ബിഹാറിലെ ജനകീയ കമ്മ്യൂണിസ്റ്റ്; മെഹബൂബ് ആലം, സാധാരണ ജനങ്ങളുടെ വിശ്വാസം 'സമ്പത്താക്കിയ' നേതാവ്

സിപിഐ (എം എൽ) ലിബറേഷൻ്റെ ബിഹാർ സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് മെഹ്ബൂബ് ആലം

ബിഹാറിലെ ജനകീയ കമ്മ്യൂണിസ്റ്റ്; മെഹബൂബ് ആലം, സാധാരണ ജനങ്ങളുടെ വിശ്വാസം 'സമ്പത്താക്കിയ' നേതാവ്
dot image

ബിഹാറിലെ കതിഹാർ ജില്ലയിൽ ബൽറാംപൂരിലെ ശിവാനന്ദ്പൂർ എന്ന ഗ്രാമത്തിലാണ് ആ കൊച്ചു വീട്. മണ്ണ് കൊണ്ട് നിർമിച്ച തറയും ഇഷ്ടികയുടെ ചുമരും ആസ്പറ്റോസിന്റെ മേൽക്കൂരയുമുള്ള ചെറിയ വീട്. ശിവാനന്ദപൂർ ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളും ഇങ്ങനെ നിർമിച്ചവയാണ്. 2000ത്തിലും 2005ലും ബർസോയി മണ്ഡലത്തിൽ നിന്നും 2015ലും 2020ലും ബൽറാംപൂർ മണ്ഡലത്തിൽ നിന്നും ബിഹാർ നിയമസഭയിലേക്കെത്തിയ സി പി ഐ (എം എൽ) ലിബറേഷൻ്റെ നേതാവായ മെഹബൂബ് ആലത്തിന്റെ വീടിനെ കുറിച്ചാണ് പറയുന്നത്.

സിപിഐ (എം എൽ) ലിബറേഷൻ്റെ ബിഹാർ സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമാണ് മെഹ്ബൂബ് ആലം. ജനങ്ങളോട് അടുത്ത് ഇടപഴകുന്ന കർഷകനായ രാഷ്ട്രീയ നേതാവ്. ആരാണ് മെഹബൂബ് ആലം എന്ന ചോദ്യത്തിന് ലളിതമായി ഇങ്ങനെ ഉത്തരം പറയാം. മെഹബൂബ് ആലത്തിനെ പോലെ ഇത്രയും ലളിത ജീവിതം നയിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവോ ജനപ്രതിനിധിയോ ഇന്ത്യയിൽ വേറെ ഉണ്ടാവില്ല. രണ്ടു നേരം പോലും ഭക്ഷണം കഴിക്കാനില്ലാത്ത ഗ്രാമീണജനതയുടെ ദുരിതം തീരുന്നത് വരെ താനും ഇങ്ങനെയൊക്കെ ജീവിക്കുമെന്നാണ് ലളിത ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മെഹബൂബ് ആലത്തിന്റെ മറുപടി. ഒരു എംഎൽഎ എന്ന നിലയിൽ മെഹബൂബ് ആലത്തിന് ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും പാർട്ടിക്കാണെന്നും അദ്ദേഹം പറയുന്നു. ആ പാർട്ടി ഫണ്ടുകളാകട്ടെ ബിഹാറിലെ ഗ്രാമങ്ങളിലെ കർഷകരുടെയും മറ്റും അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ബിഹാറിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച് ഇന്നും ലളിതജീവിതം നയിക്കുകയാണ് ആ കമ്മ്യൂണിസ്റ്റ് നേതാവ്.

The houses on both sides are mostly single-storey, largely with kuchcha roofs. In one of these houses, with an asbestos roof, mud floor, unplastered walls and a DTH antenna, lives newly elected CPI (M-L) MLA Mahboob Alam, who won by the biggest margin in the recent Bihar elections
മെഹബൂബ് ആലം

ഗ്രാമീണജനതയുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പോരാടുന്ന സമരനേതാവ് കൂടിയാണ് മെഹബൂബ് ആലം. ഗ്രാമങ്ങളിലെ കർഷകരുടെയും അതിദരിദ്രരായ ജനങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം നിരന്തരം പോരാടുന്നു. ഈ പോരാട്ടങ്ങളുടെ ഫലമായി നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അനീതി അനുഭവിക്കുന്നവർക്ക് സ്വയം പ്രതിരോധം തീർക്കാൻ ഭരണഘടന അവകാശം നൽകുന്നതായും അദ്ദേഹം പറയുന്നു.

1980കളിലാണ് മെഹബൂബ് ആലം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ട് ബിഹാറിലെ അതിദരിദ്രരായ ഗ്രാമീണജനതയുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ആ ജീവിതം മാറ്റിവെച്ചു. 1985ൽ ബർസോയി മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങി. 1985ലും 1990ലും പരാജയപ്പെട്ടെങ്കിലും 2000 ത്തിൽ ബർസോയി മണ്ഡലം മെഹബൂബ് ആലത്തിനൊപ്പം നിന്നു. 2005ലും ബർസോയി മണ്ഡലത്തിലെ എം എൽ എ ആയി മെഹബൂബ് ആലം തെരഞ്ഞെടുക്കപ്പെട്ടു. 2009ലും 2014ലും ലോക്‌സഭയിലേക്കും 2010ൽ നിയമസഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ബൽറാംപൂരിൽ നിന്നും വീണ്ടും നിയമസഭയിലേക്ക്. 2015 മുതലുള്ള ബൽറാംപൂരിലെ അഞ്ചു വർഷത്തെ സേവനം 2020 ൽ ബിഹാറിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹത്തെ ജയിപ്പിച്ചു. 53597 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2020 ൽ മെഹബൂബ് ആലം നിയമസഭയിലെത്തിയത്.

ബിഹാറിലെ ജനങ്ങളുടെ ഭൂമിയുടെ അവകാശത്തിന് വേണ്ടിയും ജാതിപരവും മതപരവുമായ വിവേചനങ്ങൾക്കെതിരെയും മെഹബുബ് ആലം എന്ന സഖാവ് നിരന്തരം സമരമുഖത്ത് തന്നെയുണ്ടായിരുന്നു. ഭരണകൂടത്തെയും സാമൂഹിക ശ്രേണിയിലെ ഉന്നതരെയും നിരന്തരം ചോദ്യം ചെയ്തിരുന്ന മെഹബൂബ് ആലത്തെ ഏതുവിധേനെയും ഒതുക്കാനുള്ള ശ്രമങ്ങളും ബിഹാറിൽ നടന്നിരുന്നു. 1994 മുതൽ ഇങ്ങോട്ട് നിരവധി തവണയാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത്. കൊലപാതക കുറ്റമടക്കമുള്ള ക്രിമിനൽ വകുപ്പുകളും ഇതിൽ പെടും. ഇതെല്ലാം തനിക്കെതിരെ കെട്ടിച്ചമച്ച കേസുകളാണെന്നാണ് മെഹബൂബ് ആലം പറയുന്നത്. അപ്പോഴും ബിഹാറിലെ പാർട്ടി സഖാക്കളും കർഷകരടക്കമുള്ള അതിസാധാരണ മനുഷ്യരും മെഹബൂബ് ആലം എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ അവരുടെ സ്വന്തം നേതാവാക്കി മാറ്റിയിരുന്നു.

2020 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ മെഹബൂബ് ആലം അടക്കം സി പി ഐ (എം എൽ) ലിബറേഷൻ്റെ 12 സ്ഥാനാർഥികളാണ് വിജയിച്ചത്. ഈ സ്ഥാനാർഥികളെല്ലാം ഈ വർഷവും മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മഹാസഖ്യം വിജയിക്കുകയാണെങ്കിൽ സി പി ഐ (എം എൽ) ലിബറേഷന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മെഹബൂബ് ആലം ഉപമുഖ്യമന്ത്രി ആവാനുള്ള സാധ്യതയും ഏറെയാണ്. ജാതിവിവേചനവും അടിച്ചമർത്തലുകളും കൊടുമ്പിരി കൊള്ളുന്ന ബിഹാറിന്റെ മണ്ണിൽ മെഹബൂബ് ആലമെന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മഹാഖഡ്ബന്ധൻ ഉപമുഖ്യമന്ത്രിയാക്കുമോ എന്ന് കാത്തിരുന്നു കാണാം.

Content Hghlights: Bihar's popular communist Mehboob Alam is a leader who has 'earned' the trust of the common people

dot image
To advertise here,contact us
dot image