
ആപ് ജേസേ കോയി എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലൂടെ വീണ്ടും റൊമാന്റിക് ഹീറോയായി സ്‌ക്രീനിലെത്താൻ ഒരുങ്ങുകയാണ് ആർ മാധവൻ. ഫാത്തിമ സന ഷെയ്ഖാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഓൺ സ്‌ക്രീൻ കെമിസ്ട്രിയെ കുറിച്ച് മാധവൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
റിയൽലൈഫിൽ ഭാര്യഭർത്താക്കന്മാരായ അഭിനേതാക്കൾക്ക് ഓൺസ്‌ക്രീനിൽ വളരെ മികച്ച രീതിയിൽ കെമിസ്ട്രി വർക്കൗട്ട് ചെയ്യാൻ കഴിയാറില്ല എന്നാണ് മാധവന്റെ വാക്കുകൾ. 'ഒരു റൊമാന്റിക് സീൻ ചെയ്യുമ്പോൾ നമുക്ക് എതിരെ നിൽക്കുന്ന ആളോട് ആകർഷണം തോന്നണം. അത് വളരെ പ്രകടമായി വരികയും വേണം. അല്ലെങ്കിൽ ആ സീനിന് സ്വാഭാവികത തോന്നില്ല.
ഇനി ഞാൻ പറയാൻ പോകുന്ന കാര്യം അൽപസ്വൽപം വിവാദങ്ങൾ സൃഷ്ടിച്ചേക്കാം, എന്നാലും പറയുകയാണ്. ഭാര്യഭർത്തക്കന്മാരായ താരങ്ങൾക്ക് ഓൺസ്‌ക്രീനിൽ ആ ഒരു ഫീൽ കൊണ്ടുവരാൻ കഴിയാറില്ല. ഇത്രയും നാളായി ഒരുമിച്ച് കഴിയുകയല്ലേ, അപ്പോൾ സിനിമയ്ക്ക് ആവശ്യമായ ഏറെ പ്രകടനപരമായ ആ കെമിസ്ട്രി അവർക്ക് സ്‌ക്രീനിലെത്തിക്കാൻ ആകാറില്ല. ബന്ധം പിരിഞ്ഞ ശേഷമാണെങ്കിൽ ചിലപ്പോൾ ഓൺ സ്‌ക്രീനിൽ റൊമാൻസ് വർക്കായേക്കാം,' മാധവൻ പറഞ്ഞു.
അതേസമയം, ആപ് ജേസേ കോയി എന്ന ചിത്രത്തിൽ ഏറെ പ്രായവ്യത്യാസമുള്ള രണ്ട് പേർ തമ്മിലുള്ള പ്രണയമാണ് പ്രമേയമാകുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. വിവേക് സോനി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 11നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.
Content Highlights: Married couples can't show on screen chemistry well, says R Madhavan