
സാര്‍കോമ കാന്‍സര്‍ അപൂര്‍വ്വമാണ് എങ്കിലും ശരീരത്തിലെ അസ്ഥി, തരുണാസ്ഥി, പേശികള്‍, രക്തക്കുഴലുകള്‍ തുടങ്ങിയവയെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് സാര്‍കോമ. മുതിര്‍ന്നവരിലുണ്ടാകുന്ന എല്ലാ കാന്‍സറുകളെ വച്ച് നോക്കുമ്പോഴും ഒരു ശതമാനത്തില്‍ താഴെ മാത്രമേ സാര്‍കോമ കാന്‍സര്‍ ഉണ്ടാകുന്നുള്ളൂ. പക്ഷേ കുട്ടികളെയും മുതിര്‍ന്നവരെയും ഇത് ബാധിക്കാം. ഇവയുടെ ലക്ഷണങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണ്. എങ്കിലും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ചികിത്സയ്ക്ക് ഗുണം ചെയ്യും.
വേദനയില്ലാത്ത മുഴ അല്ലെങ്കില്‍ വീക്കം
സാര്‍ക്കോമയുടെ ഏറ്റവും സാധാരണമായ ആദ്യകാല ലക്ഷണങ്ങളില്‍ ഒന്ന് വേദനയില്ലാത്ത ഒരു മുഴയോ, മൃദുവായ കലകളിലോ അസ്ഥികളിലോ ഉണ്ടാകുന്ന വീക്കമോ ആണ്. ഈ മുഴ കാലക്രമേണ സാവധാനത്തില്‍ വളരുകയും തൊടുമ്പോള്‍ ഉറച്ചതായി തോന്നുകയും ചെയ്യും. മുഴയ്ക്ക് ആദ്യസമയത്ത് വേദനയില്ലാത്തതിനാല്‍, പലരും ഇത് അവഗണിക്കുകയോ നിരുപദ്രവകരമായി തെറ്റിദ്ധരിക്കുകയോ ചെയ്യുന്നു. മുഴ സാധാരണയായി ചര്‍മ്മത്തിനടിയിലായിരിക്കാം കാണപ്പെടുന്നത്. ഇതിന് വലുപ്പത്തില്‍ വ്യത്യാസമുണ്ടാകാം. വലിപ്പം വയ്ക്കുമ്പോള്‍ മുഴ അടുത്തുള്ള ഞരമ്പുകളിലോ പേശികളിലോ സ്പര്‍ശിക്കാന്‍ തുടങ്ങിയാല്‍ അത് വേദനാജനകമായിത്തുടങ്ങും. വളര്‍ന്നുകൊണ്ടിരിക്കുന്നതും ഉറച്ചതും വേദനയില്ലാത്തതുമായ ഒരു മുഴ ശരീരത്തില്‍ കണ്ടെത്തിയാല്‍ തീര്‍ച്ചയായും അത് പരിശോധിക്കേണ്ടതാണ്.
അസ്ഥികളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന
അസ്ഥികളില്‍ ഉണ്ടാകുന്ന സാര്‍കോമകള്‍ പലപ്പോഴും വേദന ഉണ്ടാക്കുന്നവയാണ്. ഈ വേദന ആദ്യം (ആഴ്ചകളില്‍/മാസങ്ങളില്‍) വന്നു പോകുകയും രാത്രിയില്‍ കൂടുതല്‍ വഷളാവുകയും ചെയ്യാം. കുട്ടികളിലോ കൗമാരക്കാരിലോ ഉണ്ടാകുന്ന വേദന വളര്‍ച്ചാ കാലത്തുണ്ടാകുന്ന സാധാരണ വേദനയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. പ്രായമായവരില്‍ പരിക്കുമായി ബന്ധപ്പെട്ട വേദനയായോ, ആര്‍ത്രൈറ്റിസായോ തെറ്റിദ്ധരിക്കപ്പെടാം. കാലക്രമേണ, വേദന കൂടുതല്‍ സ്ഥിരവും കഠിനവുമായിത്തീരുന്നു.
നീര്‍വീക്കവും ചലനശേഷി കുറയലും
ട്യൂമര്‍ വളരുമ്പോള്‍, മുഴയ്‌ക്കോ അസ്ഥിക്കോ ചുറ്റും വീക്കം ഉണ്ടാകാം. ഈ വീക്കം അടുത്തുള്ള സന്ധിയോ അവയവമോ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടാക്കിയേക്കാം. സന്ധി വളയ്ക്കുന്നതിനോ നിവര്‍ത്താനോ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സാര്‍കോമ ബാധിച്ച അവയവം പൂര്‍ണമായും ചലിപ്പിക്കാനാവില്ല മാത്രമല്ല വേദനയും ഉണ്ടാവാം. ചില സമയത്ത് നീര്‍വീക്കം ചൂടുള്ളതോ മൃദുവായതോ ആയി തോന്നാം. ഒരു മുഴയ്ക്ക് സമീപം വീക്കം അനുഭവപ്പെടുകയോ സന്ധികളില്‍ തുടര്‍ച്ചയായ വേദന അനുഭവപ്പെടുകയോ ചെയ്താല്‍ വൈദ്യസഹായം ആവശ്യമുള്ള ഒരു മുന്നറിയിപ്പ് സൂചനയാണ്.
ഭാരക്കുറവും ക്ഷീണവും
പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ശരീരഭാരം കുറയുന്നതും ക്ഷീണവും വിശപ്പില്ലായ്മയും തോന്നുന്നതും സാര്‍ക്കോമയുടെ പ്രാരംഭ ലക്ഷണങ്ങളായിരിക്കാം. ക്യാന്‍സര്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ടാണിത്. സാധാരണ അവസ്ഥയില്‍ പോലും ക്ഷീണമോ ബലഹീനതയോ ഉണ്ടാകാം. ഒരുപക്ഷേ ഇത് സാര്‍കോമയുടെ ആദ്യകാല സൂചനകളാകാം. ശരീരഭാരം കുറയുന്നതും ക്ഷീണവും മുഴകള്‍ അല്ലെങ്കില്‍ വേദന പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം സംഭവിക്കുകയാണെങ്കില്‍, ഒരു ഓങ്കോളജിസ്റ്റിനെ സമീപിക്കേണ്ടത് പ്രധാനമാണ്.
വയറുവേദനയോ ദഹനസംബന്ധമായ പ്രശ്‌നങ്ങളോ
ചില സാര്‍കോമകള്‍ ശരീരത്തിനുള്ളില്‍ ആഴത്തില്‍ വളരുന്നവയാണ്. ഉദാഹരണത്തിന് വയറിലോ നെഞ്ചിലോ ഒക്കെ. ഇവ മുഴപോലെ അല്ലെങ്കിലും മറ്റ് ലക്ഷണങ്ങള്‍ക്ക് കാരണമാകും.
ഈ ലക്ഷണങ്ങള്‍ പല അവസ്ഥകളാലും ഉണ്ടാകാം. സ്ഥിരമായതോ അസാധാരണമോ ആണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വിലയിരുത്തണം
(ഈ ലേഖനം വിവരദായക ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ക്ക് എപ്പോഴും വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :These are the five early symptoms of sarcoma cancer, which affects the bones, muscles, and blood vessels