
കഴിഞ്ഞ രണ്ട് ദിവസമായി ഒരു പ്രസവത്തിന്റെ പേരില്‍ വല്ലാത്തൊരു പ്രസവവേദന അനുഭവിക്കുന്ന ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ വിറളിപൂണ്ട് നടക്കുന്നുണ്ട്. പ്രസവിച്ച അമ്മ അനുഭവിക്കാത്ത പ്രസവവേദനയാണ് ഇക്കൂട്ടര്‍ക്കെന്ന് തോന്നിപ്പോകും. അധിക്ഷേപങ്ങളും ഉപദേശങ്ങളും കൊണ്ട് ദിയ കൃഷ്ണ എന്ന അമ്മയെയും അവരുടെ കുടുംബത്തെയും വളയുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. എന്നാല്‍ കേരളീയ സമൂഹത്തിന്റെ സദാചാരബോധത്തിന് മാറ്റം വന്നുവെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി പ്രതികരണങ്ങളും ഇതേ സമൂഹമാധ്യമങ്ങളില്‍ കാണാം.
പ്രസവം എന്ന ഏറെ വേദന നിറഞ്ഞ സന്ദര്‍ഭത്തില്‍ ഒരു കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നതിനെ ഹൃദയത്തോട് ചേര്‍ക്കുന്ന ഏറെ പേരുണ്ട്. ഒപ്പം പ്രസത്തെ ചുറ്റിപ്പറ്റിയുള്ള പല സ്റ്റീരിയോടൈപ്പുകളെയും ദിയ പൊളിച്ചുകളഞ്ഞെന്നും അഭിനന്ദനങ്ങള്‍ ഉയരുന്നുണ്ട്.
ഒരിറ്റ് രക്തം പോലും കാണിക്കാതെയാണ് ദിയ കൃഷ്ണ തന്റെ പ്രസവവീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ എത്തിയത് മുതലുള്ള വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇന്നും വീട്ടില്‍ പ്രസവിക്കുന്ന സ്ത്രീകളുള്ള നമ്മുടെ നാട്ടില്‍, പ്രസവവേദനയും ആര്‍ത്തവവേദനയും സ്ത്രീകള്‍ ആരെയും അറിയിക്കാതെ കടിച്ചുപിടിച്ച് അനുഭവിക്കണമെന്ന് പറയുന്ന കുറച്ചധികം പുരുഷന്മാരുള്ള നാട്ടില്‍, ദിയാ കൃഷ്ണയും കുടുംബവും നല്ല അസ്സലായി എന്താണ് പ്രസവമെന്നും പ്രസവവേദനയെന്നും…ആ സമയത്ത് ഒരു സ്ത്രീക്ക് ലഭിക്കേണ്ട പിന്തുണ എന്താണെന്നും കാണിച്ചു നല്‍കുന്നുണ്ട്… മാത്രമല്ല നമ്മുടെ ആരോഗ്യരംഗം എത്രത്തോളം പുരോഗമിച്ചിരിക്കുന്നു എന്നും ആ വീഡിയോയില്‍ കാണാന്‍ സാധിക്കും..
അവള്‍ വേദന കൊണ്ട് അലറിവിളിക്കുമ്പോള്‍ കൈ മുറുകെ പിടിച്ചു ഞാന്‍ ഉണ്ട് ദിയ…നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞ് അവള്‍ക്ക് ആത്മധൈര്യം നല്‍കുന്ന ഭര്‍ത്താവ്….ദിയയുടെ അമ്മ സിന്ധു കൃഷ്ണ… സഹോദരിമാരായ അഹാനകൃഷ്ണ, ഇഷാനി, ഹന്‍സിക ഇവരൊക്കെ ദിയയ്ക്ക് നല്‍കുന്ന ഒരു ധൈര്യവും സ്‌നേഹമുണ്ടല്ലോ… അമ്മയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നതായിരിക്കും ഇതെല്ലാം എന്നതില്‍ സംശയമില്ല.
ദിയ വേദന അനുഭവിക്കുന്ന സമയത്ത് സഹോദരിമാര്‍ ക്യാമറയും പിടിച്ച് വീഡിയോ ഷൂട്ട് നടത്തി എന്ന് പറഞ്ഞ് വരുന്ന ഒരു കൂട്ടരുണ്ട്. അവരോട് ആദ്യമേ പറയാനുള്ളത്. ദിയയുടെ അനുവാദത്തോടെയും അവളുടെ ആഗ്രഹപ്രകാരവുമാണ് ആ ഷൂട്ട് നടന്നത് എന്നാണ്. അടുത്ത കാര്യം, ആ മനോഹര ദൃശ്യം പകര്‍ത്തുന്നതില്‍ എന്താണ് തെറ്റ്… ദിയ അനുഭവിച്ച വേദന ഭാവിയില്‍ അവരുടെ മകന്‍ കാണുന്നതില്‍ എന്താണ് തെറ്റ്… ദിയ ഒരുപാട് പേര്‍ പിന്തുടരുന്ന ഒരു ഇന്‍ഫ്‌ലുവെന്‍സറാണ്… ദിയയുടെ ഈ ഡെലിവറി വീഡിയോ ചിലരെയെങ്കിലും സ്വാധീനിക്കും… ഈ പ്രസവവേദന പ്രസവവേദന എന്ന് നമ്മുടെ അമ്മമാര്‍ പറഞ്ഞല്ലേ നമുക്ക് അറിയുള്ളൂ… ദിയയുടെ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും ആ വേദന അറിയാന്‍ സാധിക്കും…അവരുടെ കണ്ണ് നിറയും…ഇത് തന്നെയാണ് ആ വീഡിയൊ പകര്‍ത്തിയതിലൂടെ ആ സഹോദരിമാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം.
ബാക്കി ഉള്ളവരും പ്രസവിക്കുന്നുണ്ടല്ലോ, അതിലെന്താണ് ഇത്ര വീഡിയോ എടുത്ത് കാണിക്കാന്‍ എന്ന് ചോദിക്കുന്ന വേറൊരു ടീമുണ്ട്. വീഡിയോ എടുക്കണോ വ്ളോഗ് അപ് ലോഡ് ചെയ്യണോ എന്നതെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടവും തീരുമാനവുമാണല്ലോ. അതിനെ മാനിക്കാന്‍ നിങ്ങള്‍ക്ക് എന്തിനാണ് ഇത്രയും പ്രയാസം?
കുടുംബത്തെ മുഴുവന്‍ കൂട്ടി പ്രസവിക്കാന്‍ പോകേണ്ട കാര്യമെന്തിരിക്കുന്നു എന്നാണ് മറ്റു ചിലരുടെ പുച്ഛം തുളുമ്പി നില്‍ക്കുന്ന ചോദ്യം. ഇത് പിന്നെ എങ്ങനെ വേണമെന്നാണ് പ്രിയപ്പെട്ട പ്രസവവിദഗ്ദരെ നിങ്ങള്‍ ആഗ്രഹിക്കുന്നത്…ഇരുട്ടുള്ള ലേബര്‍ റൂമില്‍ ആ അമ്മ തനിച്ചു കിടക്കണമായിരുന്നോ….അപരിചിതരായ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ വേദനകൊണ്ട് നിലവിളിച്ചു കിടക്കണമായിരുന്നോ.
ഇനി പ്രസവസമയത്ത് ദിയ കൃഷ്ണ മേയ്ക്കപ്പിട്ടത് മറ്റൊരു പ്രശ്‌നം…നിങ്ങള്‍ ഏതു കാലത്താണ് ഹേ ജീവിക്കുന്നത്…ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷിതമായ കോസ്‌മെറ്റിക്‌സ് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ കാലത്ത് അവര്‍ കുറച്ചു സുന്ദരിയായി കിടന്ന് പ്രസവിച്ചതില്‍ എന്താണ് തെറ്റ്.
ദിയ കൃഷ്ണയ്ക്ക് നേരെ നടക്കുന്ന ഈ ആക്രമണത്തിന് സമാനമായ ഒന്ന് നേരത്തെ നടന്നിട്ടുണ്ട്. 2013ല്‍, നടി ശ്വേത മേനോനെതിരെ…കളിമണ്ണ് എന്ന സിനിമയില്‍ തന്റെ പ്രസവം ചിത്രീകരിച്ചതിന് ശ്വേത കേള്‍ക്കാത്ത തെറിവിളികളില്ല….എന്തിന് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരും, സിനിമാമേഖലയിലെ പ്രമുഖരും… അങ്ങനെ സകല മലയാളികളും ശ്വേതയെ വിമര്‍ശിച്ചെത്തിയിരുന്നു…പ്രസവം എന്ന പ്രക്രിയയെ സിനിമ പോലൊരു മാധ്യമത്തില്‍ വില്പന ചരക്കാക്കി മാറ്റിയെന്ന് പറഞ്ഞ് ആ സ്ത്രീയെ പരസ്യമായി കുറ്റവിചാരണ നടത്തിയിരുന്നു…ശ്വേത മേനാന്‍ ധാര്‍മികതയുടെ അതിരുകള്‍ ലംഘിച്ചത്രേ….ഏറ്റവും കൂടുതല്‍ മാനസിക പിന്തുണ വേണ്ടിയിരുന്ന
പക്ഷെ 2025 ലേക്ക് എത്തുമ്പോള്‍ കാര്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ട്. അന്ന് ശ്വേത മേനൊനെ ക്രൂശിച്ച മലയാളികള്‍ ഇന്ന് ദിയയെ കുറച്ച് കൂടി ചേര്‍ത്ത് നിര്‍ത്തുന്നുണ്ട്… ദിയയെ വിമര്‍ശിക്കുന്നവരുടെ എണ്ണത്തിനൊപ്പമോ, അല്ലെങ്കില്‍ അതിനേക്കാള്‍ ഒരുപടി മുകളിലോ ആണ് ദിയയെ പിന്തുണക്കുന്നവരുടെ എണ്ണം.
എന്നാല്‍ ഇപ്പോഴും 2013ലെ ആ അന്ധത കൊണ്ടുനടക്കുന്ന നിരവധിപേരുണ്ട്… അവരോട് ചില ചോദ്യങ്ങളുമുണ്ട്.. സ്ത്രീകളുടെ തുണി അല്പമൊന്ന് മാറിപ്പോയാല്‍ ആ ക്ലിപ്പ് എവിടെ എന്ന് ചോദിച്ച് കടിപിടി കൂടുന്ന ആണ്‍കൂട്ടത്തിന് എന്തേ.. ഈ പ്രസവ വീഡിയോ കണ്ടപ്പോള്‍ ഇത്രപൊള്ളുന്നു… ഒരു സ്ത്രീ ഒറ്റയ്ക്ക് പ്രസവിക്കേണ്ടവളല്ലെന്നും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ നന്നായി ആവശ്യമുള്ള സമയമാണിതെന്നും ആ വീഡിയോ പറഞ്ഞുവെക്കുന്നത് കാണുമ്പോള്‍ എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത് ? ദിയയ്ക്ക് ഉണ്ടായ ആണ്‍കുഞ്ഞ് തങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തത്തില്‍, സംരക്ഷണയില്‍ വളരേണ്ടതാണെന്ന ഒരു ഉള്‍ബോധം ആ പ്രസവമുറിയില്‍ നിന്ന പ്രിയപ്പെട്ടവര്‍ക്കെല്ലാം തോന്നിയിരിക്കും. പ്രസവ ശേഷം ഒരു സ്ത്രീ കടന്നുപോകുന്ന ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍ ചെറുതാകില്ലെന്ന് ആ നിമിഷങ്ങളിലൂടെ തന്നെ അവര്‍ക്ക് ബോധ്യമായി കാണും. ആ വീഡിയോ കണ്ടവര്‍ക്കും അങ്ങനെയൊരു ബോധ്യം വന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ, പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമെല്ലാം അമ്മയുടെ മാത്രം ഉത്തരവാദിത്തമാണെന്ന കാഴ്ചപ്പാടില്‍ നിന്നും പതിയെ മാറി വരുന്ന സമൂഹത്തിന് ഇത്തരം വീഡിയോകള്‍ ഗുണമേ ചെയ്യുകയുള്ളു. ഈ വീഡിയോക്ക് ലഭിക്കുന്ന സ്വീകാര്യത അത് വ്യക്തമാക്കുന്നുമുണ്ട്.
ഇനിയും ദിയയുടെ വീഡിയോ കണ്ട് വീര്‍പ്പുമുട്ടി കമന്റ് ബോക്‌സില്‍ വിഷം പ്രസവിക്കാന്‍ നില്‍ക്കുന്നവരോട് പറയാന്‍ ഒന്നേയുള്ളൂ, നിങ്ങളെ പോലെ ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മുന്നോട്ടു പോയാല്‍ നിങ്ങള്‍ക്ക് കൊള്ളാം.
Content Highlights: The Real Side of Childbirth: Diya Krishna's Vlog Breaks Stereotypes and Wins Hearts