'Fox eyes'ന് വേണ്ടി ശസ്ത്രക്രിയ നടത്തി; ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം

ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്

'Fox eyes'ന് വേണ്ടി ശസ്ത്രക്രിയ നടത്തി; ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം
dot image

സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ പിറകേ പോയി പ്രശ്‌നത്തിലാവുന്ന നിരവധി പേരുണ്ട്. മുഖത്തെ ചുളിവ് മാറ്റാന്‍ ലൈസന്‍സില്ലാത്ത ക്ലിനിക്കില്‍ പോയി ഇന്‍ജക്ഷനെടുത്ത് ബുദ്ധിമുട്ടിലായ വൃദ്ധയായ സ്ത്രീ വരെ അതിലുള്‍പ്പെടും. ഇപ്പോള്‍ കണ്ണുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായി ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ് ബ്രസീലിയന്‍ ഇന്‍ഫ്‌ളുവന്‍സറായ 31കാരിക്ക്.

ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്. ഇവിടെ വില്ലനായത് കണ്ണിന് ചെയ്ത് Fox eyes എന്ന ശസ്ത്രക്രിയയാണ്.

സോഷ്യല്‍മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ് Fox eyes. അദൈറിന് സംഭവിച്ചതെന്താണെന്ന് വിശദീകരിക്കുകയാണ് ഏസ്‌ത്തെറ്റിക്ക് ക്ലിനിക്‌സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ ദേബ്‌രാജ് ഷോം. കണ്ണിന്റെകോണുകള്‍ പുറത്തേക്ക് നീട്ടുന്ന കോസ്മറ്റിക്ക് പ്രൊസീജിയറാണ് Fox eyes. ബദാം അല്ലെങ്കിൽ പൂച്ചയുടെ കണ്ണുകള്‍ പോലെ കണ്ണുകളുടെ രൂപം മാറ്റുന്ന ഈ പ്രക്രിയ പിരുകം മുകളിലേക്ക് മാറ്റം വരുത്തിയും, ചെറിയ മുറിവുകളിലൂടെയും, അല്ലെങ്കില്‍ ചര്‍മം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമൊക്കെയാണ് സാധാരണയായി ചെയ്യുന്നത്.

ഒരു വ്യക്തിയുടെ മുഖത്തിന്റെ ഘടന അനുസരിച്ചാണ് ഏത് തരത്തിലുള്ള രീതിയായിരിക്കും മികച്ചതെന്ന് ശസ്ത്രക്രിയ ചെയ്യുന്നവര്‍ തീരുമാനിക്കുക. കണ്ണിന്റെ ഭാഗവും പിരുകത്തിന്റെ ഭാഗവും ഉള്‍പ്പെടുന്നിടത്താണ് ശസ്ത്രക്രിയ നടത്തുക. ഇത്തരം ശസ്ത്രക്രിയ കഴിയുമ്പോള്‍ അവിടെ വീക്കവും ചതവുമൊക്കെ ഉണ്ടാവും. ഒരാഴ്ചയെടുക്കും ഇതിന്റെ ഫലം പൂര്‍ണമായി ലഭിക്കാന്‍. കൃത്യമായ രീതിയിലുള്ള പരിചരണം നല്‍കിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഡോക്ടര്‍ പറയുന്നു.

ചിലപ്പോള്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ക്ക് കണ്ണിന്റെ അലൈന്‍മെന്റ് മാറാം, നാഡികള്‍ക്ക് പരിക്കേല്‍ക്കാം, കോര്‍ണിയയ്ക്ക് അസ്വസ്ഥതയുണ്ടാവാം. ത്രെഡ് ലിഫ്റ്റ് ചെയ്യുമ്പോള്‍ വീക്കവും അണുബാധയും ഉണ്ടാവും. ചിലപ്പോള്‍ ഇത് ഹെമറ്റോമയ്ക്കും കോശങ്ങളില്‍ പ്രശ്‌നങ്ങളുമുണ്ടാകാം. അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. വീക്കവും അണുബാധയും ഉണ്ടായതിന് പുറമേ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതാണ് അദൈറിന്‍റെ ആരോഗ്യം മോശമാവാന്‍ കാരണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടം ഒഴിവാക്കാന്‍ എന്ത് ചെയ്യാം?

  1. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വിദഗ്ധരായ ആളുകളെ മാത്രം സമീപിക്കുക
  2. ശസ്ത്രക്രിയക്ക് മുമ്പ് ആരോഗ്യ പരിശോധനകള്‍ നടത്തുക. ശരീരത്തില്‍ മുമ്പേയുള്ള അണുബാധ, ഡയബറ്റീസ്, പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വിഷങ്ങള്‍ അപകടമുണ്ടാക്കും
  3. ശസ്ത്രക്രിയക്ക് ശേഷമുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. മുറിവുള്ളിടം വൃത്തിയായി സൂക്ഷിക്കുക, അവിടെ സ്പര്‍ശിക്കുന്നതും തിരുമുന്നതും ഒഴിവാക്കുക, പനി, വീക്കം, ശ്വാസംമുട്ട് പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കോസ്മറ്റിക്ക് സര്‍ജറിക്കള്‍ ബ്യൂട്ടി ഹാക്കല്ല, അതൊരു ശസ്ത്രക്രിയ തന്നെയാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവണമെന്ന് ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.
Content Highlights: 31years old Brazilian influencer died after Fox eyes surgery

dot image
To advertise here,contact us
dot image