2030-ഓടെ ഗതാഗതത്തിന്റെ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കും; വൻ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ദുബായ്

ആഗോളതലത്തിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രധാന ഹബ്ബായി ദുബായിയെ മാറ്റുക എന്നതാണ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്

2030-ഓടെ ഗതാഗതത്തിന്റെ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളാക്കും; വൻ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ദുബായ്
dot image

2030-ഓടെ എമിറേറ്റിലെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്ത് ദുബായ്. ഈ സ്മാർട്ട് ലക്ഷ്യം മുൻനിർത്തി സ്വയം നിയന്ത്രിത വാഹനങ്ങളുടെയും ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെയും സുരക്ഷ ഉറപ്പാക്കാൻ ദുബായ് സിലിക്കൺ ഒയാസിസിൽ അത്യാധുനിക ടെസ്റ്റിംഗ് ഫെസിലിറ്റി തുറന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും (ഡിഐഇസെഡ്) ചേർന്നാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഗ്രൗണ്ട്-ടെസ്റ്റിംഗ് കേന്ദ്രമായ 'ദുബായ് മൊബിലിറ്റി ലാബ്സ്' യാഥാർത്ഥ്യമാക്കിയത്.

ദുബായുടെ സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് സ്ട്രാറ്റജി പൂർണ്ണതലത്തിൽ വിജയിപ്പിക്കുന്നതിന് വൻകിട കമ്പനികൾക്കും സാങ്കേതികവിദ്യാ വികസന സ്ഥാപനങ്ങൾക്കും തങ്ങളുടെ ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലിറക്കുന്നതിന് മുമ്പ് അവ പരിശോധിക്കാനും സർട്ടിഫിക്കറ്റ് നേടാനും ഈ കേന്ദ്രം അത്യാവശ്യമാണ്. ആഗോളതലത്തിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രധാന ഹബ്ബായി ദുബായിയെ മാറ്റുക എന്നതാണ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ ട്രാഫിക് സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് വാഹനങ്ങളുടെ ശേഷി പരിശോധിക്കാൻ 248 പ്രത്യേക അന്തരീക്ഷങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിയന്ത്രിത ട്രാക്കുകൾക്ക് പുറമേ, സിലിക്കൺ ഒയാസിസ് മുതൽ അൽ ഖുദ്ര വരെയുള്ള പൊതു റോഡുകളിലും ഇവയുടെ പ്രകടനം വിലയിരുത്താനാകും. പെട്ടെന്നുള്ള തടസ്സങ്ങൾ തിരിച്ചറിയൽ, തീരുമാനങ്ങളെടുക്കൽ, മറ്റ് വാഹനങ്ങളുമായുള്ള ആശയവിനിമയം എന്നിവയെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷമേ വാഹനങ്ങൾക്ക് അനുമതി നൽകൂ.

ഓഫീസുകൾ, പ്രവർത്തനങ്ങൾക്കായുള്ള പ്രത്യേക ഇൻഡോർ യൂണിറ്റുകൾ, മൂന്ന് 60 കിലോ വാട്ട് ഇലക്ട്രിക് വാഹന ചാർജറുകൾ എന്നിവയും ഈ കേന്ദ്രത്തിലുണ്ട്. 2030-ഓടെയുള്ള വലിയ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന ഈ സുപ്രധാന പദ്ധതി ദുബായിയെ ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ ആഗോള മാതൃകയാക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി.

Content Highlights: Dubai is stepping up preparations for a driverless future, with the emirate targeting autonomous technology for 25% of all mobility journeys by 2030. New testing facilities and expanding Robotaxi services are supporting the transition toward autonomous transport.

dot image
To advertise here,contact us
dot image