിത്രമായ ദേഷ്യംപിടിക്കലായിരുന്നു. നല്ലൊരു അഭിമുഖമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സിനിമയുടെ പിആര്‍ ടീം എന്നെ പരിചയപ്പെടുത്തിയതെല്ലാം. എന്നാല്‍ അഭിമുഖം തുടങ്ങിയ ശേഷം, വിഐപി 2 എന്ന ചിത്രത്തെ കുറിച്ച് ഞാന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയില്ല. കാജോളിനോടൊപ്പമുള്ള എക്‌സ്പീരിയന്‍സിനെ പറ്റി ചോദിച്ചപ്പോള്‍ അത് അവരോട് ചോദിക്കേണ്ടി വരും എന്ന തരത്തിലുള്ള മറുപടികളായിരുന്നു മുഴുവന്‍. അഭിമുഖം മൂന്ന് മിനിറ്റിലേ തീര്‍ന്നു എന്ന് പറയാം.
ആ സമയത്ത് സുചിലീക്ക്‌സുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ആ വിവാദവും വാര്‍ത്തകളും മൂലം ഏറെ മനോവേദന അനുഭവിക്കേണ്ടി വന്നു എന്ന് ധനുഷിന്റെ കുടുംബാംഗങ്ങള്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ വേണമെങ്കില്‍ മാത്രം ഉത്തരം നല്‍കിയാല്‍ മതിയെന്ന മുഖവുരയോടെ ഞാന്‍ അതേകുറിച്ച് ചോദിച്ചു. ഇത്തരം വിവാദങ്ങളില്‍ കുടുംബം കൂടി ഉള്‍പ്പെടുമ്പോള്‍ അത് ബാധിക്കാറുണ്ടോ എന്നായിരുന്നു എന്റെ ചോദ്യം. പക്ഷെ, അതുവരെ നല്‍കിയ മറുപടികളില്‍ നിന്നെല്ലാം വ്യത്യസ്തമായി അദ്ദേഹം ഈ ചോദ്യത്തിന് വളരെ കൃത്യമായും മനോഹരമായും ഉത്തരം തന്നു.
എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍, സിനിമയുടെ പിആറിനോട് ഇതാണോ നിങ്ങള്‍ പറഞ്ഞ നല്ല അഭിമുഖമെന്നും സിനിമയെ കുറിച്ച് ഒന്നും ചോദിച്ചില്ല എന്നും ധനുഷ് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കി. ചോദ്യങ്ങളെല്ലാം ഞാന്‍ എഴുതിവെച്ചിരുന്നു. അതും കാണിച്ചുകൊടുത്തു. ഞാന്‍ ചോദിക്കാതിരുന്നതല്ല, താങ്കള്‍ മറുപടി നല്‍കാതിരുന്നതാണ് എന്നും ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യു നടക്കുമ്പോള്‍ ധനുഷിന്റെ മാനേജറും അവിടെയുണ്ടായിരുന്നു. അവര്‍ മറുപടിയൊന്നും പറയാനാകാതെ നില്‍ക്കുകയായിരുന്നു.
അദ്ദേഹത്തിന് അന്ന് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോ, എനിക്ക് മുന്‍പേ നടന്ന അഭിമുഖത്തില്‍ എന്തെങ്കിലും ദുരനുഭവങ്ങളുണ്ടായോ എന്നൊന്നും എനിക്കറിയില്ല. ഇതേ അഭിമുഖത്തിനിടെ ഒരു സ്റ്റാഫ് അദ്ദേഹത്തിനുള്ള ജ്യൂസുമായി വന്നു. അയാളോട് ധനുഷ് പെരുമാറിയത് വളരെ മോശമായിട്ടായിരുന്നു. അത് എനിക്ക് ഒരിക്കലും മറക്കാനാകില്ല. നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം. പക്ഷെ നിങ്ങളേക്കാള്‍ താഴെയുള്ള മനുഷ്യരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഒരാളുടെ സൂപ്പര്‍സ്റ്റാര്‍ ക്വാളിറ്റി ഇരിക്കുന്നത്,' നയന്‍ദീപ് രക്ഷിത് പറഞ്ഞു.
Content Highlights: Celebrity anchor Nayandeep Rakshit open ups about a bad experience from Dhanush