
ലോകമെമ്പാടുമുള്ളവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, മാനസികാരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധത്തിനും വേണ്ടി എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണല്ലോ.
'സേവനങ്ങളിലേക്കുള്ള പ്രവേശനം - ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും മാനസികാരോഗ്യം' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മാനസികാരോഗ്യം നമ്മുടെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ എങ്ങനെ ചിന്തിക്കുന്നു, അനുഭവിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും മാനസികാരോഗ്യം.
സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ബന്ധങ്ങള്‍ രൂപപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നു, തീരുമാനങ്ങള്‍ എടുക്കുന്ന വിധം തുടങ്ങി നാം ഇടപെടുന്ന മുഴുവന്‍ മേഖലകള്‍ക്കും മാനസികമായും ശാരീരികമായും ആരോഗ്യം നില നിര്‍ത്തുന്നതിന് കൃത്യമായ പങ്കുണ്ട്. ഇന്ന് മനുഷ്യര്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ അവരുടെ മാസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കിട്ടാതെപോകുന്നത് വിഷാദരോഗം, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത പോലെയുള്ള അവസ്ഥകളിലേക്ക് അവരെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്.
അടിക്കടി ഉണ്ടാവുന്ന പ്രളയം, മറ്റു പ്രകൃതി ദുരന്തങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്ന യുദ്ധങ്ങള്‍, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, കലാപങ്ങള്‍, പെട്ടെന്നുണ്ടാവുന്ന മഹാമാരികള്‍ എന്നിവ ഏതൊരു മനുഷ്യന്റെയും മനസ്സിനെ തകര്‍ക്കാന്‍ വളരെ അധികം സാധ്യതയുണ്ട്. ഇത്തരം ദുരന്തങ്ങള്‍ അനുഭവിക്കുന്ന അഞ്ചില്‍ ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികള്‍ അത്യാവശ്യമാണ്.
മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരെ തുറന്നു സംസാരിക്കാന്‍ പ്രേരിപ്പിക്കണം. അവരെ കേള്‍ക്കാന്‍ ഒരാള്‍ ഉണ്ട് എന്നതുതന്നെ വലിയ ആശ്വാസം പകരും. പ്രയാസം അനുഭവിക്കുന്നവരെ കേള്‍ക്കുന്ന വ്യക്തികളും അവരുടെ തന്നെ മാനസികാരോഗ്യം നിലനിര്‍ത്താനും ശ്രമിക്കണം. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടാനും മടിക്കരുത്.
ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക എന്നതാണ് ഇതില്‍ പ്രധാനം. ഇത് ശാരീരികമായ ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യവും മെച്ചെപ്പെടുത്തു. വ്യായാമം ചെയ്യുന്നത് വഴി ഓക്സിടോസിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ വര്‍ദ്ധിപ്പിക്കുകയും വിഷാദത്തെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Content Highlights :Mental health is as important as physical health