

മലപ്പുറം: സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായി പി കെ ഫിറോസ്. അധികാരത്തിന് പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാര്‍ എന്ന് പി കെ ഫിറോസ് പറഞ്ഞു. വഖഫ് ബോര്‍ഡില്‍ മെമ്പറായാല്‍ പാണക്കാട് തങ്ങളെയും തെറി പറയാമെന്ന് ചിലര്‍ കരുതുന്നു. പാണക്കാട് തറവാട്ടില്‍ വന്ന് ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്ന പണ്ഡിതന്മാരുണ്ടെന്നും പി കെ ഫിറോസ് വിമര്‍ശിച്ചു.
സമുദായത്തില്‍ ഭിന്നത ഉണ്ടാക്കുന്നവരെ അംഗീകരിക്കില്ല. എത്ര വലിയ തമ്പുരാനാണെങ്കിലും ശരി ഇവരെ അംഗീകരിക്കില്ല. വര്‍ഗീയവാദികളായ സമുദായ നേതാക്കന്മാരോട് കോംപ്രമൈസില്ല. വേഷം കൊണ്ട് ഒരാള്‍ പണ്ഡിതനാകില്ലെന്നും പി കെ ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തിലായിരുന്നു പി കെ ഫിറോസിന്റെ വിമര്‍ശനം.
'സമുദായത്തിനകത്തും സമൂഹത്തിനകത്തും ഭിന്നതയുണ്ടാക്കുന്നവരുമായി കോംപ്രമൈസില്ല. അത് സമുദായ നേതാക്കന്മാരായും അങ്ങനെയായിരിക്കും. രണ്ട് തരത്തിലുള്ള സമുദായ നേതാക്കളുണ്ട്. ഒന്ന് വര്‍ഗീയത പറയുന്നവരാണ്. അവരോട് ഒരു തരത്തിലും കോംപ്രമൈസില്ല. അത് എത്ര വലിയ തമ്പുരാണെങ്കിലും ശരി വര്‍ഗീയവാദികളായ സമുദായ നേതാക്കളോട് കോംപ്രമൈസില്ല എന്ന് പറയാനുള്ള ഉത്തരവാദിത്വം യൂത്ത് ലീഗുകാര്‍ക്കുണ്ട്. ഇവിടെ ചിലര്‍ വന്ന് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ അവരെ വിമര്‍ശിക്കും. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ പണ്ഡിത നേതാവാണ്, സമുദായ നേതാവാണ് എന്നൊക്കെയാണ് പറയുക. ആരാണ് പണ്ഡിതന്‍. വേഷം കൊണ്ടാണോ ഒരാള്‍ പണ്ഡിതനാകുന്നത്. വഖഫ് ബോര്‍ഡില്‍ മെമ്പര്‍ സ്ഥാനം നല്‍കിയാല്‍ മതി പാണക്കാട് തങ്ങളെയും തെറിപറയാം എന്നാണ് ചിലരുടെ നിലപാട്. അധികാരത്തിന്റെ പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാര്‍. പണ്ഡിതന്മാര്‍ നടപ്പിലും എടുപ്പിലും വര്‍ത്തമാനത്തിലുമൊക്കെ പാണ്ഡിത്യം കാണിക്കും', എന്നാണ് പി കെ ഫിറോസ് പറഞ്ഞത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസുകാരെ വഖഫ് ബോര്‍ഡ് അംഗങ്ങളാക്കുമെന്ന ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമസ്തയ്ക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വഖഫ് വിഷയം മുന്‍നിര്‍ത്തിയുള്ള പ്രസ്താവന സമസ്തയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉമര്‍ ഫൈസിയെ മുശാവറയില്‍ നിന്ന് പുറത്താക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് പി കെ ഫിറോസിന്റെ പ്രതികരണം.
Content Highlights- P K Firos made an indirect criticism of Umar Faizi over remarks concerning Panakkad Thangal and the appointment of a Waqf Board member