'എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ പൊലീസ് ഭീകരമായി മർദ്ദിച്ചു, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം'

ജനാധിപത്യ സംവിധാനത്തില്‍ എംപിക്ക് സ്വതന്ത്രമായി തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു

'എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ പൊലീസ് ഭീകരമായി മർദ്ദിച്ചു, പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം'
dot image

കോഴിക്കോട്: പേരാമ്പ്രയില്‍ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയതും ഗ്രാനേഡ് പ്രയോഗിച്ചതുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞിട്ടും ഷാഫിയെ ഭീകരമായി മര്‍ദ്ദിച്ചെന്നും അത് ഗുരുതരമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ എംപിക്ക് സ്വതന്ത്രമായി തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് അംഗീകരിക്കാനാവില്ലെന്നും അതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'ഞാന്‍ പേരാമ്പ്രയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ ബന്ധപ്പെട്ടു. അദ്ദേഹം സ്ഥലത്തുണ്ട്. ഒരു കാരണവുമില്ലാതെയാണ് പൊലീസ് ലാത്തി ചാര്‍ജ് ചെയ്തതും ഗ്രനേഡ് പ്രയോഗിച്ചതുമെല്ലാം. എംപിയാണ് എന്ന് അറിഞ്ഞിട്ടും ഷാഫിയെ ഭീകരമായി മര്‍ദ്ദിച്ചു. അദ്ദേഹത്തിന് മൂക്കിന് പരിക്കുണ്ട്. പൊലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ സമാധാനത്തിനാണ് എംപി അവിടെയെത്തിയത്. എംപിയെ ഭീകരമായി മര്‍ദ്ദിച്ചു. ഏഴോളം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുകയാണ്. ശക്തമായി പ്രതിഷേധിക്കുന്നു. ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ അദ്ദേഹത്തെ അറിയാത്തവര്‍ ആരുമില്ല അവിടെ. എംപിയാണെന്ന് അറിഞ്ഞുകൊണ്ടാണ് മര്‍ദ്ദിച്ചത് എന്നത് ഗുരുതരമായ കാര്യമാണ്. സമരത്തില്‍ ഇറങ്ങുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും ക്രൂരമായി മര്‍ദിക്കുന്നത് ശരിയല്ല. ഇത് രാഷ്ട്രീയപ്രേരിതമായ നടപടിയാണ്. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടും. എംപിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. അതിനുളള എല്ലാ വഴികളും ഞങ്ങള്‍ നോക്കും. ജനാധിപത്യ സംവിധാനത്തില്‍ എംപിക്ക് സ്വതന്ത്രമായി തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല എന്നത് അംഗീകരിക്കാനാവില്ല. അത് അനുവദിച്ച് കൊടുക്കാന്‍ പറ്റില്ല. അതിനെതിരെ ശക്തമായി മുന്നോട്ടുപോകും': രമേശ് ചെന്നിത്തല പറഞ്ഞു.

ഷാഫി പറമ്പിൽ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റു. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

'ഈ മര്‍ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി ഞങ്ങള്‍ നല്‍കുന്നതായിരിക്കും': എന്നാണ് പിന്നീട് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.

Content Highlights: 'The police brutally beat Shafi despite knowing he was an MP says Ramesh Chennithala

dot image
To advertise here,contact us
dot image