
ഒമര്‍ യാഘി; ഒരു ജനതയുടെ പ്രതീകമാണയാള്‍, പ്രതീക്ഷയും!കെമിസ്ട്രിക്കുള്ള 2025ലെ നൊബേല്‍ സമ്മാനത്തിന് ഒമര്‍ യാഘി അര്‍ഹനായെന്ന വാര്‍ത്തയോടൊപ്പം ലോക മാധ്യമങ്ങള്‍ ആ വാര്‍ത്തയെ ആഘോഷിച്ചത് യാഘി ഒരു പലസ്തീന്‍ വംശജനാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്. കുടിയിറക്കപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് നൊബേല്‍ സമ്മാനത്തിലേക്ക് വരെ എത്തിനില്‍ക്കുന്ന യാഘിയെന്ന മനുഷ്യന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നതുകൊണ്ടുതന്നെയാണ് ആ ജീവിതം ഈ അറുപതാം വയസ്സില്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്.
1965ല്‍ ജോര്‍ദാനിലെ അമ്മനിലാണ് യാഘി ജനിക്കുന്നത്. പലസ്തീനിയന്‍ ഗ്രാമമായ അല്‍ മാസ്മിയ്യയിലെ ഒരു അഭയാര്‍ഥി കുടുംബത്തിലെ അംഗമായിരുന്നു യാഘി. കുട്ടിക്കാലം യാഘിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. അച്ഛനും അമ്മയും സഹോദരങ്ങളും കന്നുകാലികളുമൊന്നിച്ച് ഒരു കൂരയ്ക്ക് കീഴില്‍ കഴിഞ്ഞ ബാല്യം.ആ വീട്ടില്‍ ഇലക്ട്രിസിറ്റിയോ, എന്തിന് കുടിക്കാന്‍ ശുദ്ധജലം പോലുമില്ലായിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം തിങ്ങിക്കൂടി ഒരു മുറിയില്‍ യാഘി ഉണ്ടു, ഉറങ്ങി. പതിനഞ്ചാംവയസ്സിലാണ് ആറാംക്ലാസ് വരെ മാത്രം പഠിച്ച യാഘിയുടെ പിതാവ് മകനെ യുഎസിലേക്ക് പോകാന്‍ ഉപദേശിക്കുന്നത്. മകന്റെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു ആ ഉപദേശം. ഇംഗ്ലീഷ് അല്പം പോലും അറിയില്ല. പക്ഷെ ഹഡ്‌സണ്‍ വാലി കമ്യൂണിറ്റ് കോളേജില്‍ യാഘി തന്റെ പഠനം ആരംഭിച്ചു.
ആ യാത്ര ചെന്നവസാനിച്ചത് യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സില്‍നിന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിക്കൊണ്ടാണ്. പക്ഷെ യാത്ര അവിടെയും അവസാനിച്ചില്ല. ഹാര്‍വാഡ് സര്‍വകലാശാലയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെല്ലോ ആയിരുന്നു പിന്നീട് അദ്ദേഹം. 2021ലാണ് രാജകല്പന പ്രകാരം സൗദി പൗരത്വം യാഘിക്ക് നല്‍കപ്പെടുന്നത്. അതോടെ യാഘിയെന്ന പ്രതിഭയെ ലോകം തിരിച്ചറിഞ്ഞു, അംഗീകരിച്ചു. അരിസോണയിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രൊഫസറായാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. അതിന്ന് നൊബേല്‍ സമ്മാനത്തിലെത്തി നില്‍ക്കുന്നു.
വിമാനയാത്രക്കിടയിലാണ് നോബല്‍ കമ്മിറ്റി പുരസ്‌കാര വിവരം ഒമര്‍ യാഘിയെ അറിയിക്കുന്നത്. പിന്നീട് പുരസ്‌കാര നേട്ടത്തിലുള്ള ആദ്യ പ്രതികരണത്തിനായി നോബല്‍ കമ്മിറ്റി വെബ്സൈറ്റിലെ റിപ്പോര്‍ട്ടര്‍ വിളിക്കുമ്പോഴും മറ്റൊരു വിമാനത്തിലാണ് അദ്ദേഹം. ഫോണ്‍ കട്ടാകുന്നത് വരെ സംസാരിക്കാമെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ആ സംഭാഷണത്തില്‍ ആദ്യ പ്രതികരണം എന്താണെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറോട് നേട്ടത്തില്‍ ആഹ്ലാദമുണ്ടെന്നും ആശ്ചര്യമുണ്ടെന്നുമെല്ലാമാണ് അദ്ദേഹം മറുപടി നല്‍കുന്നത്. ഒരു അഭയാര്‍ഥി കുടുംബത്തിലാണ് താന്‍ ജനിച്ചതെന്നും അച്ഛന് വെറും ആറാംക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും അമ്മയ്ക്ക് വിദ്യാഭ്യാസമേ ലഭിച്ചിട്ടില്ലെന്നും ആ അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യാത്ര അത്രമേല്‍ ലളിതമായിരുന്നില്ലെന്നും യാഘി പറയുന്നുണ്ട്..
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം യാഘിയുടെ നേട്ടം ഒരു ശാസ്ത്രീയ നേട്ടം മാത്രമല്ല..മറിച്ച് സ്ഥിരോത്സാഹത്തിന്റെയും സ്വത്വത്തിന്റെയും കഥയാണ്. കുടിയൊഴിപ്പിക്കപ്പെട്ട ഒരു പലസ്തീന്‍ കുടുംബാഗം നൊബേല്‍ പുരസ്‌കാരം നേടി നേട്ടങ്ങളുടെ നെറുകയില്‍ നിന്ന് ലോകത്തെ നോക്കുകയാണ്. അത് തുടക്കത്തില്‍ പറഞ്ഞതുപോലെ വലിയൊരു പ്രതീക്ഷയാണ്. അതിരുകള്‍ക്കും സാഹചര്യങ്ങള്‍ക്കുമപ്പുറം ഒരു മനുഷ്യന് വളരാന്‍ അറിവ് കരുത്ത് നല്‍കുമെന്ന അനുഭവം!
Content Highlights: Meet Omar Yaghi: Palestinian Refugee Turned Nobel Laureate in Chemistry