അതിദാരിദ്ര്യമുക്തം; കേരളത്തിന്റേത് ചരിത്ര നേട്ടം, ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം: എം എ ബേബി

രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എം എ ബേബി പറഞ്ഞു

അതിദാരിദ്ര്യമുക്തം; കേരളത്തിന്റേത് ചരിത്ര നേട്ടം, ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം: എം എ ബേബി
dot image

ന്യൂഡല്‍ഹി: അതിദാരിദ്ര്യമുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തിന്റേത് ചരിത്ര നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന ചരിത്രം കുറിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. രാഷ്ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും കേരളം ഒറ്റക്കെട്ടാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

ഇന്നുചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സഭാ നടപടികള്‍ ആരംഭിച്ചത്. സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിക്ക് റൂള്‍ 300 സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സതീശന്‍ പറഞ്ഞു. എന്ത് പ്രസക്തിയാണ് ഇതിനുള്ളതെന്ന് വി ഡി സതീശന്‍ ചോദിച്ചു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂള്‍ 300 സ്റ്റേറ്റ്മെന്റിലൂടെ നല്‍കുന്നത്. അതിനോട് കൂട്ടുനില്‍ക്കാന്‍ തങ്ങളില്ലെന്നും സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭ വിടുകയായിരുന്നു. കേരളത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെയാണ് ഇറങ്ങിപ്പോകുന്ന പ്രതിപക്ഷത്തെ ജനം എക്കാലത്തും വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാര്‍ എന്ന് വിധിക്കുമെന്നും മന്ത്രി എം ബി രാജേഷ് ആഞ്ഞടിച്ചു.

കേരളം അതിദാരിദ്രമുക്തമാണെന്നതിനുള്ള എല്ലാ രേഖകളുമുണ്ടെന്നും അതിനെ പ്രതിപക്ഷം എന്തിനാണ് ഭയക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ളത് ചരിത്രപ്രാധാന്യമുള്ള കാര്യമാണ്. അക്കാര്യം നാടിനെ അറിയിക്കാനുള്ള ഉചിതമായ മാര്‍ഗമാണ് നിയമസഭാ സമ്മേളനം. അതുകൊണ്ടാണ് നിയമസഭാ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. അതിനെ തട്ടിപ്പെന്ന് പ്രതിപക്ഷം പറയുന്നത് സ്വന്തം ശീലമാണ്. നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയാറുള്ളൂ. ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്താണോ പറഞ്ഞത് അത് നടപ്പാക്കും എന്നതാണ്. പറഞ്ഞ കാര്യം നടപ്പായിട്ടുണ്ടെന്നും നടപ്പായ കാര്യം നിലനില്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിന്റെ തുടക്കം കൂടിയായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ തന്നെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനായി നിയമസഭാംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ സജീവ ജനപങ്കാളിത്തത്തോടെയാണ് ഈ പ്രക്രിയ നടന്നത്.

എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും, ഗുണഭോക്തൃ കുടുംബങ്ങളെ കണ്ടെത്തിയാണ് ചരിത്രപ്രധാനമായ ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. അതിദാരിദ്ര്യ നിര്‍ണയം പൈലറ്റ് അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി. പിന്നീട് ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനൊപ്പം, ഒരു വിഭാഗത്തില്‍പ്പെട്ട ജനങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഇതിന്റെ ഭാഗമായാണ് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഈ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യഘടകമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനം. അടിസ്ഥാന രേഖകള്‍ പോലുമില്ലാതെ ബുദ്ധിമുട്ടിയിരുന്നവര്‍ക്കായി 'അവകാശം അതിവേഗം' എന്ന യജ്ഞം നടത്തി. 21,263 പേര്‍ക്കാണ് ഇതിലൂടെ സേവനങ്ങളും രേഖകളും ലഭ്യമാക്കിയത്. ആരോഗ്യ ഇന്‍ഷുറന്‍സ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയൊക്കെ എത്തിച്ചുകൊടുത്തു. മൂന്ന് നേരവും ആഹാരം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കി. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ അടക്കം ഇതിന് ഉപയോഗിച്ചു. 20,648 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഇന്ന് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ആരോഗ്യ സേവനം, മരുന്ന് ലഭ്യത, വാക്സിനേഷന്‍, കൂട്ടിരിപ്പ് എന്നിവയൊക്കെ ഉറപ്പുവരുത്തി. പാലിയേറ്റീവ് കെയര്‍ മുതല്‍ അവയവമാറ്റ ശസ്ത്രക്രിയ വരെ ലഭ്യമാക്കി. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും ജീവനോപാധികള്‍ നല്‍കിയും ഷെല്‍ട്ടര്‍ ഹോമുകള്‍ ഉറപ്പാക്കിയുമാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തിന്റെ ഗുണഫലം സമൂഹത്തിന്റെ എല്ലാ വിഭാഗത്തിനും ലഭിക്കുമ്പോള്‍ മാത്രമേ സാമൂഹ്യ വികസനവും സാമ്പത്തിക പുരോഗതിയും അര്‍ത്ഥവത്താവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ മാത്രമേ കേരളം എല്ലാ വിഭാഗം ജനങ്ങളുടെയും സ്വന്തം നാടായി മാറുകയുള്ളൂ. സജീവ ജനപങ്കാളിത്തത്തോടെയും, സര്‍ക്കാര്‍ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും, സുമനസുകളുടെയും സഹായത്തോടെയും സഹകരണത്തോടെയുമാണ് കേരളത്തിന് ലോകത്തിന്റെ സാമൂഹ്യ ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം നേടാനായത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്.

ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ ഒരു പടവുകൂടി താണ്ടിയിരിക്കുകയാണ്. ഒരു ജനതയാകെ ഒരുമയോടെ രംഗത്തിറങ്ങുകയും ലക്ഷ്യബോധത്തോടെ മുന്നേറുകയും ചെയ്താല്‍ നമുക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു.

Content Highlights: ma baby on zero extreme poverty

dot image
To advertise here,contact us
dot image