

ഷൂ ധരിച്ച് പുറത്തിറങ്ങി കുറച്ച് ദൂരം നടന്നതേയുള്ളൂ… താഴേക്ക് നോക്കുമ്പോള്‍ ലേസ് അഴിഞ്ഞുകിടക്കുന്നു. വീണ്ടും കുനിഞ്ഞ് കെട്ടണം. കുറച്ചുകഴിഞ്ഞാല്‍ വീണ്ടും അതേ അവസ്ഥ. പലര്‍ക്കും പരിചിതമായ ഈ ചെറിയ ബുദ്ധിമുട്ട് ചിലപ്പോള്‍ ഷൂവിന്റെ ലുക്കിനെയും ബാധിക്കും.
പ്രത്യേകിച്ച് സ്നീക്കേഴ്സും ക്യാഷ്വല്‍ ഷൂസും ഫാഷന്റെ ഭാഗമായതോടെ ഷൂ ലേസിനും പ്രാധാന്യം കൂടിയിട്ടുണ്ട്. എന്നാല്‍ ലേസ് എപ്പോഴും അഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ പ്രശ്‌നം നിങ്ങള്‍ കെട്ടുന്ന രീതിയില്‍ മാത്രം ആയിരിക്കണമെന്നില്ല. ലേസിന്റെ നീളം മുതല്‍ ഷൂവിന്റെ ഫിറ്റിംഗ് വരെ പല കാര്യങ്ങളും ഇതിന് കാരണമാകാം.
ഷൂവില്‍ ലേസ് ഇട്ടുകഴിഞ്ഞാല്‍ അതിന്റെ വലിയൊരു ഭാഗം ഐലെറ്റുകള്‍ക്കിടയില്‍ പോകും. ബാക്കിയുള്ള ഭാഗമാണ് കെട്ടാനും ലൂപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നത്. ലേസ് ആവശ്യത്തിലധികം നീളമുള്ളതാണെങ്കില്‍ കെട്ടിയതിന് ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന ഭാഗം കൂടുതലാകും. നടക്കുമ്പോള്‍ ഇത് നിലത്തോ മറ്റെന്തെങ്കിലും വസ്തുക്കളിലോ തട്ടുകയും വലിവുണ്ടാകുകയും ചെയ്താല്‍ കെട്ട് അഴിഞ്ഞുപോകാം. അതുകൊണ്ട് പുതിയ ഷൂ വാങ്ങുമ്പോള്‍ ലേസിന്റെ നീളവും ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഷൂ വളരെ ടൈറ്റാണെങ്കില്‍ കാലിന് കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടാം. അതിനനുസരിച്ച് ലേസിലും കൂടുതല്‍ വലിവ് ഉണ്ടാകാം. ഇത് കെട്ട് പെട്ടെന്ന് അയയാനുള്ള സാധ്യത കൂട്ടും. അതിനാല്‍ ഫാഷനെന്ന രീതിയില്‍ മാത്രം വളരെ ടൈറ്റായ ഷൂ തിരഞ്ഞെടുക്കാതിരിക്കുക. കാല്‍വിരലുകള്‍ക്ക് ആവശ്യമായ സ്ഥലം ലഭിക്കുന്നുണ്ടോ എന്നും ഷൂ ധരിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.
എത്ര മുറുക്കി കെട്ടിയാലും അഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ കെട്ടുന്ന രീതി ശ്രദ്ധിച്ചുനോക്കാം. ആദ്യം രണ്ട് ലേസുകളും ക്രോസ് ചെയ്ത് ഒരു ലേസ് മറ്റേതിന്റെ അടിയിലൂടെ കൊണ്ടുവന്ന് മുറുക്കുക. പിന്നീട് ഒരു ലേസ് ഉപയോഗിച്ച് ലൂപ്പ് ഉണ്ടാക്കി മറ്റേ ലേസ് അതിന് ചുറ്റും ചുറ്റി താഴേക്ക് കൊണ്ടുവരിക. ശേഷം രണ്ട് ലൂപ്പുകളും ഒരേ അളവില്‍ വലിച്ച് കെട്ട് ഉറപ്പാക്കുക.
ലൂപ്പുകള്‍ ഒരേ രീതിയില്‍ കിടക്കുന്നതും കെട്ട് ഒരു വശത്തേക്ക് വളഞ്ഞുപോകാതിരിക്കുന്നതും ശ്രദ്ധിക്കാം. ഇത്തരത്തില്‍ ശരിയായ രീതിയില്‍ കെട്ടുന്നത് നടക്കുമ്പോള്‍ ലേസ് പെട്ടെന്ന് അഴിഞ്ഞുപോകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

എല്ലാ ഷൂ ലേസുകളും ഒരുപോലെയല്ല. ചിലത് വളരെ മിനുസമുള്ള റൗണ്ട് ലേസുകളായിരിക്കും. ചിലത് വീതിയുള്ള ഫ്‌ളാറ്റ് ലേസുകളായിരിക്കും. മിനുസമുള്ള റൗണ്ട് ലേസ് ഇടയ്ക്കിടെ അഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ ഫ്‌ളാറ്റ് ലേസ് പരീക്ഷിക്കാം. വീതിയുള്ള ലേസുകള്‍ക്ക് കെട്ടിനുള്ളില്‍ കൂടുതല്‍ പിടി ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കെട്ട് എളുപ്പത്തില്‍ അയയാതിരിക്കാന്‍ ഇത് സഹായിച്ചേക്കാം. ഫാഷന്‍ സ്‌നീക്കേഴ്സില്‍ ലേസിന്റെ നിറവും ഡിസൈനും ഷൂവിന്റെ മൊത്തം ലുക്കിനെ തന്നെ മാറ്റാറുണ്ട്. അതുകൊണ്ട് ആവശ്യത്തിന് നീളവും നല്ല പിടിയുമുള്ള ലേസ് തിരഞ്ഞെടുക്കുന്നത് സ്‌റ്റൈലിനും പ്രായോഗികതയ്ക്കും ഒരുപോലെ ഗുണം ചെയ്യും.

മഴയിലും ചെളിയിലും ഉപയോഗിക്കുന്ന ഷൂസിന്റെ ലേസില്‍ അഴുക്കും ഈര്‍പ്പവും അടിഞ്ഞുകൂടാം. ഇത് ലേസിന്റെ ഉപരിതലത്തെ ബാധിക്കുകയും കെട്ടിന്റെ പിടി കുറയ്ക്കുകയും ചെയ്യാം. അതിനാല്‍ ലേസ് അഴുക്കായാല്‍ കഴുകി നന്നായി ഉണക്കിയ ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.
ഒരു നല്ല ഷൂ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ അതിന്റെ ലേസും ശ്രദ്ധിക്കേണ്ടതാണ്. ലേസ് ശരിയായ നീളത്തിലുള്ളതാണോ, ഷൂ കാല്‍പ്പാദത്തിന് ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ, കെട്ട് ശരിയായ രീതിയിലാണോ എന്നൊക്കെ നോക്കിയാല്‍ ഇടയ്ക്കിടെ കുനിഞ്ഞ് ലേസ് കെട്ടേണ്ട ബുദ്ധിമുട്ട് കുറയ്ക്കാം.
Content Highlights :Do your shoelaces keep coming undone? Pay attention to these small details along with style. Here is the 'one-tying hack' to tie your shoelaces properly.