അബുദബി വിമാനത്താവളം 'അടപ്പിച്ച' ആഫ്രിക്കൻ രാജാവ് 'കുബേരൻ'; ഈശ്വതിനി രാജ്യത്തെ പ്രജകൾ 'കുചേലന്മാർ'

എംസ്വതി രാജാവും അദ്ദേഹത്തിൻ്റെ രാജ്യമായ ഈശ്വതിനിയും ചർച്ചകളിൽ നിറയുകയാണ്

അബുദബി വിമാനത്താവളം 'അടപ്പിച്ച' ആഫ്രിക്കൻ രാജാവ് 'കുബേരൻ'; ഈശ്വതിനി രാജ്യത്തെ പ്രജകൾ 'കുചേലന്മാർ'
dot image

കഴിഞ്ഞ ദിവസം അബുദബിയിലെത്തിയ ഈശ്വതിനിയെന്ന ആഫ്രിക്കൻ രാജ്യത്തെ രാജാവ് ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. അബുദാബി വിമാനത്താവളത്തിൻ്റെ പ്രവർത്തനം പോലും താളതെറ്റിക്കുന്ന നിലയിലായിരുന്ന ആ വരവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആകെയുണ്ടെന്ന് പറയപ്പെടുന്ന 30 ഭാര്യമാരിൽ 15 ഭാര്യമാരെയും 30ഓളം മക്കളെയും 100 പരിചാരകരെയും ഒപ്പം കൂട്ടിയായിരുന്നു എംസ്വതി മൂന്നാമൻ രാജാവ് അബുദബി സന്ദർശിക്കാനെത്തിയത്. സ്വന്തം സ്വകാര്യ ജെറ്റിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയ എംസ്വതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ എംസ്വതി രാജാവും അദ്ദേഹത്തിൻ്റെ രാജ്യമായ ഈശ്വതിനിയും ചർച്ചകളിൽ നിറയുകയാണ്.

ലോകത്തിലെ ഏക സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന രാജ്യമാണ് ഈശ്വതിനി. 1.1 മില്യൺ ജനങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഈശ്വതി. 17,364 സ്ക്വയർ കിലോമീറ്ററാണ് ഈ രാജ്യത്തിൻ്റെ വലിപ്പം. ഇവിടുത്തെ ജനങ്ങളിൽ ഭൂരിപക്ഷവും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരും പരമ്പരാഗത ജീവിതരീതികൾ പിന്തുടരുന്നവരുമാണ്. അതിസമ്പന്നനായ രാജാവും ദാരിദ്രവും ദുരിതവും അനുഭവിക്കുന്ന ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ഉള്ള നാടെന്നാണ് ഈശ്വതി വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന എച്ച്ഐവി വ്യാപന നിരക്കുള്ള രാജ്യം കൂടിയാണ് ഈശ്വതിനി. എച്ച്ഐവി ബാധിതരായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ മരിച്ചത്.

സ്വാസിലാൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേര് ഈശ്വതിനി എന്ന് പുനർനാമകരണം ചെയ്തത് 2018ലാണ്. 19-ാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ച എംസ്വതി രണ്ടാമനിൽ നിന്നാണ് സ്വാസിലാൻഡ് എന്ന പേര് രാജ്യത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ് രാജ്യം വികസിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്തത്. പിന്നീട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരിക്കെ സോബുസ രണ്ടാമൻ രാജാവ് ഭരിക്കുമ്പോഴാണ് രാജ്യത്തിന് ആദ്യമായി ഒരു ഭരണഘടന ഉണ്ടാകുന്നത്. 1964ലായിരുന്നു ഇത്. ഇംബോകോഡ്‌വോ നാഷണൽ മൂവ്‌മെന്റ് (INM) എന്ന രാഷ്ട്രീയ പാർട്ടിയും സോബുസ രാജാവ് സ്ഥാപിച്ചു.

കോമൺവെൽത്തിൽ തുടർന്ന് കൊണ്ട് സ്വാസിലാൻഡിന് ‌1968ൽ ഔപചാരികമായി സ്വാതന്ത്ര്യം ലഭിച്ചു. പുതിയ ഭരണഘടനയ്ക്കും അം​ഗീകാരം ലഭിച്ചു. അധികാരം പുതിയ പാർലമെന്റിൽ നിക്ഷിപ്തമാകുന്ന നിലയിലായിരുന്നു ഭരണഘടന നിലവിൽ വന്നത്. എന്നാൽ 1973ൽ സോബുസ രാജാവ് ഭരണഘടന സസ്പെൻഡ് ചെയ്യുകയും രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുകയും ചെയ്തു. 1982ൽ സോബുസ രാജാവ് മരിച്ചു. ഭാവി രാജാവായ മഖോസെറ്റിവ് രാജകുമാരന് (എംസ്വതി മൂന്നാമൻ) അപ്പോൾ 21 വയസ്സ് തികഞ്ഞിരുന്നില്ല. അതുവരെ റീജന്റായി പ്രവർത്തിക്കാൻ രാജ്ഞിയായ ഡിസെലിവെയ്ക്ക് അധികാരമുണ്ടായിരുന്നു. റീജന്റായിരുന്നു ഡിസെലിവെ രാജ്ഞിയെ സ്ഥാനഭ്രഷ്ടയാക്കി 1983ൽ മഖോസെറ്റിവ് രാജകുമാരന്റെ അമ്മയായ രാജ്ഞി നോംബി റീജന്റായി ചുമതലയേറ്റു. 1986ലാണ് മഖോസെറ്റിവ് രാജകുമാരൻ എംസ്വതി മൂന്നാമൻ എന്ന പേരിൽ രാജാവായി ചുമതലയേൽക്കുന്നത്. "സിംഹം" എന്ന് അർത്ഥം വരുന്ന എൻഗ്വേയാമ എന്ന പേരിലും രാജാവ് അറിയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജാവായാണ് എംസ്വതി മൂന്നാമനെ കണക്കാക്കുന്നത്. ഏകദേശം 1 ബില്യൺ ഡോളറിലധികമാണ് അദ്ദേഹത്തിൻ്റെ ആസ്തിയെന്നാണ് കണക്കാക്കുന്നത്. രാജാവ് ആഡംബരത്തോടെ ജീവിക്കുമ്പോൾ ഈശ്വതിനിയിലെ ജനസംഖ്യയുടെ ഏകദേശം 60 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ട്. തകർന്ന ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സ‍ർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ക്ഷാമം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. 2021ൽ ഇവിടെ തൊഴിലില്ലായ്മ 23 ശതമാനത്തിൽ നിന്ന് 33.3 ശതമാനം ആയി ഉയർന്നതായി ലോക ബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നു. അതേ സമയം രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ നിർമ്മാണം, ടൂറിസം, കൃഷി, ടെലികമ്മ്യൂണിക്കേഷൻ, വനം തുടങ്ങിയ മേഖലകളിലെ കമ്പനികളിൽ രാജാവിന് ഓഹരികളുണ്ടെന്നാണ് സ്വാസിലാൻഡ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും ഇടയിലും ആഢംബര ജീവിതം നയിക്കുന്ന എംസ്വതി മൂന്നാമനെതിരെ ആഭ്യന്ത്രമായ എതിർപ്പ് ശക്തമാണ്. സാമ്പത്തിക തകർച്ചയിൽ രോഷാകുലരായ പ്രതിഷേധക്കാർ രാഷ്ട്രീയ പരിഷ്കരണം ആവശ്യപ്പെട്ട് പലവട്ടം രം​ഗത്ത് വന്നിട്ടുണ്ട്. 2007ൽ രാജ്യത്തിൻ്റെ വാണിജ്യ തലസ്ഥാനമായ മാൻസിനിയിൽ ജനാധിപത്യ പരിഷ്കാരങ്ങൾക്കായുള്ള ആവശ്യം ഉന്നയിച്ച് ആയിരക്കണിക്കിന് ജനങ്ങൾ പ്രതിഷേധവുമായി രം​ഗത്ത് ഇറങ്ങിയിരുന്നു. 2021സാമ്പത്തിക പരിഷ്കരണം ആവശ്യപ്പെട്ടായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ഈ ഘട്ടത്തിൽ കലാപങ്ങൾക്കും കൊള്ളകൾക്കും സുരക്ഷാ വിഭാ​ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾക്കും വഴിതെളിച്ചിരുന്നു.

Over the past five years, it has experienced notable declines in Freedom of Expression and Personal Integrity and Security. Eswatini’s primary industries include services and manufacturing; it relies heavily on neighboring South Africa for trade

എതിരാളികളെ ക്രൂരമായി നേരിടുന്നതിലും കേൾവി കേട്ടയാളാണ് എംസ്വതി മൂന്നാമൻ. ഈശ്വതിനിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ പീപ്പിൾസ് യുണൈറ്റഡ് ഡെമോക്രാറ്റിക് ഒപ്പോസിഷൻ മൂവ്‌മെന്റിന്റെ (PODEMO) നേതാവായ മ്ലുങ്കിസി മഖന്യയെ 2024 സെപ്റ്റംബർ 24 ന് ദക്ഷിണാഫ്രിക്കയിലെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈശ്വതിനി സർക്കാരിന്റെ ഒരു ഏജന്റ് നടത്തിയ കൊലപാതക ശ്രമമാണിതെന്നായിരുന്നു ആരോപണം. ഒക്ടോബറിൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മഖന്യയ്ക്കെതിരെ വധശ്രമം ഉണ്ടായതായി ആരോപണം ഉയർന്നത്. എംസ്വതിയുടെ ഏജന്റുമാ‍ർ‌ 2022 സെപ്റ്റംബറിൽ ഈശ്വതിനിയിലെ വീടിന് തീയിട്ടതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ പ്രവാസ ജീവിതം നയിച്ച് വരികയാണ് മഖന്യ.എന്നാൽ മഖന്യയ്ക്കെതിരായ നീക്കത്തിൽ പങ്കില്ലെന്നായിരുന്നു ഈശ്വതിനി സർക്കാരിൻ്റെ പ്രതികരണം. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഒരേയൊരു ടിവി ചാനൽ ഉൾപ്പെടെ മാധ്യമങ്ങളും സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവ‍ർത്തിക്കുന്നത്. മിക്കവാറും എല്ലാ മാധ്യമങ്ങളും രാജാവിന്റെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കപ്പെടുന്നു. സർക്കാരിനെ വിമർശിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതും ഇവിടുത്തെ രീതിയാണ്.

Content Highlights: Who is King Mswati III Locks Down Abu Dhabi Airport

dot image
To advertise here,contact us
dot image