
ലക്ഷ്വറി ബ്രാന്‍ഡ് പ്രാഡയെ വിടാതെ പിന്തുടരുകയാണ് കോലാപ്പൂരി വിവാദം. പരമ്പരാഗത കോലാപ്പൂരി ചെരുപ്പിന്റെ ഡിസൈന്‍ കോപ്പിയടിച്ച പ്രാഡയ്ക്കെതിരെ വിമര്‍ശനവുമായി വീണ്ടും സെലിബ്രിറ്റികള്‍. മിലാനില്‍ നടന്ന മെന്‍സ് സ്പ്രിം/സമ്മര്‍ 2026 ഫാഷന്‍ ഷോയില്‍ 'ടോ റിംഗ് സാന്‍ഡല്‍സ്' പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളില്‍ ഇടംപിടിച്ചത്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ചെരുപ്പിനെ സ്വന്തം ബ്രാന്‍ഡില്‍ പുറത്തിറക്കിയ പ്രാഡ, പക്ഷേ അതിന്റെ വേരുകളിലേക്ക് ശ്രദ്ധ കൊടുക്കാത്തതാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിയത്. കോലാപ്പൂരി മോഡലുകള്‍ പുറത്തിറക്കിയിട്ട് അതിന്റെ ഉറവിടമായ ഇടത്തിന് ഒരു നന്ദി പറയാന്‍ പോലും പ്രാഡ തയ്യാറാവാത്തതാണ് സെലിബ്രിറ്റികളെ അടക്കം ചൊടിപ്പിച്ചത്.
ആദ്യം ഇക്കാര്യത്തില്‍ പ്രതികരിച്ചത് ബോളിവുഡ് താരസുന്ദരി കരീന കപൂറായിരുന്നു. ഇതിന് പിന്നാലെ മുന്‍കാല നടി നീനാ ഗുപ്തയും പ്രാഡയെ പരിഹസിച്ച് പ്രതികരിച്ചിരിക്കുകയാണ്.
അന്തരിച്ച നടന്‍ ലക്ഷ്മികാന്ത് ബെര്‍ദേ സമ്മാനിച്ച കൈകൊണ്ട് നിര്‍മിച്ച കൊലാപ്പൂരി ചെരുപ്പു കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഗുപ്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലക്ഷ്മികാന്തിനോട് ഏതോ ഒരവസരത്തില്‍ കോലാപ്പൂരി ചെരുപ്പ് വാങ്ങി തരുമോ എന്ന് ചോദിക്കുകയും അത് അദ്ദേഹം വാങ്ങി സമ്മാനിച്ചുവെന്നും 66കാരിയായ താരം പറയുന്നു. ഇപ്പോള്‍ ഹെഡ്‌ലൈനുകളില്‍ നിറയുന്ന ഈ ചെരുപ്പാണ് തനിക്കുള്ളതില്‍ ഏറ്റവും മനോഹരമെന്നും അത് ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞ നീനാ ഗുപ്ത, പ്രാഡയെ പരിഹസിച്ചത് 'റിയല്‍ ഈസ് റിയല്‍' എന്ന് പറഞ്ഞാണ്.
കഴിഞ്ഞദിവസം കരീനയും പ്രാഡയെ ട്രോളി ഇന്‍സ്റ്റാ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. തന്റെ കോലാപൂരി ചെരുപ്പിന്റ ചിത്രത്തിന് ക്യാപ്ഷനായി, 'ക്ഷമിക്കണം പ്രാഡ അല്ല എന്റെ യഥാര്‍ത്ഥ കോലാപ്പൂരി' എന്നാണ് കുറിച്ചത്. വിവാദങ്ങള്‍ക്ക് പിന്നാലെ ഒരു പൊതു താല്‍പര്യ ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍ പ്രദയ്‌ക്കെതിരെ ഫയല്‍ ചെയ്തിട്ടുണ്ട്. കാലങ്ങളായി കോലാപ്പൂരി ചെരുപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് പ്രാഡ നഷ്ടപരിഹാരം നല്‍കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.
Content Highlights: Actress Neena Guptas jibe at Prada on Kolhapuri row