
ജൂലൈ 17 അന്താരാഷ്ട്ര നീതി ദിനം, ലോകത്ത് ഇന്നുവരെ നീതി നിഷേധിക്കപ്പെട്ട മനുഷ്യർക്ക് വേണ്ടി ഒരു ദിവസം. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, ഇരകളെ തങ്ങളുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ജൂലൈ 17 അന്താരാഷ്ട്ര നീതിന്യായ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ ജസ്റ്റിസ് ദിനമെന്നും ഈ ദിനം അറിയപ്പെടുന്നു. മനുഷ്യർക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, വംശഹത്യ തുടങ്ങിയവയുടെ ഇരകൾ നീതിക്കായി പോരാടേണ്ടതിന്റെയും, നീതിയുടെ പ്രാധാന്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓരോ നീതിന്യായ ദിനവും.
1998 മുതലാണ് ലോകത്ത് നീതിന്യായ ദിനം ആചരിക്കപ്പെടാൻ തുടങ്ങുന്നത്. 'റോം ചട്ടം' ചരിത്രപരമായി അംഗീകരിച്ചതിന്റെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ചതിന്റെയും വാർഷികമാണ് ഈ ദിനം. അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ചതിനെ സമാധാനത്തിനും നിയമവാഴ്ച്ചയ്ക്കും വേണ്ടിയുള്ള ചരിത്ര നിമിഷമായാണ് ലോകം കാണുന്നത്. അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നവരെ വിചാരണ ചെയ്യാൻ കഴിവുള്ള ആദ്യത്തെ സ്ഥിരവും സ്വതന്ത്രവുമായ അന്താരാഷ്ട്ര നീതിന്യായ സ്ഥാപനമാണ് ഈ കോടതി.
2010ൽ കമ്പാലിൽ നടന്ന അവലോകന സമ്മേളനത്തിലാണ് ജൂലൈ 17 അന്താരാഷ്ട്ര നീതിനിയമ ദിനമായി ആചരിക്കാമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഇന്റർനാഷണൽ ക്രിമിനൽ കോർട്ട്) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വർഷത്തെ നീതിന്യായ ദിനത്തിന് റോം ചട്ടങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ 27-ാം വാർഷികം കൂടിയാണ്.
139 രാജ്യങ്ങളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുമായി ബന്ധപ്പെട്ട കരാറിൽ അന്ന് ഒപ്പുവച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രതിനിധികളായ 80 സംസ്ഥാനങ്ങളും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരിക്കലും രാഷ്ട്രങ്ങളുടെ നിയമ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സ്ഥാപിതമായ സംവിധാനമല്ല. എന്നാൽ ഏതെങ്കിലും സാഹചര്യങ്ങളിൽ അന്വേഷണം നടത്താനോ, കുറ്റവാളികളെ ശിക്ഷിക്കാനോ കഴിയാതെ വരുമ്പോളാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി വിഷയത്തിൽ ഇടപെടുക.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രാധാന്യവും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളും ഓർമ്മിപ്പിക്കുന്നതിനാണ് നീതിന്യായ ദിനം ഇന്നും ആചരിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ പങ്കുചേരാൻ ഓരോ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുകയാണ് ഈ ദിവസം. ലോകം നേരിടുന്ന സമാധാന പ്രശ്‌നങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനും ഈ ദിവസം കാരണമാകുന്നു. ലോകത്തെ എല്ലാ ഇരകൾക്കും നീതി ലഭിക്കേണ്ടതുണ്ട്. നീതി ലഭിക്കാതെ കടന്നുപോയ ചരിത്രത്തിലെ ആളുകൾക്ക് വേണ്ടി സമർപ്പിക്കപ്പെടുക കൂടിയാണ് ജൂലൈ 17.
Content Highlight; International Justice Day 2025: Honoring the Global Fight for Justice