

'അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ് അല്‍ സയിദ് അങ്ങനെ വിളിക്കാന്‍ ബുദ്ധിമുട്ടള്ള ഡോണള്‍ഡ് ട്രംപിന് ഇനി സെനറ്റര്‍ എന്ന് വിളിക്കാം', അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ തന്നെ അബ്ദുല്‍ സയിദ് പറഞ്ഞ വാക്കുകളാണത്. അമേരിക്കന്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് അബ്ദുല്‍ സെയിദിന് ഉറപ്പായിരുന്നു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മിഷിഗണില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ സയിദ് അമേരിക്കന്‍ സെനറ്റ് ഹൗസിലെ ആദ്യ മുസ്‌ലിം സെനറ്ററായി.
മിഷിഗണില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ കടുത്ത വംശീയ പ്രചാരണങ്ങളെ കാറ്റില്‍ പറത്തിയാണ് അല്‍ സയിദ് സെനറ്റ് ഹൗസിലേക്ക് ചുവട് വെച്ചത്. മുസ്‌ലിം വിരുദ്ധത സദാ സമയം ഉയര്‍ത്തിപ്പിക്കുന്ന ട്രംപിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് അബ്ദുല്‍ സയിദിന്റെ ജയം. അബ്ദുല്‍ സയിദ് എന്ന പേര് പറയാന്‍ പോലും തനിക്കാവില്ലെന്ന് പറഞ്ഞ ഡോണള്‍ഡ് ട്രംപിന് അതേ നാണയത്തിലാണ് അബ്ദുല്‍ സയിദ് മറുപടി നല്‍കിയത്.

'ഭീകരവാദി', 'ജിഹാദി', 'വിമാനത്തില്‍ പോലും കയറ്റാന്‍ കൊള്ളാത്തവന്‍' ഇങ്ങനെ നിരവധി വിദ്വേഷ പ്രചാരണങ്ങളാണ് അബ്ദുല്‍ സയിദിനെതിരെ ട്രംപ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സോഹ്റാന്‍ മംമ്ദാനിക്കെതിരെ ട്രംപ് നടത്തിയ സമാനമായ വിദ്വേഷ പ്രചാരണങ്ങളുടെ തുടര്‍ച്ചയായിരുന്നു മിഷിഗണിലും കണ്ടത്. എന്നാല്‍ ന്യൂയോര്‍ക്കിലെന്ന പോലെ മിഷിഗണിലും ജനം ട്രംപിന്റെ വംശീയതയെ തള്ളിക്കളഞ്ഞു. അങ്ങനെ 237 വര്‍ഷത്തെ ചരിത്രമുള്ള അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം എന്ന ചരിത്രനേട്ടവും അബ്ദുല്‍ അല്‍ സായിദ് സ്വന്തമാക്കി.
മിഷിഗണ്‍ ഒരു സ്വിങ് സ്റ്റേറ്റാണ്. ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കുകളെയും മാറിമാറി പിന്തുണയ്ക്കുന്നതാണ് ചരിത്രം. അതിനാല്‍ തന്നെ മിഷിഗണിലെ ഫലം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എക്കാലത്തും നിര്‍ണായകമാണ്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിഷിഗണില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കയായിരുന്നു മേധാവിത്വം. അറബ് അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയായിരുന്നു ഇതിന് കാരണം. ഗാസയിലെ പ്രതിസന്ധികളില്‍ ബൈഡന്‍ ഭരണകൂടം വിട്ടുനിന്നത് ട്രംപിന് അനൂകൂല വിധിയുണ്ടാക്കി. എന്നാല്‍ ഇത്തവണ ഇറാനെതിരായ ആക്രമണവും ഇസ്രയേലിന് നല്‍കി വരുന്ന തുറന്ന പിന്തുണയമെല്ലാം ട്രംപിന് തിരിച്ചടിയായി. ഇവിടെയാണ് അല്‍ സായിദ് വ്യക്തമായ പ്രാചരണങ്ങള്‍ കൊണ്ട് ചരിത്ര നേട്ടം സൃഷ്ടി്ച്ചത്. 2024ല്‍ ട്രംപിനെ പിന്തുണച്ചവര്‍ ഇത്തവണ അല്‍ സായിദിന് പരസ്യ പിന്തുണ നല്‍കി. ആദ്യമായല്ല സയിദ് എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2018ല്‍ മിഷിഗണ്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. പീന്നാണ് സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് സയിദ് മത്സരിക്കുന്നത്.

മിഷിഗണില്‍ ജനിച്ച, ഈജിപ്ഷ്യന്‍ വംശജനായ അമേരിക്കന്‍ പൗരനാണ് അബ്ദുല്‍ റഹ്‌മാന്‍ മുഹമ്മദ് അല്‍ സയിദ്. അമേരിക്കന്‍ പൊതുജനാരോഗ്യ രംഗത്താണ് പ്രവര്‍ത്തനം തുടങ്ങിയത്. കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും ഓക്‌സ്ഫഡില്‍നിന്ന് പൊതുജനാരോഗ്യത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
അമേരിക്കന്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ വ്യക്തമായ പ്രചാരണങ്ങളിലൂടെയാണ് സയിദ് നേരിട്ടത്. ട്രംപ് ഭരണകൂടത്തിനെ ചോദ്യം ചെയ്യുന്നതായിരുന്നു അബ്ദുല്‍ സയിദിന്റെ ഓരോ മുദ്രാവാക്യവും. മണി ഔട്ട് ഓഫ് പൊളിറ്റിക്‌സ്, മണി ഇന്‍ യുവര്‍ പോക്കറ്റ് മെഡികെയര്‍ ഫോര്‍ ആള്‍. ജീവിത ചിലവ് കുറയ്ക്കുന്നതും ശതകോടീശ്വരന്‍മാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതും ഗാസ അടക്കമുള്ള വിദേശ രാജ്യങ്ങളോടുള്ള നയത്തില്‍ സമഗ്ര മാറ്റം വരുത്തുന്നതും തുടങ്ങി നിരവധി ആശയങ്ങളാണ് സയിദ് മുന്നോട്ട് വെച്ചത്. കൂടാതെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധതയ്‌ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.
കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റ നയം നടപ്പിലാക്കാനും വാടക കുറയ്ക്കുക തുടങ്ങിയ നിരവധി ആശങ്ങള്‍ സയിദ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കുവെച്ചിരുന്നു. ഒടുവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തി സെനറ്റര്‍ സ്ഥനത്തേയ്ക്ക് എത്തിയപ്പോഴും അബ്ദുല്‍ സയിദ് തന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു. ജനങ്ങള്‍ വിദ്വേഷത്തെയും വെറുപ്പിനെയും മറികടന്ന് പുതിയ മാറ്റത്തിന് വോട്ടുചെയ്‌തെന്നാണ് അബ്ദുല്‍ സയിദ് പറഞ്ഞത്.
Content Highlights: Abdul El-Sayed, elected from Michigan, becomes the first Muslim senator in the US Senate, marking a notable moment in American politics.