ജനിച്ച മണ്ണിൽ നിന്ന് ഇറങ്ങേണ്ടിവരുമോ ബിത്ര ദ്വീപ് നിവാസികൾ ? ലക്ഷദ്വീപ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ

ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിൽ ഏറ്റവും ചെറുതാണ് ബിത്ര

dot image

ജനിച്ച മണ്ണിൽ നിന്ന് എന്നന്നേക്കുമായി കുടിയിറക്കപ്പെടേണ്ടി വരുമോ എന്ന ഭീതിയിലാണ് ലക്ഷദ്വീപിലെ ബിത്ര എന്ന കൊച്ച് ദ്വീപിലെ നൂറിലധികം കുടുംബങ്ങൾ. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ലക്ഷദ്വീപിലെ ജനവാസമുള്ള പത്ത് ദ്വീപുകളിൽ ഏറ്റവും ചെറുതാണ് ബിത്ര. കൊച്ചിയിൽ നിന്ന് 483 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ മുന്നൂറിലധികം പേരാണ് താമസിക്കുന്നത്. ഭൂരിഭാഗം പേരുടെയും ഉപജീവനമാർഗ്ഗം മത്സ്യബന്ധനമാണ്. പതിറ്റാണ്ടുകളായി തദ്ദേശീയർ മാത്രം താമസിക്കുന്ന ഈ ദ്വീപിൽ, അവരുടെ സമ്മതമില്ലാതെയും മതിയായ കൂടിയാലോചനകളില്ലാതെയും ഭൂമി ഏറ്റെടുക്കാനുള്ള നീക്കം കടുത്ത എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.

ജൂലൈ 11-ന് ലക്ഷദ്വീപ് റെവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ബിത്രയുടെ മുഴുവൻ ഭൂമിയും പ്രതിരോധ, നയതന്ത്ര ഏജൻസികൾക്ക് കൈമാറാനാണ് തീരുമാനം. ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ദേശീയ സുരക്ഷാ പ്രാധാന്യവുമാണ് ഈ നീക്കത്തിന് കാരണമായി പറയുന്നത്. എന്നാൽ, ഈ നടപടി ഏകാധിപത്യ മനോഭാവത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെ മറ്റ് പല നയങ്ങളെയും ഓർമ്മിപ്പിക്കുന്നതാണെന്ന് ദ്വീപ് നിവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു.

നിലവിൽ, ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. എന്നാൽ, ഈ പഠനത്തിന് ഭൂവുടമകളുടെയോ ഗ്രാമസഭയുടെയോ അനുമതി നിർബന്ധമല്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ഗ്രാമസഭ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നീക്കങ്ങൾ വലിയ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ലക്ഷദ്വീപിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ ഇത് ആദ്യമല്ല. മുമ്പ് കവരത്തിയിലെയും അഗത്തിയിലെയും ചില ഭാഗങ്ങൾ ഏറ്റെടുക്കാൻ സമാനമായ തീരുമാനങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മിനിക്കോയ് ദ്വീപിൽ ഐഎൻഎസ് ജഡായു എന്ന നാവികത്താവളം കമ്മീഷൻ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതിന് ശേഷം അതുവരയുണ്ടായിരുന്ന് സമാധാന ജീവിതമല്ല ലക്ഷദ്വീപുകാർ നയിക്കുന്നത്. ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകൾ ലക്ഷദ്വീപിന് മേൽ അടിച്ചേൽപ്പിച്ചു. ദ്വീപിലെ സ്‌കൂളുകളിൽ ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുകയും, പ്രാദേശിക ഭാഷകളായ മഹൽ, അറബി എന്നിവയെ സിലബസിൽ നിന്ന് ഒഴിവാക്കാനും നീക്കങ്ങളുണ്ടായി.

സ്‌കൂളുകൾ ലയിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്തതും. ലക്ഷദ്വീപിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന സമീപനവും ഈ കാലഘട്ടത്തിൽ തന്നെയാണ് ഉണ്ടായത്. തദ്ദേശീയരുടെ വിശ്വാസങ്ങളെ കാറ്റിൽ പറത്തി ലക്ഷ്വദ്വീപിൽ മദ്യം വിപണി തുറക്കുകയും എതിർ ശബ്ദം ഉയർത്താൻ പോലും സമ്മതിക്കാതിരിക്കുകയും ചെയ്തു. ലക്ഷദ്വീപിലെ ആളുകൾ കഴിക്കുന്ന ഭക്ഷണത്തിൽ പോലും ഇടപെടലുകളുണ്ടായി.

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ ലക്ഷദ്വീപ് എംപി ഹംദുള്ള സെയ്ദ് ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായും നിയമപരമായും ബിത്രയ്ക്കായി പോരാടുമെന്നും, ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ജനവാസമില്ലാത്ത മറ്റ് ദ്വീപുകളുണ്ടായിരിക്കെ, ജനങ്ങളെ കുടിയിറക്കി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തെ ഭൂരിഭാഗം പേരും തള്ളിക്കളയുന്നു. പ്രാദേശിക പഞ്ചായത്ത് സംവിധാനം പ്രവർത്തനരഹിതമായ സമയത്ത്, ജനപ്രതിനിധികളോടോ ദ്വീപ് നിവാസികളോടോ ആലോചിക്കാതെ ഇത്തരം നീക്കം നടത്തിയത് ജനാധിപത്യവിരുദ്ധമാണെന്നും വിമർശനം ഉയരുന്നുണ്ട്.

ബിത്രയുടെ ഭാവി എന്താകുമെന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദ്വീപ് നിവാസികൾ. സ്വന്തം മണ്ണിൽ തുടരാനുള്ള അവരുടെ അവകാശത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഈ നീക്കത്തിനെതിരെ പ്രതിഷേധങ്ങൾ ഇനിയും ശക്തമാവുമെന്ന് ഉറപ്പാണ്.


Content Highlights: does bitra island natives have to move out from their home land

dot image
To advertise here,contact us
dot image