മുറിവുകൾ അലങ്കാരമായി കാണുന്ന, ആയുസ് വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ഒരു ജനത

സൗന്ദര്യത്തിന്റെ, വ്യക്തിത്വത്തിന്റെ പ്രതീകമായാണ് മുറിവിനെയും അതിന്റെ പാടുകളെയും ഇവർ കാണുന്നത്

അതുല്യ മുരളി
1 min read|23 Aug 2025, 04:14 pm
dot image

ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ ജീവിക്കുന്ന ആളുകളും അവരുടെ ജീവിത രീതികളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. കൗതുകം തോന്നുന്ന, പേടി തോന്നുന്ന നിരവധി കാര്യങ്ങള്‍ ആ ജീവിതങ്ങ‌ൾക്കിടയിൽ നമുക്ക് കാണാനാവും. പുരുഗമനമോ, ആധുനിക സമൂഹത്തിന്റെ എന്തെങ്കിലും സ്വാധീനമോ ഇല്ലാത്ത നിരവധി മനുഷ്യരെ പല ആഫ്രിക്കന്‍ ഗോത്രഗ്രാമങ്ങളിലും നമുക്ക് കാണാനാവും. പല വിചിത്ര ആചാരങ്ങളും ഇവർക്കിടയിലുണ്ടെങ്കിലും ശരീരം വേദനിപ്പിച്ചുകൊണ്ട് ഇവര്‍ നടത്തുന്ന പല ആചാരങ്ങളും നമ്മെ അത്ഭുതപ്പെടുത്തും. മുഖത്തും കൈകാലുകളിലും പുറത്തുമൊക്കെയായി ഇത്തരത്തില്‍ അങ്ങേയറ്റം വേദന സമ്മാനിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതിനെ പോലും ആഫ്രിക്കന്‍ ഗോത്രജനത സന്തോഷത്തോടെ സ്വീകരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആഫ്രിക്കന്‍ ഗോത്രജനതയ്ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബോഡി കട്ട് എന്നത്. ബോഡി കട്ട് എന്നത് ഒരു പെണ്‍കുട്ടി സ്ത്രീയായി മാറി എന്നും അവള്‍ക്ക് വിവാഹ പ്രായമായി എന്നും മറ്റുള്ളവര്‍ക്ക് മനസിലാകാനുള്ള അടയാളമായി ആ നാട്ടുകാര്‍ കാണുന്നു. കൂര്‍ത്ത മുനയുള്ള കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തൊലിപ്പുറത്താണ് ബോഡി കട്‌സ് ഉണ്ടാക്കുന്നത്. ഇത് അങ്ങേയറ്റം വേദനാജനകമാണ്. തൊലിപ്പുറത്തുണ്ടാകുന്ന ഈ മുറിവിന്റെ പാടുകള്‍ ഉത്തരവാദിത്വത്തിന്റെ, ആത്മാഭിമാനത്തിന്റെ, ധൈര്യത്തിന്റെ അടയാളമായി ആഫ്രിക്കന്‍ ഗോത്ര സമൂഹം കണക്കാക്കുന്നു. ഓരോ പാടുകളുടെ ആകൃതിയില്‍ ഒരു വിശ്വാസത്തിന്റെ മറവും ഉണ്ടായിരിക്കും. നമ്മള്‍ ടാറ്റുവിനെ എങ്ങനെ ഉള്‍ക്കൊള്ളുന്നോ അതുപോലെയാണ് അവര്‍ ബോഡി കട്ടിനെ കാണുന്നത്. ഈ കാലത്ത് വളരെ പ്രചാരത്തിലുള്ളതും ആളുകള്‍ ഇഷ്ടംകൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ചെയ്യുന്ന ഒന്നാണല്ലോ ടാറ്റു. ടാറ്റു അടിസ്ഥാനപരമായി ശരീരാരോഗ്യത്തിന് ഗുണം ചെയ്യുന്നില്ലെങ്കിലും വേദനയുണ്ടാക്കുന്നതാണെങ്കിലും ആളുകള്‍ക്ക് അതിനോട് താല്‍പര്യമാണ്. എത്ര വേദന സഹിച്ചും അതിന് വേണ്ടി ഇരിക്കാന്‍ ആളുകള്‍ക്ക് താല്‍പര്യവുമുണ്ട്.

ശരീരത്തിലുണ്ടാകുന്ന ഇത്തരം മുറിവുകള്‍, അതിന്റെ പാടുകള്‍ എന്നിവ ആയുസ് വര്‍ധിപ്പിക്കുമെന്ന ചില ആഫ്രിക്കന്‍ ഗോത്രജനതയ്ക്കിടയില്‍ മറ്റൊരു വ്യത്യാസമുണ്ട്. മുഖത്താകെ ഇത്തരത്തില്‍ മുറവുണങ്ങിയ പാടുകളുള്ള ഒരു സ്ത്രീ അവരുടെ ജീവിത്തിന്റെ കഥ ബിബിസിയോട് പറയുകയാണ്. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ ഇരട്ട സഹോദരി മരണപ്പെടുകയും അവര്‍ക്ക് കലശലായ രോഗം പിടിപെടുകയും ചെയ്തിരുന്നു. അസുഖം കലശലായതോടെ ഈ കുഞ്ഞും മരണപ്പെടുമെന്ന് എല്ലാവരും കരുതിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അവരുടെ പ്രദേശത്തുണ്ടായിരുന്ന ആത്മീയാചാര്യന്‍ ജീവന്‍ സംരക്ഷിക്കാനായി ഒരു മാര്‍ഗം പറഞ്ഞു കൊടുത്തു. മുഖത്ത് മുറിവുകളുണ്ടാക്കി അതിന്റെ പാടുകള്‍ സംരക്ഷണ വലയമായി കണക്കാക്കണമെന്നായിരുന്നു അയാളുടെ ഉപദേശം. ആത്മീയാചാര്യന്റെ നിര്‍ദേശപ്രകാരം മുറിവുണ്ടാക്കി അത് ഉണങ്ങിയതോടെ തന്റെ അസുഖങ്ങളും മാറി തിരികെ ജീവിതത്തിലേക്ക് വരാന്‍ കഴിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്.

ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടല്ലാതെ ആഘോഷവേളകളിലും ഇത്തരം മുറിവുകള്‍ ഉണ്ടാക്കപ്പെടാറുണ്ട്. യുവ തലമുറ അവരുടെ
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ആഘോഷങ്ങളില്‍ മുറിവുണ്ടാക്കുന്നത്. വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക്, ആര്‍ത്തവം ആരംഭിക്കുമ്പോള്‍ തുടങ്ങി ചില പ്രത്യേക ആഘോഷദിവസങ്ങളിലാണ് ഈ മുറിവുകള്‍ ഉണ്ടാക്കപ്പെടുന്നത്. കുടുംബാംഗങ്ങള്‍, അവരുടെ കമ്മ്യൂണിറ്റിയില്‍പ്പെടുന്ന ആളുകള്‍ തുടങ്ങി ചിലരാണ് ഇത്തരം ആഘോഷത്തില്‍ പങ്കെടുക്കുക.

കത്തി, മൂര്‍ച്ചയുള്ള കല്ലുകള്‍, ഗ്ലാസ് കഷ്ണം, ലോഹ കഷ്ണം എന്നിവ ഉപയോഗിച്ചോ, ചില ഗോത്രത്തില്‍ ഉള്‍പ്പെടുന്നവര്‍ പൊള്ളിച്ചോ ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാറുണ്ട്. അവര്‍ തങ്ങളുടെ സൗന്ദര്യത്തിന്റെ, വ്യക്തിത്വത്തിന്റെ ഒരുമയുടെ എല്ലാം പ്രതീകമായാണ് ഈ മുറിവുണ്ടാക്കുന്നതിനെയും അതിന്റെ പാടുകളെയും കണക്കാക്കുന്നത്.

ലോകത്തിന്റെ പലഭാഗങ്ങളില്‍ എല്ലാ കാലത്തുമുണ്ടായിട്ടുള്ള ചില തലമുറകള്‍ മാറുമ്പോഴുണ്ടാകുന്ന മാറ്റം ഇക്കാര്യത്തിലും ഉണ്ടായിട്ടുണ്ട്. ഈ തലമുറയിലെ ചില ആളുകളെങ്കിലും ഇത്തരം മുറിവുകളെ അതിന്റെ വേദനയെ അവഗണിക്കുന്നുണ്ട്. ആധുനിക ചികിത്സയുടെ സാധ്യതകളും ആഗോളവത്കരണവുമെല്ലാം ഒരു തരത്തില്‍ പുതിയ തലമുറയെ സ്വാധീനിച്ചിട്ടുണ്ടെന്നും പറയാം. വേദന സഹിച്ചുകൊണ്ട് സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താനും ഈ തലമുറയിലെ ആളുകള്‍ താല്‍പര്യപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlight; Why do some African people practice body cutting with joy?

dot image
To advertise here,contact us
dot image