അധികം സോപ്പിടണ്ട; ആഴ്ചയില്‍ എത്ര തവണ സോപ്പ് ഉപയോഗിച്ച് കുളിക്കാം എന്നല്ലേ?

എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കേണ്ടതുണ്ടോ?.

അധികം സോപ്പിടണ്ട; ആഴ്ചയില്‍ എത്ര തവണ സോപ്പ് ഉപയോഗിച്ച് കുളിക്കാം എന്നല്ലേ?
dot image

കുളിക്കുന്നത് ദിവസവും ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് ചൂടും ഈര്‍പ്പവും കൂടുതലുള്ള കാലാവസ്ഥയില്‍ ഒരു ദിവസം കുളിക്കാതിരിക്കുന്നത് തന്നെ പലര്‍ക്കും ബുദ്ധിമുട്ടാണ്. വിയര്‍പ്പ്, പൊടി, അഴുക്ക് എന്നിവ ശരീരത്തില്‍ നിന്ന് നീക്കാന്‍ കുളി പ്രധാനവുമാണ്. എന്നാല്‍ ദിവസവും കുളിക്കുന്നു എന്നതുകൊണ്ട് ശരീരം മുഴുവന്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ടോ? പലരും ഇക്കാര്യം ആലോചിക്കാറില്ല. കൂടുതല്‍ സോപ്പ് ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയാകും എന്ന ധാരണയും സാധാരണമാണ്.

ദിവസവും കുളിക്കാം, പക്ഷേ…

ഡെര്‍മറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തില്‍ സാധാരണയായി ദിവസത്തില്‍ ഒരിക്കല്‍ കുളിക്കുന്നത് ശുചിത്വം നിലനിര്‍ത്താന്‍ മതിയാകാം. എന്നാല്‍ എത്ര തവണ കുളിക്കണം എന്നത് എല്ലാവര്‍ക്കും ഒരുപോലെയല്ല. നമ്മുടെ ജോലി, വ്യായാമം ചെയ്യുന്നുണ്ടോ, എത്രമാത്രം വിയര്‍ക്കുന്നു, കാലാവസ്ഥ, ചര്‍മ്മത്തിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ അനുസരിച്ച് കുളിക്കുന്ന രീതിയില്‍ മാറ്റം വരുത്താം.

 bathe with soap every day

ദിവസവും ശരീരത്തില്‍ സോപ്പിടണ്ടേ?

എല്ലാ ദിവസവും ശരീരം മുഴുവന്‍ സോപ്പ് ഉപയോഗിച്ച് തേച്ചുകഴുകേണ്ടത് നിര്‍ബന്ധമല്ല. പ്രത്യേകിച്ച് അധികം വിയര്‍ക്കാത്ത ദിവസങ്ങളില്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയും ഈര്‍പ്പവും കുറയാന്‍ കാരണമാകാം. മുഖം, കക്ഷം, സ്വകാര്യ ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ശരീരത്തിലെ മറ്റ് ഭാഗങ്ങളില്‍ വിയര്‍പ്പോ അഴുക്കോ കൂടുതലുണ്ടെങ്കില്‍ ആവശ്യത്തിന് സോപ്പ് ഉപയോഗിക്കാം.

എന്തുകൊണ്ടാണ് അമിതമായി സോപ്പ് ഉപയോഗിക്കരുതെന്ന് പറയുന്നത്?

ചര്‍മ്മത്തിന് സ്വാഭാവികമായ ഒരു സംരക്ഷണ പാളിയുണ്ട്. അമിതമായി സോപ്പ് ഉപയോഗിക്കുന്നത് ഈ പാളിയിലെ എണ്ണയും ഈര്‍പ്പവും കുറയ്ക്കാം.ഇത് ചര്‍മ്മം വരണ്ടുപോകാനും വലിഞ്ഞതുപോലെ തോന്നാനും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാനും കാരണമാകാം. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read:

വിയര്‍ക്കുന്ന ദിവസങ്ങളില്‍ എന്തുചെയ്യണം?

വ്യായാമം ചെയ്ത ദിവസങ്ങളിലോ, വെയിലത്ത് ഏറെ സമയം ചെലവഴിച്ചാലോ, ശാരീരിക അധ്വാനം കൂടുതലുള്ള ജോലിയാണെങ്കിലോ ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പ് ഉണ്ടാകും.ഇത്തരം ദിവസങ്ങളില്‍ കുളിക്കുന്നത് കൂടുതല്‍ ആവശ്യമായി വരും. കക്ഷം, കാലുകള്‍, സ്വകാര്യ ഭാഗങ്ങള്‍ തുടങ്ങിയ വിയര്‍പ്പ് കൂടുതലായി അടിഞ്ഞുകൂടുന്ന ഭാഗങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം.

 bathe with soap every day

ചൂടുവെള്ളത്തില്‍ ഏറെ നേരം കുളിക്കരുത്

കുളിക്കുമ്പോള്‍ സോപ്പിന്റെ കാര്യം മാത്രമല്ല, വെള്ളത്തിന്റെ ചൂടും ശ്രദ്ധിക്കണം.വളരെ ചൂടുള്ള വെള്ളത്തില്‍ ഏറെ നേരം കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം കുറയ്ക്കുകയും വരള്‍ച്ചയും ചൊറിച്ചിലും വര്‍ധിപ്പിക്കുകയും ചെയ്യാം. അതുകൊണ്ട് ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.

കുളിക്കാന്‍ എത്ര സമയം മതി?

കുളി നീണ്ടുപോകേണ്ടതില്ല. ഏകദേശം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ മതിയെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകളുടെ പൊതുവായ നിര്‍ദേശം. കുളി കഴിഞ്ഞ് ടവല്‍ ഉപയോഗിച്ച് ശരീരം ശക്തമായി ഉരയ്ക്കുന്നതിന് പകരം പതുക്കെ തുടച്ച് വെള്ളം നീക്കം ചെയ്യുന്നതാണ് നല്ലത്. ചര്‍മ്മം വരണ്ടതാണെങ്കില്‍ കുളിക്ക് ശേഷം സുഗന്ധം കുറഞ്ഞതോ ഇല്ലാത്തതോ ആയ മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാം.

സോപ്പ് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം

സോപ്പ് വാങ്ങുമ്പോള്‍ നല്ല മണം മാത്രം നോക്കുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് സെന്‍സിറ്റീവ് അല്ലെങ്കില്‍ വരണ്ട ചര്‍മ്മമുള്ളവര്‍ mild, fragrance free cleanser പോലുള്ളവ തിരഞ്ഞെടുക്കുന്നത് സഹായകരമാണ്. സോപ്പ് ഉപയോഗിച്ചതിന് ശേഷം ചര്‍മ്മം സ്ഥിരമായി വരണ്ടുപോകുകയോ ചൊറിച്ചില്‍, ചുവപ്പ്, കുത്തുന്ന പോലുള്ള അസ്വസ്ഥത എന്നിവ ഉണ്ടാകുകയോ ചെയ്താല്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നം മാറ്റുന്നത് പരിഗണിക്കാം.

 bathe with soap every day

ശരിയായ കുളി എങ്ങനെ വേണം?

ദിവസവും കുളിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ ദിവസവും ശരീരം മുഴുവന്‍ ശക്തമായി സോപ്പ് ഉപയോഗിച്ച് തേക്കേണ്ടതില്ല എന്നതാണ് പ്രധാന കാര്യം. വിയര്‍പ്പ്, അഴുക്ക്, കാലാവസ്ഥ, ചര്‍മ്മത്തിന്റെ സ്വഭാവം എന്നിവ നോക്കി സോപ്പ് ഉപയോഗിക്കാം. കക്ഷം, സ്വകാര്യ ഭാഗങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുക. വളരെ ചൂടുള്ള വെള്ളവും നീണ്ട കുളിയും ഒഴിവാക്കുക.

Content Highlights :How many times a week should you bathe using soap? Is it necessary to use soap every day?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image