ബിഹാറിൽ ആ ചരിത്രം വീണ്ടും ആവർത്തിക്കുമോ? 2020ൽ നിതീഷിൻ്റെ 'സ്പോയിലറായ' ചിരാഗ് പസ്വാൻ ഇത്തവണയും പിണങ്ങുമോ?

2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജെഡിയുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന സീറ്റ് നിലയിലേക്ക് ജെഡിയു ചുരുങ്ങിയിരുന്നു

ബിഹാറിൽ ആ ചരിത്രം വീണ്ടും ആവർത്തിക്കുമോ? 2020ൽ നിതീഷിൻ്റെ 'സ്പോയിലറായ' ചിരാഗ് പസ്വാൻ ഇത്തവണയും പിണങ്ങുമോ?
dot image

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സീറ്റുവിഭജന ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് എൻഡിഎ, മഹാഖഡ്ബന്ധൻ മുന്നണികൾ. ഇരുമുന്നണികളെ സംബന്ധിച്ചും സീറ്റ് വിഭജന ചർച്ചകൾ കീറാമുട്ടിയാണെന്നാണ് റിപ്പോ‍ർട്ടുകൾ. തുടർഭരണം ലക്ഷ്യമിടുന്ന എൻഡിഎ മുന്നണിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. 2020നെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചിരാ​ഗ് പസ്വാൻ്റെ പാർട്ടി സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് മുന്നണി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. 36 സീറ്റുകളിൽ മത്സരിക്കണമെന്ന ആവശ്യമാണ് ചിരാ​ഗിൻ്റെ പാർട്ടി മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെയാണ് 2020ലെ സംഭവവികാസങ്ങൾ വീണ്ടും ചർച്ചയാകുന്നത്.

2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ലോക് ജനശക്തി പാർട്ടി എടുത്ത തീരുമാനം എൻഡിഎ സംബന്ധിച്ച് സ്പോയിലർ ആയിരുന്നു. ലോക് ജനശക്തി പാ‍ർട്ടിയുടെ തീരുമാനം ഏറ്റവും അധികം ബാധിച്ചത് നിതീഷ് കുമാറിൻ്റെ ജെഡിയുവിനെ ആയിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിരലിലെണ്ണാവുന്ന സീറ്റുകൾക്കാണ് എൻഡിഎ മുന്നണി കേവലഭൂരിപക്ഷം സ്വന്തമാക്കിയത്. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കോൺ​ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാൻ കഴിയാതെ വന്നതോടെയാണ് മഹാഖഡ്ബന്ധന് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്. എൻഡിഎ മുന്നണിയിൽ 74 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 43 സീറ്റിലേയ്ക്ക് ചുരുങ്ങിപ്പോയിരുന്നു. ചിരാ​​ഗ് പസ്വാൻ നേതൃത്വം നൽകിയിരുന്ന ലോക് ജനശക്തി പാർട്ടിയായിരുന്നു അന്ന് എൻഡിഎയുടെ കൃത്യമായി പറഞ്ഞാൽ ജെഡിയുവിൻ്റെ സ്പോയിലര്‍ ആയി മാറിയത്.

ജെഡിയുവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നായിരുന്നു അന്ന് ലോക് ജനശക്തി പാർട്ടി എൻ‌ഡി‌എയിൽ നിന്ന് പുറത്ത് വന്നത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ‌ജെ‌പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ബിജെപിയുമായി വിഷയാധിഷ്ഠിത സഹകരണം തുടർന്നു കൊണ്ടായിരുന്നു ഈ നീക്കം. "മോദി സേ ബെയർ നഹി, നിതീഷ് തേരി ഖൈർ നഹി (മോദിയുമായി ഒരു വഴക്കുമില്ല, പക്ഷേ നിതീഷേ, നിങ്ങളെ വെറുതെ വിടില്ല)" എന്നായിരുന്നു 2020ലെ തിരഞ്ഞെടുപ്പിൽ ചിരാ​ഗ് പസ്വാൻ ഉയർത്തിയ പ്രചാരണ മുദ്രാവാക്യം. എൽജെപിയുടെ ഈ നീക്കം തെരഞ്ഞെടുപ്പിൽ നിതീഷിൻ്റെ ജെഡിയുവിന് വലിയ തിരിച്ചടിയായി. ജെഡിയു മത്സരിച്ച സീറ്റുകളിൽ എൽജെപി സ്ഥാനാർത്ഥികൾ മത്സരിച്ചു. ഇത് നിരവധി നിയമസഭാ മണ്ഡലങ്ങളിൽ ജെഡിയുവിനെ തോൽവിയിലേയ്ക്ക് നയിച്ചു. കുറഞ്ഞത് 27 മണ്ഡലങ്ങളിൽ എൽജെപി നേടിയ വോട്ടുകൾ ജെഡിയുവിന്റെ പരാജയപ്പെട്ട മാർജിനെക്കാൾ കൂടുതലായിരുന്നു. ഹസൻപൂരിൽ തേജ് പ്രതാപ് യാദവ് വിജയിക്കാൻ കാരണം ഈ നിലയിൽ എൽജെപി ജെഡിയു വോട്ട് പിളർത്തിയത് മൂലമാണെന്നായിരുന്നു വിലയിരുത്തൽ.

Bihar chief minister and JD(U) president Nitish Kumar in conversation with Lok Janshakti Party (Ram Vilas) chief Chirag Paswan during the National Democratic Alliance (NDA) Parliamentary Party meeting, at the Samvidhan Sadan

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൽജെപിയ്ക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. പക്ഷെ ജെഡിയുവിൻ്റെ സ്പോയിലർ ഫാക്ടറായി എൽജെപി മാറിയിരുന്നു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജെഡിയുവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന സീറ്റ് നിലയിലേക്ക് ജെഡിയു ചുരുങ്ങിയിരുന്നു. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 28 സീറ്റുകളാണ് ജെഡിയുവിന് 2020ൽ കുറഞ്ഞത്. മുന്നണിയിൽ ബിജെപിക്ക് പിന്നിൽ രണ്ടാമതായതോടെ ബിഹാർ രാഷ്ട്രീയത്തിൽ ജെഡിയുവിൻ്റെ തലയെടുപ്പിനും കോട്ടം സംഭവിച്ചിരുന്നു. ഇപ്പോഴും ആ രാഷ്ട്രീയ വീഴ്ചയിൽ നിന്ന് കരകയറാൻ ജെഡിയുവിന് സാധിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും വമ്പന്മാരെ തോൽപ്പിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് എൽജെപി തെളിയിച്ചിരുന്നു. മുൻ തെരഞ്ഞെടുപ്പിനെക്കാൾ ഒരു ശതമാനത്തിനടുത്ത് വോട്ട് ശതമാനം വർദ്ധിപ്പിച്ച് 5.66 ശതമാനം വോട്ട് ഷെയർ എൽജെപി സ്വന്തമാക്കിയിരുന്നു. 135 സീറ്റിലാണ് എൽജെപി 2020ൽ മത്സരിച്ചത്.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എൽജെപി പിളർന്നിരുന്നു. ചിരാ​ഗ് പസ്വാൻ്റെ നേതൃത്വത്തിൽ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എന്ന പാർട്ടിയും രാംവിലാസ് പസ്വാൻ്റെ സഹോദരനായ പശുപതി പരസിൻ്റെ നേതൃത്വത്തിൽ രാഷ്ട്രീയ ലോക ജനശക്തി പാർട്ടിയുമായിട്ടായിരുന്നു എൽജെപി പിളർന്നത്. പിന്നാലെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാ​ഗമായി മത്സരിച്ച ലോക് ജനശക്തി പാർട്ടി (റാം വിലാസ്) കരുത്ത് കാണിച്ചിരുന്നു. മത്സരിച്ച അഞ്ച് സീറ്റിലും ഇവർ വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ വോട്ട് ഷെയറും സ്വന്തമാക്കി.

ഈ സാഹചര്യത്തിലാണ് നിലവിൽ 36 നിയമസഭാ സീറ്റുകൾ എന്ന ആവശ്യം ചിരാ​ഗ് പസ്വാൻ ഉയ‍ർത്തിയിരിക്കുന്നത്. ചെറിയ സഖ്യകക്ഷികൾക്ക് വിജയിച്ച ലോക്‌സഭാ മണ്ഡലത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭാ സീറ്റുകൾ എന്നതാണ് സീറ്റ് വിഭജനത്തിൽ എൻ‍ഡിഎ സ്വീകരിച്ചിരിക്കുന്ന ഫോർമുല. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് എംപിമാരുള്ള ലോക് ജനശക്തി പാർട്ടി (റാം വിലാസ്) പാർട്ടിക്ക് പരമാവധി 30 നിയമസഭാ സീറ്റുകൾ നൽകാമെന്നാണ് എൻഡിഎ വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ സീറ്റ് വിഭജനവേളയിൽ ചില വിട്ടുവീഴ്ചകൾ ചെയ്തതിൻ്റെ ഭാ​ഗമായി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പരി​ഗണന നൽകാമെന്ന് മുന്നണി നേതൃത്വം പറഞ്ഞിരുന്നത് ചൂണ്ടിക്കാണിച്ചാണ് 36 സീറ്റ് എന്ന ആവശ്യത്തിൽ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ഉറച്ച് നിൽക്കുന്നത്. ഇതിനിടെ സീറ്റ് വിഭജനവുമായി ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി ചിരാ​ഗ് പസ്വാൻ നേരിട്ട് ചർച്ച നടത്തില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. പാർട്ടി പ്രസിഡൻ്റ് എന്ന നിലയിൽ ആവശ്യമെങ്കിൽ ബിജെപിയുടെ ഉന്നത നേതൃത്വുമായി ചർച്ചകൾ നടത്താമെന്ന നിലപാടിലാണ് ചിരാ​ഗ് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ഒറ്റയ്ക്ക് മത്സരിക്കാൻ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) തീരുമാനിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ ഏതാണ്ട് ഒൻപത് ശതമാനത്തോളം വരുന്ന പസ്വാൻ സമുദായത്തിൻ്റെ പിന്തുണയും ചിരാ​ഗിൻ്റെ പാർട്ടിക്കുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാൽ എൻഡിഎയ്ക്ക് കിട്ടേണ്ട പസ്വാൻ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ചിരാ​ഗിൻ്റെ പാർട്ടിക്ക് സാധിക്കും. ദളിത് വിഭാ​ഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള എൻഡ‍ിഎ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കഴിയുമെന്ന് എൽജെപി (ആർ) നേരത്തെ തെളിയിച്ചിട്ടുമുണ്ട്. ഇതെല്ലാമാണ് സീറ്റ് വിഭജന ചർച്ചകളിൽ ചിരാ​ഗ് പസ്വാന് വിലപേശാനുള്ള ശേഷി നൽകുന്നത്. ‘ബിഹാർ ആദ്യം, ബിഹാറി ആദ്യം’ എന്ന നിലപാട് പറഞ്ഞ് ചിരാ​ഗ് വഴങ്ങാതെ നിൽക്കുമ്പോൾ സ്വന്തം സീറ്റുകളിൽ കുറവ് വരുത്തി ബിജെപി എൽജെപി (ആർ)നെ ഒപ്പം നിർ‌ത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlights: LJP-R Leader Chirag Paswan, who played the role of a spoiler for NDA JDU and Nitish Kumar in 2020

dot image
To advertise here,contact us
dot image