

മക്കയിലെ റോഡ് വികസന പദ്ധതികളുടെ ഭാഗമായി പുതിയ പാതകളിൽ ഗതാഗതം ആരംഭിച്ചു. തേർഡ് റിങ് റോഡ്, പ്രിൻസ് സൗദ് അൽ ഫെെസൽ റോഡ് എന്നിവയിലെ വിവിധ ഭാഗങ്ങളിലായി പുതുതായി നിർമ്മിച്ച നിരവധി പാതകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇത് യാത്രാസമയം 90 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്കാസിറ്റി ആൻഡ് ഹോളി സെെറ്റ്സ് പറഞ്ഞു.
പ്രിൻസ് മുതെെബ് ജങ്ഷൻ മുതൽ മസ്ഡിദുൾ ഹറാം ജങ്ഷൻ വരെയുള്ള പുതിയ പാതയിൽ 1.5 കിലോമീറ്റർ ദൂരം കൂടി ഗതാഗതത്തിനായി തുറന്നു. പ്രിൻസ് സുൽത്താൻ ജങ്ഷൻ വഴിയാണ് ഈ പാത കടന്നുപോകുന്നത്. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ആക്സിസിൽ നിന്ന് ആരംഭിച്ച് പ്രിൻസ് നായിഫ് ബിൻ അബ്ദുൾ അസീസ് ജങ്ഷൻ വഴി അബ്ദുൾ ഖാദിർ കുഷ്ക് സ്ട്രീറ്റിലേക്ക് എത്തുന്ന റോഡിന്റെ ശേഷിക്കുന്ന ഭാഗവും തുറന്നുകൊടുത്തു. ഇത് സമീപവാസികൾക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.
ഗതാഗതക്കുരുക്ക് കുറയ്ക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഹജ്ജ്-ഉംറ സീസണുകളിൽ താമസക്കാർക്കും സന്ദർശകർക്കും തീർത്ഥാടകർക്കും സുഗമമായ യാത്രാസൗകര്യം ഒരുക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ പാതകൾ തുറന്നുകൊടുത്തതെന്ന് അധികൃതർ പ്രതികരിച്ചു.
Content Highlights: Saudi authorities have opened new roads and additional traffic lanes in Makkah as part of infrastructure projects aimed at improving traffic flow and reducing congestion across key areas of the city.