പലസ്തീന് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം; 21 വാട്ടർ ​ടാങ്കറുകൾ എത്തിക്കും

ദുരിതബാധിത പ്രദേശങ്ങളില്‍ ശുദ്ധീകരിച്ച വെള്ളത്തിന്റെ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം

പലസ്തീന് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം; 21 വാട്ടർ ​ടാങ്കറുകൾ എത്തിക്കും
dot image

പലസ്തീന് സഹായവുമായി വീണ്ടും യുഎഇ ഭരണകൂടം. ഗാസയിലെ രൂക്ഷമായ ജലക്ഷാമം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 21 വാട്ടര്‍ ടാങ്കറുകള്‍ എത്തിച്ചുനല്‍കി. രണ്ട് ലക്ഷം പേര്‍ക്ക് ഈ പ്രവർത്തനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ് 3' ദൗത്യത്തിന്റെ ഭാഗമായാണ് ഗാസയില്‍ യുഎഇ ഭരണകൂടം വാട്ടര്‍ ടാങ്കറുകള്‍ എത്തിച്ചത്.

കോസ്റ്റല്‍ മുനിസിപ്പാലിറ്റീസ് വാട്ടര്‍ യൂട്ടിലിറ്റിക്കാണ് ടാങ്കറുകള്‍ കൈമാറിയത്. ഒരേ സമയം 1,50,000 ലിറ്റര്‍ വെള്ളം കൊണ്ടുപോകാന്‍ ഇതിലൂടെ കഴിയും. 10 ക്യൂബിക് മീറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഓരോ ടാങ്കറും. ദുരിതബാധിത പ്രദേശങ്ങളില്‍ ശുദ്ധീകരിച്ച വെള്ളത്തിന്റെ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ശുദ്ധീകരിച്ച ജലത്തിന്റെ വിതരണം നിലനിര്‍ത്താന്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും കൂടുതല്‍ ആവശ്യമുള്ള ഈ ഘട്ടത്തില്‍ ടാങ്കറുകള്‍ എത്തിയത് ഏറെ സഹായകരമാണെന്നും കോസ്റ്റല്‍ മുനിസിപ്പാലിറ്റീസ് വാട്ടര്‍ യൂട്ടിലിറ്റി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ ഷത്താത്ത് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ യുഎഇ സര്‍ക്കാരിന്റെ പിന്തുണക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

പലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതില്‍ യുഎഇയുടെ അചഞ്ചലമായ മാനുഷിക സമീപനത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് 'ഓപ്പറേഷന്‍ ഷിവലറസ് നൈറ്റ് 3'യുടെ ഗാസയിലെ മീഡിയ ഡയറക്ടര്‍ ഷെരീഫ് അല്‍-നൈറബ് പ്രതികരിച്ചു. ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചത് മുതല്‍ ഗാസക്ക് തുടര്‍ച്ചയായി സഹായം നല്‍കി വരുന്ന രാജ്യമാണ് യുഎഇ.

ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും അടക്കം ഠണ്‍ കണക്കിന് മാനുഷിക സഹായമാണ് ഇതിനകം യുഎഇ ഗാസക്ക് കൈമാറിയത്. കഴിഞ്ഞ മാസം, ഖാന്‍ യൂനിസിലെ മാവാസി മേഖലയിലേക്ക് അല്‍ അരീഷിലെ എമിറാത്തി സ്റ്റേഷനില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്ന പുതിയൊരു പൈപ്പ് ലൈനും ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിദിനം 20 ലക്ഷം ഗാലന്‍ ശേഷിയുള്ള ഈ പൈപ്പ് ലൈനിലൂടെ ഗാസയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.

Content Highlights: UAE aid convoy enters Gaza with water tanker

dot image
To advertise here,contact us
dot image