

വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ ഇന്ത്യയുടെ ഹീറോയായ ജെമീമ റോഡ്രിഗസിനെ അഭിനന്ദിച്ച് ബോളിവുഡ് നടി ദീപിക പദുകോൺ. ഇന്ത്യയെ ഫൈനലിലെത്തിച്ച തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ ജെമീമ അതിവൈകാരികമായി പ്രതികരിച്ചത് വലിയ ചർച്ചയായിരുന്നു. താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിച്ച ജെമീമ ഉത്കണ്ഠയോട് പൊരുതിയിരുന്നയാളാണ് താനെന്നും തുറന്നുപറഞ്ഞിരുന്നു. മാനസികാരോഗ്യത്തെ കുറിച്ച് തുറന്നുപറഞ്ഞതിന് ജെമീമയെ ദീപിക പ്രശംസിക്കുകയും ചെയ്തു.
ഉത്കണ്ഠയേക്കുറിച്ച് തുറന്നുപറഞ്ഞ ജെമീമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ദീപിക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെക്കുകയായിരുന്നു. മത്സരശേഷം ജെമീമ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് നിങ്ങളുടെ കഥയും ബലഹീനതകളെ കുറിച്ചും പങ്കുവെച്ചതിന് നന്ദി എന്നാണ് ദീപിക കുറിച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും മാനസികാരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടതിനേക്കുറിച്ചും സോഷ്യൽ മീഡിയയിൽ നിരന്തരം സംസാരിക്കുന്നയാളാണ് ദീപിക. വിഷയത്തില്‍ ദീപികയും പ്രതികരിച്ചതോടെ ഉത്കണ്ഠയെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു.
Deepika Padukone lauds Jemimah Rodrigues for speaking up on mental health and anxiety. #CricketTwitter #CWC25 pic.twitter.com/gSYb2Q94Xu
— Female Cricket (@imfemalecricket) October 31, 2025
ടൂർണമെന്റിന് മുമ്പ് കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയതെന്നും അമ്മയെ വിളിച്ച് കരയുമായിരുന്നെന്നുമാണ് ജെമീമ പറഞ്ഞത്. 'ഇപ്പോള്‍ ഇതുകാണുന്ന ആരെങ്കിലുമൊക്കെ എന്നെപ്പോലെ തന്നെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടാകാം. എന്നാല്‍ തുറന്നുപറയാന്‍ അവര്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് ഞാന്‍ കടന്നുപോയത്. അമ്മയെ വിളിച്ച് കരയുമായിരുന്നു. ഒരുപാട് കരഞ്ഞ് വിഷമം തീര്‍ക്കും. കാരണം ഉത്കണ്ഠയിലൂടെ കടന്നുപോകുമ്പോള്‍ മരവിപ്പാണ് അനുഭവപ്പെടുക. എന്ത് ചെയ്യണമെന്ന് മനസ്സിലാകില്ല. ആ സമയത്തൊക്കെയും മാതാപിതാക്കളാണ് ഏറ്റവുമധികം പിന്തുണച്ചത്', ജെമീമ പറഞ്ഞു.
'ക്രിക്കറ്ററായ അരുന്ധതി റെഡ്ഡി ഞാന്‍ കരയുന്നത് എല്ലാദിവസവും കാണും. പിന്നീട് നീ എന്റെ മുമ്പില്‍ വരേണ്ട, ഞാന്‍ കരയാന്‍ തുടങ്ങും എന്ന് തമാശയോടെ പറഞ്ഞിരുന്നു. പക്ഷേ ഓരോ ദിവസവും അരുന്ധതി എന്റെ അവസ്ഥ അന്വേഷിച്ചിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും സഹായിച്ചു. ഞാന്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്മൃതിക്കും അറിയാമായിരുന്നു. നെറ്റ് സെഷനുകള്‍ക്ക് ശേഷം സ്മൃതി എനിക്കരികിൽ വന്നുനില്‍ക്കും. പ്രത്യേകിച്ച് ഒന്നും സംസാരിക്കില്ല. പക്ഷേ അവളുടെ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവൾക്ക് അറിയമായിരുന്നു', ജെമീമ പറഞ്ഞു. രാധാ യാദവും തനിക്ക് കരുതലായി കൂടെയുണ്ടായിരുന്നുവെന്നും കുടുംബം എന്ന് വിളിക്കാനാവുന്ന സുഹൃത്തുക്കൾ ഉള്ളതിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ജെമീമ കൂട്ടിച്ചേർത്തു.
Content Highlights: Deepika Padukone thanks Jemimah Rodrigues for opens up on dealing with anxiety during Women’s World Cup