
കടുത്ത വേനലിന്റെ ചൂടിൽ നിന്നും മഴക്കാലത്തിലേക്കു മാറുമ്പോള്‍ വലിയ ആശ്വാസമാണ് ശരീരത്തിന്. അതുകൊണ്ട് തന്നെ മഴക്കാലത്ത് സൗന്ദര്യ സംരക്ഷണത്തിന് അധികമാരും മെനക്കടാറില്ല. ശരീരത്തില്‍ ഏല്‍ക്കുന്ന സൂര്യ രശ്മികളുടെ തീവ്രത കുറവായതിനാല്‍ തന്നെ ചര്‍മ്മത്തിന് വലിയ ക്ഷീണം അനുഭവപ്പെടാറില്ല എന്നതാണ് കാരണം.
മഴക്കാലമായാൽ വെയിലില്ലാത്തതു കൊണ്ട് തന്നെ പുറത്തു പോകുമ്പോള്‍ പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇത് ശരിയല്ലെന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. ആകാശം മൂടിക്കെട്ടിയിരുന്നാല്‍ പോലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെത്തുന്നു. ചര്‍മ്മത്തിന് കേടുപാടുകള്‍ ഉണ്ടാക്കാന്‍ ഈ സൂര്യരശ്മികള്‍ക്ക് സാധിക്കും. മേഘങ്ങള്‍ക്ക് 50% അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍ മാത്രമേ ശേഷിയുള്ളൂ. ബാക്കി 50 ശതമാനം നേരിട്ട് ചർമ്മത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ അകാല വാര്‍ധക്യം, ചര്‍മ്മ കാന്‍സറുകള്‍ എന്നിവയ്ക്ക് പോലും കാരണമാകും. ഈര്‍പ്പമുള്ള അന്തരീക്ഷവും വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ അത് മുഖക്കുരു അടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാൽ സണ്‍സ്‌ക്രീന്‍ പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തെ സംരക്ഷിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. അതിനാൽ ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ, ഒട്ടാത്ത തരത്തിലുള്ള സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക.
മഴക്കാലത്ത് ചര്‍മ്മത്തിന് ഉണ്ടാകുന്ന ഈര്‍പ്പത്തില്‍ അഴുക്കും ബാക്ടീരിയയും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. ഇത് മുഖക്കുരുവിലേക്ക് നയിക്കും. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ്. എസ്പിഎഫ് 50+ അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സൗന്ദര്യ സംരക്ഷണ രംഗത്തെ പ്രമുഖരും പറയുന്നു.
സൂര്യനില്‍ നിന്നുള്ള സംരക്ഷണത്തിനൊപ്പം ജലാംശം നിയന്ത്രിക്കാനും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് നല്ലതാണ്. സീസണ്‍ പരിഗണിക്കാതെ, പല്ല് തേയ്ക്കുന്നത് പോലെ സണ്‍സ്‌ക്രീനെ ദിനചര്യയുടെ ഭാഗമാക്കണം. അധിക സംരക്ഷണത്തിനായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള സണ്‍സ്‌ക്രീനുകള്‍ തിരഞ്ഞെടുക്കുക. ഇത് അള്‍ട്രാ വയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിനൊപ്പം എണ്ണമയവും നിയന്ത്രിക്കുന്നു.
പുറത്തു പോകുമ്പോള്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടാൻ ശ്രദ്ധിക്കുക. സമയക്കുറവുണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ സ്റ്റിക്കുകള്‍ അല്ലെങ്കില്‍ സ്‌പ്രേകള്‍ ഉപയോഗിക്കുക. ഇത് മേക്കപ്പ് നശിപ്പിക്കാതെ തന്നെ എളുപ്പത്തില്‍ ടച്ച്-അപ്പുകള്‍ ചെയ്യാന്‍ സഹായിക്കും .
Content Highlight: Beauty experts say sunscreen is necessary even during the rainy season