സച്ചിനെ വെട്ടി, മുന്നിൽ ബ്രാഡ്മാൻ മാത്രം! ജയ്‌സ്വാളിന് റെക്കോഡ്

താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിൽ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് എത്തി

സച്ചിനെ വെട്ടി, മുന്നിൽ ബ്രാഡ്മാൻ മാത്രം! ജയ്‌സ്വാളിന് റെക്കോഡ്
dot image

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി 150 റൺസും കടന്ന് മുന്നേറുകയാണ് ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിൽ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് എത്തി. സായ് സുദർശൻ 87 നേടി പുറത്തായി. 150 നേടിയതോടെ വമ്പൻ റെക്കോഡാണ് ജയ്‌സ്വാൾ സ്വന്തമാക്കിയത്. 23 വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 150 റൺസ് കടക്കുന്ന ബാറ്റർമാരിൽ എത്തിയിരിക്കുകയാണ് ജയ്‌സ്വാൾ.

അഞ്ച് തവണയാണ് ജയ്‌സ്വാൾ 150ന് മുകളിൽ സ്‌കോർ ചെയ്തത്. രണ്ട് വർഷത്തെ കാലയളവിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് 23 വയസ്സിൽ നാല് 150+ സ്‌കോറുകളാണ് ഉണ്ടായിരുന്നത്. തന്റെ മുന്നിൽ ഇതിഹാസ ബാറ്റർ ഡോൺ ബ്രാഡ്മാൻ മാത്രമാണുള്ളത്. എട്ട് തവണയാണ് ബ്രാഡ്മാൻ 23ാം വയസ്സിൽ ഓസ്‌ട്രേലിയക്ക് വേണ്ടി 150ന് മുകളിൽ സ്‌കോർ ചെയ്തത്.

അതേസമയം ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. 173 റൺസുമായി യശസ്വി ജയ്‌സ്വാളും 20 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. സായ് സുദർശൻ, കെഎൽ രാഹുൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

253 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 22 ഫോറുകളടിച്ചാണ് 173 റൺസ് നേടിയത്. ഓപ്പണിങ്ങിൽ രാഹുലുമൊത്തും, പിന്നീട് സായ്‌ക്കൊപ്പവും മികച്ച കൂട്ടുക്കെട്ടാണ് ജയ്‌സ്വാൾ സൃഷ്ടിച്ചത്. രാഹുൽ 38 റൺസ് നേടിയപ്പോൾ സുദർശൻ 87 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗില്ലാണ് ജയ്‌സ്വാളിനൊപ്പം ക്രീസിലുള്ളത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രാഹുലും ജയ്‌സ്വാളും ഇന്ത്യക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം വിക്കറ്റിൽ സുദർശനും ജയ്്‌സ്വാലും സ്‌കോറിങ്ങിന്റെ വേഗത കൂട്ടി. രണ്ടാം വിക്കറ്റിൽ 193 റൺസാണ് ഇരുവരും ചേർത്തത്.

ഗില്ലും ജയ്‌സ്വാളും മൂന്നാം വിക്കറ്റിൽ ഇതുവരെ 67 റൺസിന്റെ കൂട്ടുക്കെട്ട് സൃഷ്ടിച്ചിട്ടുണ്ട്.


ഈ മത്സരത്തിൽ വിജയിച്ചാൽ സമ്പൂർണ ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്‌സിനും 140 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ആദ്യ മത്സരം വിജയിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനും ഇറങ്ങുന്നത്.

Content Highlights- Yashasvi Jaiswall Scored 150 breaks record

dot image
To advertise here,contact us
dot image