
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഗാല്‍വാന്‍ ആക്രമണം, ലഡാക്ക്, ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ ചൈനയുമായി ഇന്ത്യക്കുള്ള അസ്വാരസ്യങ്ങള്‍ ഉയര്‍ത്തിയാണ് ജയറാം രമേശ് രംഗത്തെത്തിയത്. 2020 ല്‍ ഗാല്‍വാനില്‍ ചൈന നടത്തിയ ആക്രമണത്തില്‍ ഇന്ത്യയുടെ 20 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചൈനയുടെ ആക്രമണം തിരിച്ചറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തതെന്നും ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ലഡാക്ക് അതിര്‍ത്തിയില്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നേടിയെടുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ജയറാം രമേശ് ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനുമായി ചൈന ഗൂഢാലോചന നടത്തിയിരുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ചൈന-പാകിസ്താന്‍ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിക്കുന്നതിന് പകരം മോദി മൗനം പാലിച്ചു. ഇത് ചൈനയുടെ ആക്രമണത്തെ പരോക്ഷമായി ന്യായീകരിക്കുന്നതാണ്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ജലപദ്ധതി ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെതിരെ മോദി സര്‍ക്കാര്‍ ഒരു വാക്കുപോലും മിണ്ടിയില്ലെന്നും ജയറാം രമേശ് പറഞ്ഞു. ചൈനയില്‍ നിന്നുള്ള അനിയന്ത്രിതമായ ഇറക്കുമതി രാജ്യത്തിന്റെ എംഎസ്എംഇ സംവിധാനത്തെ തകര്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചൈനയ്ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരമാണ് രാജ്യം ഒരുക്കിയിരിക്കുന്നതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയായിരുന്നു നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടെന്നും ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലാണെന്നും മോദി പറഞ്ഞിരുന്നു. കൈലാസ മാനസസരോവര്‍ യാത്രയും ഇന്ത്യ- ചൈന നേരിട്ടുളള വിമാന സര്‍വീസും പുനഃരാരംഭിക്കും. ഇക്കാര്യങ്ങള്‍ പരിഗണനയിലാണെന്നും യോഗത്തില്‍ സംസാരിച്ചെന്നും മോദി പറഞ്ഞിരുന്നു. 55 മിനിറ്റാണ് കൂടിക്കാഴ്ച നീണ്ടത്.
ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയില്‍ എത്തിയത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ചൈനയുമായുള്ള ശക്തമായ സൗഹൃദം മേഖലയെ പുരോഗതിയിലേക്ക് നയിക്കുമെന്ന് ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പ് മോദി പറഞ്ഞിരുന്നു.
Content Highlights- Congress leader jairam ramesh against prime minister narendra modi china visit