ബിഹാർ തീരുമാനിക്കും 'ഇന്ത്യ'യുടെ ഭാവി;വമ്പന്മാർ മാത്രമല്ല, വോട്ട് യുദ്ധത്തിൽ കരുക്കൾ നീക്കുക ചെറു പോരാളികളും

വിധിയെഴുതുക എസ്‌ഐആറും തൊഴിലില്ലായ്മയും ജാതി സമവാക്യങ്ങളും; ബിഹാര്‍ പിടിക്കാന്‍ അരയും തലയും മുറുക്കി എന്‍ഡിഎയും ഇന്ത്യ സഖ്യവും, ആരു ഭരിക്കും ബിഹാര്‍ ?

ബിഹാർ തീരുമാനിക്കും 'ഇന്ത്യ'യുടെ ഭാവി;വമ്പന്മാർ മാത്രമല്ല, വോട്ട് യുദ്ധത്തിൽ കരുക്കൾ നീക്കുക ചെറു പോരാളികളും
വിഷ്ണു വിജയകുമാർ
1 min read|07 Oct 2025, 10:13 pm
dot image

നാടകീയതയും അനിശ്ചിതത്വവുമാണ് എന്നും ബിഹാര്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര. ഇരുട്ടി വെളുത്തപ്പോള്‍ സര്‍ക്കാരുകള്‍ വീഴുന്നതിനും കൂടെ നിന്നവര്‍ ശത്രുക്കളാകുന്നതിനും ശത്രുക്കള്‍ മിത്രങ്ങളാകുന്നതിനും സംസ്ഥാനം പലകുറി സാക്ഷ്യം വഹിച്ചു. ആരു ജയിച്ചാലും ദേശീയ രാഷ്ട്രീയത്തിന്റെ ഗതിയെ നിര്‍ണയിക്കുന്നതായിരിക്കും ആ ഫലമെന്നതാണ് ഇത്തവണ ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രസക്തി. കേന്ദ്ര ഭരണം സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ എന്‍ഡിഎയ്ക്കും കേന്ദ്രസര്‍ക്കാരിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തിനും വിജയം കൂടിയേ തീരൂ. ഇതിനായി ബിജെപിയും ജെഡിയുവും നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യാസഖ്യവും മുഖാമുഖം വരുമ്പോള്‍ ആവേശമേറും.

വിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ സമഗ്ര തീവ്രപരിഷ്‌കരണ പ്രക്രിയ (എസ്‌ഐആര്‍) ആണ് പ്രധാന ചര്‍ച്ചാ വിഷയം. എസ്‌ഐആര്‍ പൂര്‍ത്തിയായപ്പോള്‍ 68.66 ലക്ഷത്തോളം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയത്. 21.53 ലക്ഷം പേരെ പുതുതായി ഉള്‍പ്പെടുത്തി. കഴിഞ്ഞ തവണ തങ്ങള്‍ ജയിച്ച സീറ്റുകളില്‍ നിന്നു തിരഞ്ഞു പിടിച്ച് ആളുകളെ ഒഴിവാക്കിയെന്നും ഇതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇന്ത്യ സഖ്യം ആരോപിക്കുന്നു. വിജയിക്കാന്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ത്ത കള്ള വോട്ടുകളാണ് നീക്കം ചെയ്തതെന്നാണ് എന്‍ഡിഎയുടെ പ്രതിരോധം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ട പട്ടികയിലും ക്രമക്കേടുകളുണ്ടെന്ന പരാതി വ്യാപകമാണ്. ഒഴിവാക്കപ്പെട്ടവരും പുതുതായി ചേര്‍ത്തവരും രാഷ്ട്രീയ ബലാബലത്തില്‍ എന്തു മാറ്റമാകും വരുത്തുക എന്നാണ് ഇനി അറിയാനുള്ളത്.

Bihar

മാറി മറിയുന്ന മുന്നണി രാഷ്ട്രീയം

മുന്നണി സമവാക്യങ്ങളിലെ കളംമാറ്റത്തിനു ഇത്തവണയും മാറ്റമില്ല. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും പുറമെ സിപിഎംഎല്‍ ലിബറേഷന്‍, സിപിഐ, സിപിഎം എന്നീ ഇടതു കക്ഷികളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നത്. എന്നാല്‍ ഇത്തവണ 3 പാര്‍ട്ടികള്‍ കൂടി മഹാസഖ്യത്തിന്റെ പാളയത്തിലെത്തി. കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയാണ്(വിഐപി) സഖ്യത്തിലെ പുതിയ പാര്‍ട്ടികളില്‍ ശ്രദ്ധേയം. മത്സ്യത്തൊഴിലാളികളുടെ പിന്തുണയുള്ള വിഐപിക്ക് മധ്യ, വടക്കന്‍ ബിഹാറിലെ തീരദേശ മേഖലകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎമ്മും ഇത്തവണ മഹാസഖ്യത്തിന്റെ ഭാഗമാണ്. ജാര്‍ഖണ്ഡ് അതിര്‍ത്തി ജില്ലകളില്‍ ജെഎംഎമ്മിനു വേരോട്ടമുണ്ട്. രാം വിലാസ് പാസ്വാന്റെ സഹോദരന്‍ പശുപതി കുമാര്‍ പരസ് നേതൃത്വം നല്‍കുന്ന ആര്‍എല്‍ജെപിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുകയാണ് പരസിനെ ഒപ്പം നിര്‍ത്തുന്നതിലൂടെ സഖ്യം ലക്ഷ്യമിടുന്നത്.

ബിജെപിയും ജെഡിയും കഴിഞ്ഞാല്‍ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയാണ് എന്‍ഡിഎയിലെ മൂന്നാം കക്ഷി. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപിയാണ് മുന്നണിയിലെ പുതിയ അംഗം. 2020ലെ തിരഞ്ഞെടുപ്പില്‍ 137 മണ്ഡലങ്ങളില്‍ മത്സരിച്ച എല്‍ജെപി ഒരിടത്തു മാത്രമാണ് വിജയിച്ചത്. എന്നാല്‍ 29 മണ്ഡലങ്ങളില്‍ ജെഡിയു സ്ഥാനാര്‍ഥികളുടെ പരാജയത്തിന് എല്‍ജെപിയുടെ സാന്നിധ്യം കാരണമായി. ജെഡിയുവിനെ ഒതുക്കാനുള്ള ബിജെപി ശ്രമങ്ങളുടെ ഭാഗമാണിതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ജെപിയുടെ മടങ്ങി വരവ് എന്‍ഡിഎയ്ക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല. ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും പുതുതായി സഖ്യത്തിന്റെ ഭാഗമായിട്ടുണ്ട്. കുശ്‌വാഹ സമുദായത്തില്‍ പാര്‍ട്ടിക്കു നിര്‍ണായക സ്വാധീനമുണ്ട്.

കടുകട്ടിയായി സീറ്റ് വിഭജനം

2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ഭരണം നിലനിര്‍ത്തിയത്. മത്സരിച്ച 110 സീറ്റുകളില്‍ 74 എണ്ണത്തില്‍ വിജയിച്ച ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി. ബിജെപിയെക്കാള്‍ 5 സീറ്റുകള്‍ കൂടുതല്‍ മത്സരിച്ച ജെഡിയുവിനു 43 ഇടത്തു മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 2015നെ അപേക്ഷിച്ച് 28 സീറ്റുകള്‍ കുറഞ്ഞു. എന്നാല്‍ നിതീഷിനെ മുഖ്യമന്ത്രിയാക്കി ബിജെപി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചതോടെ ബിഹാറില്‍ എന്‍ഡിഎ ഭരണം തുടര്‍ന്നു.

144 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ജെഡി 75 സീറ്റുകള്‍ നേടി. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ആര്‍ജെഡിക്കു കഴിഞ്ഞു. ആദ്യമായി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎംഎല്‍ ലിബറേഷനും കരുത്തു കാട്ടി. മത്സരിച്ച 19 സീറ്റുകളില്‍ 12 എണ്ണവും നേടി. എന്നാല്‍ വിലപേശി വാങ്ങിയ 70 സീറ്റുകളില്‍ 19 ഇടത്തു മാത്രം ജയിച്ച കോണ്‍ഗ്രസിന്റെ മോശം പ്രകടനമാണ് സഖ്യത്തിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചത്.

Nitish Kumar and Modi

പുതിയ 3 പാര്‍ട്ടികളുടെ വരവ് ഇന്ത്യ സഖ്യത്തില്‍ സീറ്റു വിഭജനം സങ്കീര്‍ണമാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി വിട്ടു വീഴ്ചകള്‍ക്കു ആര്‍ജെഡി തയാറായേക്കുമെന്നാണ് സൂചന. 130 സീറ്റിലാകും പാര്‍ട്ടി മത്സരിക്കുകയെന്നാണ് ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനു 58 സീറ്റ് ലഭിച്ചേക്കും. സിപിഎംഎല്ലിന്റെ സീറ്റുകളുടെ എണ്ണം 27 ആയി ഉയര്‍ന്നേക്കും. വിഐപിക്ക് 14 സീറ്റും പശുപതി നാഥ് പരസിന്റെ എല്‍ജെപിക്കും ജെഎംഎമ്മിനും 2 സീറ്റ് വീതവും ലഭിച്ചേക്കും. കഴിഞ്ഞ തവണ 6 സീറ്റില്‍ മത്സരിച്ച സിപിഐയും 4 സീറ്റില്‍ ജനവിധി തേടിയ സിപിഎമ്മിനും സീറ്റുകളുടെ എണ്ണത്തില്‍ മാറ്റത്തിനു സാധ്യതയില്ല. ഇവര്‍ കൂടുതല്‍ സീറ്റു ചോദിക്കുന്നുണ്ടെങ്കിലും ലഭിക്കാന്‍ സാധ്യത കുറവാണ്. പാര്‍ട്ടിക്കു പകരം സ്ഥാനാര്‍ഥിയുടെ മികവാകും സീറ്റു വിഭജനത്തിലെ മാനദണ്ഡമെന്ന് ആര്‍ജെഡി വ്യക്തമാക്കുന്നു.

എന്‍ഡിഎയിലും സീറ്റു വിഭജനം കീറാമുട്ടിയാകും. ജെഡിയുവിനു കൂടുതല്‍ സീറ്റുകളെന്ന മുന്‍ തിരഞ്ഞെടുപ്പുകളിലെ പതിവു ആവര്‍ത്തിക്കാന്‍ ഇടയില്ല. ബിജെപിയും ജെഡിയുവും 100 സീറ്റുകളില്‍ വീതം മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ചിരാഗ് പാസ്വാന്റെ എല്‍ജെപി 40 സീറ്റാണ് ചോദിക്കുന്നത്. എന്നാല്‍ 20 സീറ്റില്‍ കൂടുതല്‍ നല്‍കുന്നതിനെ ജെഡിയു എതിര്‍ക്കുന്നു. ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്കും ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും 10 സീറ്റ് വീതം ലഭിക്കാനാണ് സാധ്യത.

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്

ഒരു കാലത്ത് കോട്ടയായിരുന്ന ബിഹാറില്‍ തിരിച്ചു വരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2020ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ 70 ശതമാനത്തിലും തോറ്റെന്ന മാനക്കേടാണ് കോണ്‍ഗ്രസിനുണ്ടായത്. തിരിച്ചടിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ നേതാക്കള്‍ക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. എതിര്‍പ്പ് വ്യക്തമാക്കി ആര്‍ജെഡിയും രംഗത്തെത്തി. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ രാഹുല്‍ സിംലയില്‍ പിക്‌നിക്കിനു പോയെന്നും 70 സീറ്റുകള്‍ മത്സരിച്ച കോണ്‍ഗ്രസ് 3 റാലികള്‍ മാത്രമാണ് നടത്തിയതെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി തുറന്നടിച്ചു.

Rahul Gandhi

എന്നാല്‍ 5 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വോട്ട് കൊള്ള ആരോപണം ഉയര്‍ത്തി എന്‍ഡിഎയ്‌ക്കെതിരായ പോരാട്ടം രാഹുല്‍ മുന്നില്‍ നിന്നു നയിച്ചു. രാഹുലിന്റെ വോട്ട് അധികാര്‍ യാത്ര ബിഹാറിലെ 25 ജില്ലകളിലൂടെ കടന്നു പോയി. 110 മണ്ഡലങ്ങളില്‍ യാത്രയുമായി രാഹുലും തേജസ്വി യാദവും സംഘവുമെത്തി. 14 ദിവസം നീണ്ട യാത്രയില്‍ 1300 കിലോമീറ്ററിലധികം ദൂരം സംഘം സഞ്ചരിച്ചു. യാത്രയ്ക്കു ലഭിച്ച പ്രതികരണം സംസ്ഥാന രാഷ്ട്രീയത്തിലെ തങ്ങളുടെ മടങ്ങിവരവിനു വഴിയൊരുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ സംഘടനാ ദൗര്‍ബല്യവും ജനപ്രീതിയുള്ള നേതാക്കളുടെ അഭാവവും തിരിച്ചടിയാകുന്നുണ്ട്.

കിംഗ് മേക്കറാകാന്‍ പ്രശാന്ത് കിഷോറും ഒവൈസിയും

2020ല്‍ 40 സീറ്റുകളില്‍ 3500 വോട്ടിനു താഴെയായിരുന്നു ഭൂരിപക്ഷമെന്നതിനാല്‍ ചെറുകക്ഷികള്‍ പിടിക്കുന്ന വോട്ട് ഏറെ നിര്‍ണായകമാകും. തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിയാകും ഇത്തവണ തിരഞ്ഞെടുപ്പിലെ എക്‌സ് ഫാക്ടറെന്നാണ് അഭിപ്രായ സര്‍വേകളുടെ വാദം. 10 സീറ്റുവരെ പാര്‍ട്ടിക്കു ലഭിച്ചേക്കാമെന്നാണ് പ്രവചനം. 243 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രശാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷിന്റെ ജെഡിയുവിനു 25 സീറ്റില്‍ കൂടുതല്‍ ലഭിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന വന്‍ പ്രഖ്യാപനം ഉള്‍പ്പെടെ നടത്തി കളം പിടിക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നത്.

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ ആര്‍ജെഡിക്കു ഭരണം നഷ്ടമായതിന്റെ കാരണങ്ങളിലൊന്ന് അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സീമാഞ്ചല്‍ മേഖലയില്‍ മഹാസഖ്യത്തിന്റെ അടിവേരറുത്ത ഒവൈസി 5 സീറ്റുകളില്‍ ജയിച്ചു. എന്നാല്‍ ഇതില്‍ 4 എംഎല്‍എമാരും പിന്നീട് ആര്‍ജെഡിയില്‍ ചേര്‍ന്നു. ഇത്തവണ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ഒവൈസി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആര്‍ജെഡി പച്ചകൊടി കാട്ടിയില്ല. ഇതോടെ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം, ദലിത് വോട്ടുകളിലാണ് ഒവൈസിയുടെ കണ്ണ്.

Prashant Kishor and Owaisi

ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും എംഎല്‍എയുമായ തേജ് പ്രതാപ് ജനശക്തി ജനതാദള്‍ എന്ന പുതിയ പാര്‍ട്ടിയുമായി മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും തേജ് പ്രതാപിനെ ലാലു പുറത്താക്കിയിരുന്നു. വിവാഹിതനായ തേജ് പ്രതാപ് കാമുകിയുടെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിനു പിന്നാലെയാണ് മകനെതിരെ ലാലു നടപടിയെടുത്തത്. ഇതോടെ ഇടഞ്ഞ തേജ് പ്രതാപ് ഇളയ സഹോദരന്‍ തേജസ്വിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

നിതീഷ് വേഴ്‌സസ് തേജസ്വി

ഇടവേളകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 2005 മുതല്‍ തുടര്‍ച്ചയായി ബിഹാറിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന നിതീഷ് കുമാര്‍ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാ കേന്ദ്രം. അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ 4 തവണയാണ് നിതീഷ് കളം മാറി ചവിട്ടിയത്. കളം മാറ്റം പേരുദോഷത്തിനു ഇടയാക്കിയെങ്കിലും നിതീഷിന്റെ ജനപ്രീതിയെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. ഒടുവില്‍ പുറത്തിറങ്ങിയ സര്‍വേകളിലും ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനുകൂലിക്കുന്നത് നിതീഷിനെയാണെന്നത് ഇതിന്റെ തെളിവാണ്. ഇതോടെ അതൃപ്തി മറച്ചുവച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷിനെ പിന്തുണയ്‌ക്കേണ്ട ഗതികേടിലാണ് ബിജെപി. സംസ്ഥാനത്തു നിതീഷിനോളം തലപൊക്കമുള്ള നേതാക്കളില്ലാത്തതിനാല്‍ മോദിയെ ഉയര്‍ത്തികാട്ടി ഇതു മറയ്ക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

Tejaswi Yadav

മറുപക്ഷത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. പ്രതിപക്ഷ നേതാവായ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് ആര്‍ജെഡിയുടെ ആവശ്യം. വോട്ട് അധികാര്‍ യാത്രയ്ക്കിടെ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയും പ്രഖ്യാപിച്ചിരുന്നു. സിപിഎംഎല്‍ ഉള്‍പ്പെടെ ഇതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇതു പരസ്യമായി സമ്മതിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചതോടെ തേജസ്വി ഇടഞ്ഞു. മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനയും നടത്തി. എന്നാല്‍ ആശയക്കുഴപ്പമില്ലെന്നും കൃത്യസമയത്ത് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നും തേജസ്വി പിന്നീട് നിലപാട് മയപ്പെടുത്തി. തേജസ്വിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാകും സഖ്യത്തിന്റെ പ്രചരണമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

നിര്‍ണായകം ജാതി സമവാക്യവും സ്ത്രീ വോട്ടര്‍മാരും

ജാതി, മത സമവാക്യങ്ങള്‍ ഇത്തവണയും നിര്‍ണായകമാകും. പരമ്പരാഗതമായ മുസ്ലിം, യാദവ സമവാക്യത്തിനൊപ്പം ദലിത്, പിന്നാക്ക പിന്തുണയും നേടാനാണ് ആര്‍ജെഡി ശ്രമം. സംസ്ഥാനത്ത് 65 % സംവരണം വേണമെന്ന ആവശ്യം ഉയര്‍ത്തുന്നതിലൂടെ ഒബിസി, പിന്നാക്ക വോട്ടു ബാങ്കും ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നു. അടുത്ത ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസും നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ആര്‍എസ്എസിന്റെ ഉള്‍പ്പെടെ എതിര്‍പ്പ് കണക്കിലാക്കാതെയുള്ള പ്രഖ്യാപനം. പട്ടികജാതിയിലെ ഒരു വിഭാഗത്തിന്റെയും കുശ്‌വാഹ, കുര്‍മി വിഭാഗങ്ങളുടെയും പിന്തുണ നിലനിര്‍ത്താനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ഒപ്പം സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരം തീവ്ര ഹിന്ദു വോട്ടുകളെ അനുകൂലമാക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. തൊഴിലില്ലായ്മയാണ് ബിഹാറിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. തൊഴില്‍ നേടി ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന യുവാക്കളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്കു പ്രതിമാസം 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനത്തിലൂടെ അമര്‍ഷത്തെ തണുപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമം.

സ്ത്രീ വോട്ടര്‍മാരാകും ഇത്തവണ ബിഹാറിന്റെ വിധിയെഴുതുക. 243 മണ്ഡലങ്ങളില്‍ 167 എണ്ണത്തിലും വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതലാണെന്നാണ് കണക്ക്. പുരുഷന്മാര്‍ തൊഴില്‍ തേടി ഇതര സംസ്ഥാനങ്ങളിലേക്കു കുടിയേറിയതാണ് ഇതിനു കാരണം. ഇതോടെ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട് സൗജന്യ പദ്ധതികളുമായി ഇരു സഖ്യങ്ങളും രംഗത്തെത്തി. സംസ്ഥാനത്തെ 75 ലക്ഷം സ്ത്രീകള്‍ക്ക് കച്ചവടം തുടങ്ങാന്‍ ധനസഹായമായി പതിനായിരം രൂപ വീതം നിതീഷ് സര്‍ക്കാര്‍ അക്കൗണ്ടിലെത്തിച്ചു കഴിഞ്ഞു. തൊട്ടു പിന്നാലെ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കു പ്രതിമാസം 2500 രൂപ ധനസഹായമായി നല്‍കുമെന്ന് ഇന്ത്യ സഖ്യവും പ്രഖ്യാപിച്ചു. ഒപ്പം 25 ലക്ഷം രൂപയുടെ സൗജന്യ വൈദ്യ സഹായം, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍ എന്നിവര്‍ക്കു പ്രതിമാസം 1500 രൂപ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്‌കൂള്‍ കുട്ടികള്‍ക്ക് ലാപ്‌ടോപ്, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി എന്നിങ്ങനെ ക്ഷേമപദ്ധതികളുടെ വാഗ്ദാന പെരുമഴ തന്നെ ഇന്ത്യ സഖ്യം നല്‍കുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിച്ച സൗജന്യ പദ്ധതികളുടെ കുത്തൊഴുക്കാകും വരും ദിവസങ്ങളിലും ബിഹാര്‍ വോട്ടര്‍മാരെ കാത്തിരിക്കുകയെന്ന് ഉറപ്പാണ്.

Women voters in Bihar

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഷ്ടപ്പെട്ട് കടന്നു കൂടിയ എന്‍ഡിഎ സഖ്യം ജെഡിയുവിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ലോക്‌സഭയില്‍ പന്ത്രണ്ടും രാജ്യസഭയില്‍ നാലും അംഗങ്ങളുള്ള ജെഡിയു പിന്തുണ പിന്‍വലിച്ചാല്‍ അതു കേന്ദ്ര സര്‍ക്കാരിനെ ദുര്‍ബലമാക്കും. എന്നാല്‍ ബിഹാറിലെ ഭരണത്തിലാണ് ജെഡിയുവിന്റെ നിലനില്‍പ്. സംസ്ഥാനത്തു അധികാരം നിലനിര്‍ത്താന്‍ പല തവണ പക്ഷം മാറിയ ചരിത്രം നിതീഷ് കുമാറിനുണ്ട്. ബിഹാറില്‍ തന്നെ ഒതുക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരാതിയും നിതീഷിനുണ്ട്. ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം ചേരുന്നതില്‍ യാതൊരു തടസ്സവുമില്ലെന്നും നിതീഷ് പലകുറി തെളിയിച്ചതാണ്. എന്‍ഡിഎ സഖ്യത്തിനു കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ നിതീഷ് മറുകണ്ടം ചാടുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. എങ്കില്‍ ഇതു കേന്ദ്ര ഭരണത്തെയും ബാധിക്കും. മറുവശത്ത് വോട്ടുകൊള്ള ആരോപണത്തിന്റെ പ്രസക്തി തെളിയിക്കാന്‍ ഇന്ത്യ സഖ്യത്തിനും ബിഹാറില്‍ ജയിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആരോപണങ്ങളുടെ മുനയൊടിയും. ഇന്ത്യ സഖ്യത്തിലെ ഒത്തൊരുമ നഷ്ടപ്പെടാനും ഇതു ഇടയാക്കും. ആരു ജയിച്ചാലും ദേശീയ രാഷ്ട്രീയത്തിലെ ഗതി നിര്‍ണയിക്കുന്നതാകും ബിഹാറിലെ വിധിയെഴുത്ത്.

Content Highlights: A must read before Bihar Election 2025, analysis on current political scenario

dot image
To advertise here,contact us
dot image