കുറച്ച് ദൂരം നടക്കുമ്പോഴേ ശ്വാസംമുട്ടലും കിതപ്പും അനുഭവപ്പെടാറുണ്ടോ?

ശ്വാസതടസ്സം സ്ഥിരമായുള്ളതാണെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെങ്കിലും ഒരിക്കലും അവഗണിക്കരുത്

കുറച്ച് ദൂരം നടക്കുമ്പോഴേ ശ്വാസംമുട്ടലും കിതപ്പും അനുഭവപ്പെടാറുണ്ടോ?
dot image

കുറച്ച് ദൂരം നടക്കുമ്പോള്‍ത്തന്നെ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയോ കിതപ്പുണ്ടാവുകയോ ചെയ്യുന്നവരാണോ നിങ്ങള്‍. ഇടയ്ക്കിടെ ഉണ്ടാകുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ളതുമായ ശ്വാസ തടസ്സം പല ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്നതാണ്. കുറച്ച് ചുവടുകള്‍ വയ്ക്കുമ്പോള്‍ത്തന്നെ ശ്വാസംമുട്ടല്‍ ഉണ്ടാകാനുള്ള ചില കാരണങ്ങള്‍ ഇവയൊക്കെയാണ്.

ഉദാസീനമായ ജീവിതശൈലി

ശരീരം അനങ്ങുന്ന രീതിയിലുള്ള ഒരു കാര്യങ്ങളും ചെയ്യാതെ അലസ്സമായ ജീവിതശൈലി നയിക്കുന്നവരാണെങ്കില്‍ ശരീരത്തിന്റെ ഊര്‍ജ്ജവും ശക്തിയും നഷ്ടപ്പെട്ടേക്കാം. ഈ അവസ്ഥ 'ഫിസിക്കല്‍ ഡീകണ്ടീഷനിംഗ് ' എന്നാണ് അറിയപ്പെടുന്നത്. ശ്വസനത്തെ സഹായിക്കുന്ന പേശികള്‍ പതിവായി ഉപയോഗിക്കാതിരിക്കുമ്പോള്‍ കാലക്രമേണ അവ ദുര്‍ബലമാകും. അതുകൊണ്ട് കുറച്ച് ദൂരം നടക്കുകയോ പടികയറുകയോ ചെയ്യുമ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടാകും. ചെറിയ വ്യായാമങ്ങളില്‍ തുടങ്ങി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്വസന കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അമിത വണ്ണം

30തോ അതില്‍ക്കൂടുതലോ ഉള്ള ബോഡി മാസ് ഇന്‍ഡക്‌സ്(BMI) ഉളളവരില്‍ ശ്വാസകോശത്തിനും ഹൃദയത്തിനും അധിക സമ്മര്‍ദ്ദമുണ്ടാകും. വയറിനും നെഞ്ചിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശ്വാസകോശ വികാസത്തെ പരിമിതപ്പെടുത്തുകയും ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും. BMCയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഇതേക്കുറിച്ച് പറയുന്നുണ്ട്. ഉയര്‍ന്ന ബോഡിമാസ് ഇന്‍ഡക്‌സ് ശ്വാസകോശത്തിന്റെ അളവ് കുറയ്ക്കുകയും ശ്വസനം ആയാസപ്പെടുത്തുകയും ചെയ്യും. ഇത് ചെറിയ ദൂരം നടക്കുന്നത് പോലും ബുദ്ധിമുട്ടിലാക്കുന്നു. സമീകൃത പോഷകാഹാരം, പതിവ് വ്യായാമം, ഡോക്ടറുമായുള്ള കൂടിക്കാഴ്ച ഇവയിലൂടെ ഭാരം നിയന്ത്രിക്കേണ്ടതാണ്. ഇത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.

ഉത്കണ്ഠാ വൈകല്യങ്ങള്‍

ശ്വാസതടസ്സം എല്ലായിപ്പോഴും ശാരീരിക പ്രശ്‌നങ്ങള്‍ മൂലമല്ല ഉണ്ടാകുന്നത്. ഇത് ഉത്കണ്ഠാ വൈകല്യങ്ങള്‍ മൂലവും സംഭവിക്കാം. ഉത്കണ്ഠയോ സമ്മര്‍ദ്ദമോ ഉണ്ടാകുമ്പോള്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് ഹൃദയമിടിപ്പിനെയും ശ്വസനത്തേയും വേഗത്തിലാക്കുന്നു. ശ്വാസകോശവും ഹൃദയവും ആരോഗ്യമുളളതാണെങ്കില്‍പ്പോലും പാനിക് അറ്റാക്കുകള്‍ ഉണ്ടാകുന്നത് ഹൃദയമിടിപ്പ് വര്‍ധിക്കാനും ശ്വസനത്തെ തടസ്സപ്പെടുത്തുത്താനും നെഞ്ചുവേദനയുണ്ടാകാനും കാരണമാകുകയും ചെയ്യും. തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിംഗ് തേടുന്നത് ഉത്കണ്ഠാവൈകല്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ആസ്ത്മ

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അവസ്ഥയാണ് ആസ്ത്മ. ഈ അവസ്ഥയില്‍ ശ്വസനാളം വീര്‍ക്കുകയും ഇടുങ്ങിയതായി മാറുകയും ചെയ്യുമ്പോള്‍ ഇത് ശ്വാസകോശത്തിലേക്ക് വായൂ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. തന്മൂലം നടക്കുമ്പോഴോ വ്യായമം ചെയ്യുമ്പോഴോ രോഗാവസ്ഥ വഷളാവുകയും ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും. ആസ്ത്മ നിയന്ത്രണത്തിലാക്കാന്‍ പതിവായി വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ഹൃദയ സ്തംഭനം

ഹൃദയത്തിന് നന്നായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരികയും ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ചെയ്യുന്നത് ഹൃദയസ്തംഭനം സംഭവിക്കുമ്പോഴാണ്. നടക്കുകയോ സ്‌റ്റെപ്പ് കയറുകയോ പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത് ശ്വാസതടസ്സമുണ്ടാക്കുന്നു. ക്ഷീണം, കണങ്കാലിന് വീക്കം, തുടര്‍ച്ചയായ ചുമ എന്നിവ മറ്റ് ലക്ഷണങ്ങളാണ്. മരുന്നുകള്‍, ജീവിതശൈലിയിലെ മാറ്റങ്ങള്‍ , ചില ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടെ രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്നത് ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗം കുറയ്ക്കാനും സഹായിക്കും.

Also Read:

ഹൃദയാഘാതം

ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. കൊറോണറി ആര്‍ട്രിയില്‍ രക്തം കട്ടപിടിക്കുന്നതാണ് ഇങ്ങനെ ഉണ്ടാകാനുള്ള പ്രധാന കാരണം. ഇത് ഹൃദയപേശികളില്‍ ഓക്‌സിജന്‍ എത്തുന്നത് തടയുന്നു. ഇത് നെഞ്ചില്‍ വേദനയോ, ശ്വസതടസ്സമോ, തലകറക്കമോ, ഓക്കാനമോ ഉണ്ടാക്കുന്നു. ഹൃദയാഘാതം ഒരു അടിയന്തിര മെഡിക്കല്‍ അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഉള്ള എല്ലാവര്‍ക്കും ഉടന്‍ വൈദ്യസഹായം നല്‍കേണ്ടത് അത്യാവശ്യമാണ്.

ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ്(സിഒപിഡി)

ദീര്‍ഘകാലമായുളള പുകവലി കൊണ്ടോ വായൂ മലിനീകരണം കൊണ്ടോ ഉണ്ടാകുന്ന ശ്വാസതടസ്സമാണ് സിഒപിഡി. പുകവലി വായൂ സഞ്ചികളെ തകരാറിലാക്കുകയും ശ്വാസനാളങ്ങളെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഇത് ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, ഇടയ്ക്കിടെ നെഞ്ചിനുണ്ടാകുന്ന അണുബാധ എന്നിവയിലേക്ക് നയിക്കുന്നു. പുകവലി ഉപേക്ഷിക്കുകയും മെഡിക്കല്‍ സഹായം തേടുകയും ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുകയും ഒക്കെ ചെയ്യുന്നത് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Also Read:

ന്യുമോണിയ

ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. ഇത് ശ്വാസകോശത്തില്‍ വീക്കം, ദ്രാവകം അടിഞ്ഞുകൂടല്‍ എന്നിവയുണ്ടാക്കുകയും ശ്വാസതടസ്സം ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. ശ്വാസതടസ്സം, നെഞ്ചുവേദന, പനി,ചുമ എന്നിവയൊക്കെയാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍.പെട്ടെന്നുള്ളതോ കഠിനമായതോ, വഷളാകുന്നതോ ആയ ശ്വാസതടസ്സം അനുഭവപ്പെടുകയോ അത് ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുകയോ ചെയ്യുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്.

Content Highlights : Do you feel short of breath and wheezing even after walking a short distance?

dot image
To advertise here,contact us
dot image