മരിയ കൊരീന മച്ചാഡോ നൊബേലിന് അർഹയോ? അമേരിക്കൻ - സയണിസ്റ്റ് സംഘങ്ങളുടെ ഉറ്റതോഴി എന്ന് വിമർശനം

മരിയ കൊരീന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ വലിയ വിമർശനമാണ് ഉയര്‍ന്നു വരുന്നത്.

മരിയ കൊരീന മച്ചാഡോ നൊബേലിന് അർഹയോ? അമേരിക്കൻ - സയണിസ്റ്റ് സംഘങ്ങളുടെ ഉറ്റതോഴി എന്ന് വിമർശനം
dot image

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നൊബേൽ മോഹങ്ങൾക്ക് മേൽ ആണിയടിച്ചുകൊണ്ടാണ് ഇത്തവണ സമാധാന നൊബേൽ പ്രഖ്യാപിച്ചത്. വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യാവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്കാരം നല്‍കുന്നത് എന്നായിരുന്നു നൊബേല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.

María Corina Machado
മരിയ കൊരീന മച്ചാഡോ

പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് കമ്മിറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു: ' അങ്ങുമിങ്ങുമായിക്കിടന്ന വെനസ്വേലൻ പ്രതിപക്ഷ രാഷ്ട്രീയത്തെ ഒന്നിച്ചുചേർക്കാൻ മുഖ്യ പങ്കുവഹിച്ചയാളാണ് മരിയ കൊരീന മച്ചാഡോ. ഒരു ജനാധിപത്യ രാജ്യമായിരുന്ന ഇടത്തുനിന്നും ക്രൂരമായ സ്വേച്ഛാധിപത്യ രാജ്യമായി മാറിയ വെനസ്വേല ഇപ്പോൾ രൂക്ഷമായ മാനുഷിക, സാമ്പത്തിക പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ ഭരണകൂടം സ്വന്തം ജനങ്ങൾക്ക് നേരെ നിലകൊള്ളുകയാണ്. രാഷ്ട്രീയ കാലാവസ്ഥയെ തകിടം മറിക്കുകയാണ്. മരിയ കൊരീന മച്ചാഡോ ഇതിനെതിരെ ശക്തമായി നിലകൊണ്ട നേതാവാണ്. ഇരുപത് വർഷമായി സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടി വാദിക്കുന്നയാളാണ്.'

എന്നാൽ മരിയ കൊരീന മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. മച്ചാഡോ അമേരിക്കയോടും ഇസ്രയേലിനോടും പുലര്‍ത്തുന്ന സമീപനമാണ് ഈ വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തങ്ങൾ ജയിച്ചാൽ വെനസ്വേലൻ എംബസി ജറുസലേമിലേക്ക് മാറ്റുമെന്നും ഇസ്രയേലിന് പിന്തുണ നൽകുമെന്നും മരിയ കൊറീന പറഞ്ഞിരുന്നു. 2018ൽ ഇസ്രയേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിനോട് വെനസ്വേലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോറിന മച്ചാഡോ കത്തെഴുതിയിരുന്നു. മച്ചാഡോയുടെ അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയായ വെന്റെ വെനസ്വേസലയും നെതന്യാഹുവിന്റെ ലികുഡുമായി അടുത്ത ബന്ധമാണ് ഉള്ളതാണ്. പല രാജ്യങ്ങളിലെയും തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി ഇവര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്.

María Corina Machado's tweet about Israel

കടുത്ത അമേരിക്കൻ പക്ഷക്കാരി കൂടിയാണ് മരിയ കൊരീന മച്ചാഡോ. വെനസ്വേലക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ പരസ്യമായി പിന്തുണയ്ക്കുന്ന വ്യക്തി കൂടിയാണവർ. 'ക്രിമിനൽ സിസ്റ്റം' എന്ന് അവര്‍ വിളിച്ചുപോരുന്ന മഡുറോയുടെ സർക്കാരിനെ താഴെയിറക്കാൻ ഇത്തരം ഉപരോധങ്ങൾ ആവശ്യമാണെന്നാണ് മച്ചാഡോയുടെ പക്ഷം. കഴിഞ്ഞ സെപ്റ്റംബറിൽ വെനസ്വേലയുമായുള്ള തർക്കം രൂക്ഷമാകാൻ കാരണമായ അമേരിക്കൻ നേവിയുടെ സ്പീഡ്ബോട്ട് ആക്രമണത്തെ മച്ചാഡോ പരസ്യമായി പിന്തുണച്ചിരുന്നു. ഈ രീതിയെ പിന്തുണയ്ക്കുന്നുവെന്നും ഈ നടപടി ദീർഘദർശനത്തോടെ ഉള്ളതായിരുന്നുവെന്നുമാണ് മച്ചാഡോയുടെ വാദം. മഡുറോയെ അട്ടിമറിക്കാന്‍ സഹായം ചെയ്യണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥനയും നടത്തിയിരുന്നു.

നൊബേല്‍ പ്രഖ്യാപനത്തിന് പിന്നാലെ മരിയ കൊരീന മച്ചാഡോയുടെ രാഷ്ട്രീയ നിലപാടുകളും പ്രവര്‍ത്തനങ്ങളും വ്യാപകമായ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഒപ്പം തന്നെ നൊബേല്‍ കമ്മിറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അധിനിവേശത്തെയും വംശഹത്യയെയും പിന്തുണക്കുന്നവരെ സമാധാനത്തിനുള്ള നൊബേലിനായി പരിഗണിക്കുന്നത് അസംബന്ധമാണെന്നാണ് വരുന്ന പ്രതികരണങ്ങള്‍.

Content Highlights: Maria Corina Machado wins Nobel and her political connections with America and Israel in discussions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us