Reporter Exclusive: 'ജഡ്ജിയുമായി ആത്മബന്ധം കീപ്പ് ചെയ്യാന്‍ സാധിച്ചു'; ശബ്ദരേഖ റിപ്പോര്‍ട്ടറിന്
പാവറട്ടി കസ്റ്റഡിമരണത്തേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥന് ജിജു ജോസിനേക്കുറിച്ചും സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.
26 April 2022 5:31 AM GMT
ആർ രോഷിപാൽ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകള്‍. ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ സുപ്രധാന ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ദിലീപിന്റെ ഫോണില്‍ നിന്ന് വീണ്ടെടുത്ത ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. പാവറട്ടി കസ്റ്റഡികൊലയേക്കുറിച്ചും കേസില്‍ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥന് ജിജു ജോസിനേക്കുറിച്ചും ദിലീപിന്റെ സഹോദരന് അനൂപിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് അനൂപ്. ദിലീപ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്കിയ മുംബൈ ലാബില്‍ നിന്നുള്ള കൂടുതല്‍ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചിരിക്കുന്നത്.
ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ലോക്കപ്പ് മര്‍ദ്ദന മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയില്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ 'സന്തോഷിനെ 'അവര്‍' ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, 'അവരുടെ' ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു', എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ജഡ്ജിയുമായി ആത്മബന്ധം ഒന്നു കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണശകലം അവസാനിക്കുന്നത്.
ശബ്ദരേഖയില്‍ പറയുന്നത്
ചേട്ടാ നമസ്കാരം..
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, ഇപ്പോഴത്തെ നമ്മുടെ ചേട്ടന്റെ ഈ കേസ് കൈ മാറിയിട്ടുള്ള കോടതിയിലെ ജഡ്ജി ഉണ്ടല്ലോ. മൂപ്പരുടെ ഹസ്ബന്റിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം വന്നത്. ഒരു മറ്റേ ലോക്കപ്പ് മര്‍ദ്ദന മരണം എക്സൈസിന്റെ..ജിജു എന്ന് പറഞ്ഞിട്ട് മൂപ്പരുടെ ഹസ്ബന്റാണ് സിഐ. അപ്പോ അതുമായി ബന്ധപ്പെട്ട് നമ്മുടെ സന്തോഷ് വക്കീലിനെ അവര്‍ കോണ്ടാക്ട് ചെയ്തിരുന്നു. നമ്മുടെ ഭാഗത്ത് നിന്നും കണ്ഫ്യൂഷന് ഉണ്ടാകരുത്. അവരുടെ ലൈഫിനെയും ഭാവിയേയും ബാധിക്കുന്ന കാര്യം ആണെന്ന് പറഞ്ഞിട്ട്. അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നര്‍ത്ഥം.
Story Highlights: Dileep and associates attempted to influence judge hints anoops call record mentions a custodial murder