
ജനക്കൂട്ടത്തിന് നടുവില്‍ പ്രകാശമായി നിലകൊണ്ട ജനനായകനാണ് ഉമ്മന്‍ചാണ്ടി. ആ സാന്നിധ്യം ഇല്ലാതെ പുതുപ്പളളിക്കാര്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. അദ്ദേഹത്തിന്റെ വിടവ് നികത്താനാവാത്തതാണെങ്കിലും പുതുപ്പളളിക്കാര്‍ പറയുന്നത് ചാണ്ടിസാറിന്റെ അതേ രീതിയാണ് മകന്‍ ചാണ്ടി ഉമ്മന്റേതുമെന്നാണ്. അതിന് കാരണമുണ്ട്. അതിവേഗം ബഹുദൂരം തന്നെയാണ് ചാണ്ടി ഉമ്മനും ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ വീട്ടിലെത്തിയിരുന്ന ആള്‍ക്കൂട്ടം ഇന്ന് അദ്ദേഹത്തിന്റെ കല്ലറയിലെത്തി പ്രാര്‍ഥിക്കുന്നു. അത് കാണുമ്പോള്‍ എന്താണ് മനസിലൂടെ കടന്നുപോകുന്നത്?
അപ്പയെ അവസാനമായി ഒരു നോക്ക് കാണാന്‍ സാധിക്കാതിരുന്ന ധാരാളം ആളുകള്‍ മരണാനന്തര ചടങ്ങിന് ശേഷം കല്ലറയില്‍ എത്തി പ്രാര്‍ഥിച്ചിരുന്നു. ഇപ്പോഴും അപ്പയോട് സ്‌നേഹമുളളവര്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ എത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ജീവിതകാലം മുഴുവന്‍ ജനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന ആളായിരുന്നു. 50 വര്‍ഷം ജനങ്ങളോടൊപ്പം നിന്ന ഒരാള്‍ക്ക് ജനങ്ങള്‍ തിരിച്ചുകൊടുക്കുന്ന ആദരവാണ് ഇന്നും പുതുപ്പളളിയിലെ വീട്ടിലും കല്ലറയിലും എത്തുന്ന ജനങ്ങള്‍. അപ്പ പോയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആ പതിവ് ഇന്നും തുടരുന്നുണ്ട്. ഇതില്‍പ്പരം ഒരു ആദരവ് ഒരു വ്യക്തിക്ക് ലഭിക്കാനില്ല. കഴിഞ്ഞ രണ്ട് വര്‍ഷവും കല്ലറയില്‍ വന്ന് അപ്പയെ കണ്ടവര്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടാവുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഉമ്മന്‍ ചാണ്ടി ജനഹൃദയത്തില്‍ മരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്.
ലോകത്ത് എവിടെയാണെങ്കിലും എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിലെ വീട്ടില്‍ എത്താറുണ്ടായിരുന്നല്ലോ അദ്ദേഹം. കുടുംബനാഥനായ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ?
ലോകത്ത് എവിടെയാണെങ്കിലും അപ്പ ഞായറാഴ്ച പുതുപ്പളളിയില്‍ എത്താറുണ്ടായിരുന്നു. പുതുപ്പളളിയിലെ ജനങ്ങള്‍ക്കൊപ്പമായിരുന്നു ആ ഞായറാഴ്ചകള്‍ അദ്ദേഹം ചെലവഴിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആഘോഷങ്ങളും അവര്‍ക്കൊപ്പം തന്നെയായിരുന്നു.കുടുംബത്തെ സംബന്ധിച്ച് ഞങ്ങള്‍ ഒരുമിച്ച് അവധിക്കാലം ചെലവഴിച്ച ഒരു ഓര്‍മ്മപോലും ഇല്ല. വളരെ ചുരുക്കം സമയം തിരുവന്തപുരത്ത് വരുമ്പോള്‍ മാത്രമാണ് അപ്പയോടൊപ്പം ഞങ്ങള്‍ കൂടിയിരുന്നത്. അത്തരം ഓര്‍മ്മകളൊന്നും ഇല്ല എന്നത് ഒരു വേദനയായിത്തന്നെ അവശേഷിക്കുകയാണ്. പക്ഷേ ആ വേദന നിലനില്‍ക്കുമ്പോഴും മറുവശത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് വലിയ കാര്യമാണ്. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കൊപ്പം ജനങ്ങളിലൂടെയാണ് എന്നും.
മകനെ എഴുത്തിനിരുത്തിയത് അപ്പയാണെന്ന് കേട്ടിട്ടുണ്ട്. പിന്നീടങ്ങോട്ട് പഠനത്തെക്കുറിച്ചൊക്കെ അന്വേഷിച്ചിരുന്നോ? കുട്ടികളുടെ മാര്‍ക്കും അവരുടെ പഠന പുരോഗതിയും ഒക്കെ അന്വേഷിച്ചിരുന്ന ആളായിരുന്നോ അദ്ദേഹം?
പഠനത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം തന്നിട്ടില്ല. അക്കാര്യത്തില്‍ ഞങ്ങളുടെ ഇഷ്ടത്തിനാണ് വില തന്നത്. മാര്‍ക്ക് കുറഞ്ഞാല്‍ ശാസിക്കുന്ന ഒരു പിതാവായിരുന്നില്ല അദ്ദേഹം. അക്കാര്യത്തില്‍ മാക്‌സിമം ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം കുറയ്ക്കുവാനാണ് ശ്രമിച്ചത്. കൂടുതല്‍ മാര്‍ക്ക് കിട്ടിയാല്‍ അപ്പക്ക് സന്തോഷം. മക്കള്‍ എത്രയും നന്നായി പഠിക്കുന്നോ അത്രയും നന്നായി പഠിക്കട്ടെ എന്നാണ് അപ്പയുടെ മനസിലുണ്ടായിരുന്നത് എന്ന് എനിക്ക് നിസംശയം എനിക്ക് പറയുവാന്‍ സാധിക്കും. അപ്പയുടെ ആറ്റിറ്റിയൂഡും പോസിറ്റീവായ പെരുമാറ്റവും കൊണ്ടാണ് എനിക്ക് നല്ല വിദ്യാഭ്യാസം നേടാന്‍ സാധിച്ചത്. അക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദി മാത്രമേ ഉള്ളൂ.
ഈ വര്‍ഷത്തിനിടയില്‍ ഉമ്മന്‍ചാണ്ടി സാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ നിമിഷങ്ങള്‍ പലതും ഉണ്ടായിട്ടില്ലേ ?
എല്ലാ നിമിഷവും കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്ന സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കാരണം എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും അപ്പയുടെ കയ്യില്‍ അതിനെല്ലാം പരിഹാരം ഉണ്ടായിരുന്നു. മുന്നില്‍ എത്തുന്ന ഓരോരുത്തരേയും സ്‌നേഹത്തോടെ കരുതിയ വ്യക്തിയാണ്. ഞാന്‍ പലപ്പോഴും അപ്പയോട് ചോദിക്കണമെന്ന് വിചാരിച്ച കാര്യമാണ്, ഓരോ പ്രശ്‌നത്തിനും ഈ പരിഹാരങ്ങളൊക്കെ അപ്പ എങ്ങനെയാണ് കണ്ടെത്തിയതെന്ന്. ഒരു ആളായിട്ട് കൂടെയിലില്ലെങ്കിലും അപ്പയുടെ ആത്മാവ് കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം ഈ രണ്ട് വര്‍ഷം എന്നെ നയിച്ചിട്ടുണ്ട്. എത്രയോ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ നൈമിഷികമായ തീരുമാനം കൊണ്ടും മനസ്സാന്നിധ്യം കൊണ്ടും അര്‍പ്പണ ബോധം കൊണ്ടും പരിഹരിച്ചിരുന്നു. ഇറാഖിലെ വിഷയമാണ് എന്റെ മനസിലേക്ക് പെട്ടെന്ന് ഓടിയെത്തുന്നത്. ഏറ്റവും നിര്‍ണ്ണായകമായ സമയത്ത് ആ നഴ്‌സുമാരോട് ഇറങ്ങി പുറപ്പെടാന്‍ പറയാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച മനസ്സാന്നിധ്യം ഒരിക്കലും മറക്കാന്‍ പറ്റുന്ന ഒന്നല്ല.
ആള്‍ക്കൂട്ടത്തിനിടയിലാണ് ഉമ്മന്‍ ചാണ്ടി എപ്പോഴും ഉണ്ടായിരുന്നത്. അസുഖം തളര്‍ത്തിയിരുന്ന സമയത്ത് അദ്ദേഹം എങ്ങനെയാണ് ആശുപത്രിയിലും വീട്ടിലുമായി ഒതുങ്ങിക്കൂടിയത് ?
തളരാത്ത മനസുമായി അപ്പ രോഗത്തെ നേരിട്ട കാഴ്ചയായിരുന്നു ആശുപത്രിക്കാലത്തേത്. അവസാന ദിവസങ്ങളില്‍ തന്നെ കാണാന്‍ വന്ന എല്ലാവരോടും വളരെ പോസിറ്റീവായിട്ടാണ് പെരുമാറിയത്. ജീവിതത്തില്‍ ഉടനീളം പോസിറ്റീവായി പ്രവൃത്തിച്ച ഒരാളില്‍ നിന്ന് അതില്‍ അപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. പിന്നെ തീര്‍ച്ചയായും ആരോഗ്യം മോശമായിരുന്നതിന്റെ ബുദ്ധിമുട്ടികള്‍ ഉണ്ടായിരുന്നു. പക്ഷേ ആ പ്രയാസങ്ങളെ ഉറച്ച വിശ്വാസവും മനസാന്നിധ്യവും കൊണ്ട് നേരിടുകയും ചെയ്തു. രോഗത്തെ മറികടക്കും എന്നാണ് അപ്പ അവസാന നിമിഷം വരെ വിശ്വസിച്ചിരുന്നത്. ഞങ്ങളും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അവസാന മാസം കുറച്ച് ഒപ്പുകള്‍ ഇടാന്‍ കത്തുകളുമായി ചെന്നപ്പോള്‍ വളരെ സൂക്ഷ്മതയോടെ അതെല്ലാം നിരീക്ഷിച്ച് ഒപ്പിട്ട് കൊടുക്കുന്ന കാഴ്ച. ഓരോ കാര്യങ്ങളിലും ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയ അപ്പ അവസാന നിമിഷം വരെയും അത് കാത്തുസൂക്ഷിച്ചുവെന്നതാണ്.
നാട്ടുകാര്‍ക്ക് -ജൂനിയര്‍ ഉമ്മന്‍ചാണ്ടിയെ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. എന്തൊക്കെയാണ് നാടിനുവേണ്ടി മനസിലുള്ള പദ്ധതികള്‍?
ഒരു സ്‌പോര്‍ട്‌സ് ഹബ്ബായും ഐടി ഹബ്ബായും പുതുപ്പളളിയെ മാറ്റണംഎന്നുള്ള അപ്പയുടെ ആഗ്രഹത്തിന്റെ പിറകെയാണ് ഞാന്‍ ഇന്നുളളത്. ആ ആഗ്രഹം നിറവേറുക തന്നെ ചെയ്യും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ചാണ്ടി ഉമ്മനെ കാണുമ്പോള്‍ പ്രായമായ ആളുകള്‍ മകനോടെന്നപോലെ വാത്സല്യത്തോടെ പെരുമാറുന്നു, സ്നേഹം പ്രകടിപ്പിക്കുന്നു?
തീര്‍ച്ചയായിട്ടും പ്രായമായ ആളുകള്‍ വളരെ സ്‌നേഹത്തോടെയാണ് എന്നെ ചേര്‍ത്തുപിടിക്കുന്നത്. ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ട ഒരു അമ്മ എന്റെ കല്യാണകാര്യം ഉള്‍പ്പടെ പറഞ്ഞ് ശകാരിച്ചു. കെട്ടിപ്പിടിച്ച് പിടി വിടാതെ ഉമ്മതരുന്ന ചില മാതാപിതാക്കളുണ്ട്. എല്ലാവരെയും കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കണ്ടു. ഒരു മകന് ലഭിക്കേണ്ട സ്‌നേഹം മുഴുവന്‍ പല മാതാപിതാക്കളില്‍ നിന്നും സഹോദരീ സഹോദരന്മാരില്‍നിന്നും അനുഭവിക്കുവാനുളള ഭാഗ്യം എന്റെ അപ്പ കാരണം എനിക്ക് ഇന്ന് ലഭിക്കുന്നുണ്ട്. അതെനിക്ക് അഭിമാനവും സന്തോഷവുമാണ്. ആ സ്‌നേഹമാണ് ഇന്നെന്നെ നയിക്കുന്നത്.
രണ്ടാം ചരമദിനം അനുബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?
അദ്ദേഹത്തിന്റെ പേരില്‍ 50 വീടുകള്‍ കൊടുക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടം 11 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ്. അപ്പയുടെ പേരില്‍ ആയിരം കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പും രണ്ടാമത്തെ ചരമദിനത്തില്‍ വിതരണം ചെയ്യും. പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ടര്‍ഫ് തുടങ്ങുകയാണ്. ആദരണീയനായ രാഹുല്‍ ഗാന്ധിയാണ് അത് ഉത്ഘാടനം ചെയ്യുന്നത്.
നിമിഷപ്രിയയുടെ കാര്യത്തിലും അപ്പയുടെ സ്വര്‍ഗ്ഗീയ ഇടപെടല്‍ ഉണ്ടാകുമെന്നുതന്നെയാണ് വിശ്വാസം എന്ന് പറഞ്ഞിരുന്നു.അക്കാര്യത്തില്‍ ചാണ്ടി ഉമ്മന്റെ പ്രതീക്ഷ എന്താണ് ?
നിമിഷ പ്രിയ മോചിതയാകണമെന്നുളളത് അപ്പയുടെ അവസാനത്തെ ആഗ്രഹമായിരുന്നു. അവര്‍ സ്വാതന്ത്ര്യം നേടും എന്നുള്ള പൂര്‍ണപ്രതീക്ഷയിലാണ് ഞങ്ങളെല്ലാവരും. ഇക്കാര്യത്തിലും അപ്പയുടെ സ്വര്‍ഗ്ഗീയ ഇടപെടലുണ്ടാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
Content Highlights :Two years for Oommen Chandy's memories. Nimishapriya's release was Appa's last wish,