'പ്രസിഡന്റ് അധികാരം മറന്നു'; ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി

അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്

'പ്രസിഡന്റ് അധികാരം മറന്നു'; ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി
dot image

വാഷിംഗ്ടണ്‍: താരിഫ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി വിലയിരുത്തി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു.

ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. ട്രംപ് അധികാരം മറികടന്നെന്നും കോടതി വിലയിരുത്തിരുന്നു. ഇതിനെതിരെ ഭരണകൂടം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല.

അപ്പീല്‍ കോടതി വിധിക്കെതിരെ ട്രംപ് രംഗത്തെത്തി. വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. വിധി അംഗീകരിക്കുന്നത് അമേരിക്കയെ ദുരന്തത്തിലേയ്ക്ക് തള്ളിവിടുന്നതിന് തുല്യമാകും. താരിഫുമായി മുന്നോട്ടുപോകും. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

താരിഫുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ട്രംപ് സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്കന്‍ ടെക് കമ്പനികള്‍ക്കെതിരെ വിവേചനം കാണിക്കുന്ന രാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.ഇന്ത്യ, ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ അധിക തീരുവ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ തീരുവ 27ന് പ്രാബല്യത്തിൽ വന്നിരുന്നു.  റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം  50 ശതമാനമാണ് തീരുവ. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമായിരുന്നു.

Content Highlights- US Appeal court rules many of trumps tarrif are illegal

dot image
To advertise here,contact us
dot image